അബുദാബി: പ്രതികൂല കാലാവസ്ഥയെത്തുടര്ന്ന് യുഎഇയിലെ വിമാന സര്വീസുകളില് സമയമാറ്റം വരുത്താനോ സര്വീസുകള് വൈകാനോ സാധ്യതയുണ്ടെന്ന് ജനറല് സിവില് ഏവിയേഷന് അതോറിറ്റി (ജിസിഎഎ) മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില് അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനവും കാഴ്ചപരിധി കുറയുന്നതുമാണ് പ്രധാന കാരണം.
കാലാവസ്ഥാ മാറ്റം വിമാന സര്വീസുകളെ ബാധിക്കുന്നത് ഒഴിവാക്കാനായി നടപടികള് സ്വീകരിച്ചുവരുന്നതായി ജിസിഎഎ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് സാധാരണയായി ഉണ്ടാകാറുള്ള വെല്ലുവിളിയാണിതെന്നും വിമാനക്കമ്പനികളും എയര്പോര്ട്ട് ഓപ്പറേറ്റര്മാരും ആവശ്യമായ പ്രതിരോധ നടപടികള് നടപ്പിലാക്കുന്നുണ്ടെന്നും അധികൃതര് അറിയിച്ചു.
വിമാന സര്വീസുകളുടെ സമയത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് വിമാനക്കമ്പനികളും എയര്പോര്ട്ടുകളും അവരുടെ ഔദ്യോഗിക ചാനലുകള് വഴി യാത്രക്കാരെ വിവരങ്ങള് അറിയിക്കുന്നതായിരിക്കും. അതിനാല്, യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് എയര്ലൈനുകളുടെ സമയക്രമം തത്സമയം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് യാത്രക്കാര്ക്ക് അതോറിറ്റി നിര്ദ്ദേശം നല്കി.


