ഇതിഹാസളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചരിത്രത്തിൽ ആദ്യമായി ഒരേ ടീമിന് വേണ്ടി കളിക്കാനൊരുങ്ങുന്നു. മുൻ അർജന്റീന താരം കാർലോസ് ടെവസിന്റെ വിടവാങ്ങൽ മത്സരത്തിലായിരിക്കും ഇരുവരും ഒരേ ടീമിന് വേണ്ടി കളത്തിലിറങ്ങുക.
2026 ഡിസംബറിൽ ബ്യൂണസ് ഐറിസിലെ ബോക്ക ജൂനിയേഴ്സിന്റെ പ്രശസ്തമായ ലാ ബോംബെനേര സ്റ്റേഡിയത്തിലായിരിക്കും ഈ ചരിത്ര പോരാട്ടം നടക്കുകയെന്നാണ് റിപ്പോർട്ട്.
ടെവസ് തന്റെ കരിയർ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്ത ലാ ബോംബെനേര സ്റ്റേഡിയം ഈ വിടവാങ്ങൽ മത്സരത്തിന് വേദിയാകുമ്പോൾ ലോക ഫുട്ബോളിന്റെ മുഴുവൻ കണ്ണുകളും അർജന്റീനയുടെ മണ്ണിലേക്ക് ആയിരിക്കും.
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ട് പ്രതിഭകളായ മെസ്സിയും റൊണാൾഡോയും തങ്ങളുടെ കരിയറിലുടനീളം കടുത്ത എതിരാളികളായിട്ടാണ് പന്ത് തട്ടിയിട്ടുള്ളത്. ഇരുവരും ഒരേ ടീമിൽ കളിക്കുന്ന അപൂർവ നിമിഷത്തിന് സാക്ഷിയാവാൻ ഒരുങ്ങുകയാണ് ലോകം.


