ഇന്റർ കാശിക്കെതിരായ എവെ വിജയവും ക്ലീൻ ഷീറ്റുമൊന്നും പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡിനെ യാഥാർത്ഥ്യത്തിൽ നിന്ന് കണ്ണടച്ചുനിൽക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നില്ല.
തന്റെ ടീമിന്റെ ദൗർബല്യങ്ങളെ അദ്ദേഹം മറച്ചുവെക്കുന്നില്ല, പരിമിതികളെ പഴിക്കുന്നുമില്ല. പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഓരോ ഘട്ടവും പിന്നിടുമ്പോൾ വെസ്റ്റ്വുഡിന് കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യങ്ങളുണ്ട്.
ഗുവാഹത്തിയിലെ സരുസജായ് സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ വരാനിരിക്കുന്ന മത്സരം ബ്ലാസ്റ്റേഴ്സിനെയും വെസ്റ്റ്വുഡിനെയും സംബന്ധിച്ച് സ്വയം വിലയിരുത്താനുള്ള നിർണായക പരീക്ഷണമാണ്.
കൃത്യമായ അച്ചടക്കമുള്ള (Well-disciplined) ഘടന ആവശ്യപ്പെടുന്ന വെസ്റ്റ്വുഡിന് മുന്നിലുള്ളത്, എതിരാളികളുടെ തന്ത്രങ്ങൾക്ക് അനുസൃതമായി കളം വരയ്ക്കുന്ന ജുവാൻ പെഡ്രൊ ബെനാലിയാണ്.
മോഹൻ ബഗാനെതിരെ മലയാളി താരം ജിതിന്റെ ഏക ഗോളിൽ നോർത്ത് ഈസ്റ്റ് വിജയം പിടിച്ചെടുത്തപ്പോൾ വാഴ്ത്തപ്പെട്ടതൊക്കെയും ബെനാലിയുടെ തന്ത്രങ്ങളായിരുന്നു.
ബെനാലിയുടെ ശൈലി ബ്ലാസ്റ്റേഴ്സിന്റെ വർക്ക് റേറ്റ് വർധിപ്പിക്കുന്നതാണ്, പ്രത്യേകിച്ചും അവരുടെ വേഗത്തിലുള്ള അറ്റാക്കിങ് ശൈലിക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം കടുത്ത പരീക്ഷണങ്ങളെ നേരിടേണ്ടിവരും.
അതിനാൽത്തന്നെ വെസ്റ്റ്വുഡ് ആവശ്യപ്പെടുന്ന കൂട്ടായ പരിശ്രമം (Collective Effort) ഇവിടെ അനിവാര്യമാണ്.
ഇക്കാര്യത്തിൽ കൃത്യമായ കാരണങ്ങളുമുണ്ട്. ഇന്റർ കാശിക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളുടെ പ്രധാന വഴി ഫുൾ ബാക്കുകളുടെ ഇൻവോൾവ്മെന്റോടുകൂടിയുള്ള ഇരുവിങ്ങുകളായിരുന്നു.
ഔട്ട് ഓഫ് പൊസഷൻ ആവുകയാണെങ്കിൽ ഡിഫൻസീവ് ഷേപ്പ് വീണ്ടെടുക്കുകയെന്ന വലിയ ദൗത്യമുണ്ട്.
നോർത്ത് ഈസ്റ്റിന്റെ വേഗതയേറിയ ഷിഫ്റ്റുകളെ പ്രതിരോധിക്കണമെങ്കിൽ മിഡ്ഫീൽഡിന്റെ പിന്തുണ കൂടി ലഭിക്കേണ്ടതുണ്ട്.
സെന്റർ ബാക്കുകളായ ജെയിംസ് ബോൾട്ടണും ഡോലിംഗും ഇന്റർ കാശിക്കെതിരെ തീർത്ത പ്രതിരോധം പലപ്പോഴും പൂർണ്ണമായി വിജയിച്ചിരുന്നില്ല.
ഇന്റർ കാശിക്കെതിരെ ക്ലീൻ ഷീറ്റിന് അർഹതയുണ്ടായിരുന്നില്ല എന്ന് വെസ്റ്റ്വുഡ് തുറന്നുപറഞ്ഞതിന് പിന്നിലെ കാരണവും പ്രതിരോധത്തിലെ ഈ പോരായ്മകളായിരുന്നു.
നോർത്ത് ഈസ്റ്റിന്റെ സ്വിച്ചിങ്ങുകൾക്ക് അനുസരിച്ച് ബ്ലാസ്റ്റേഴ്സും തന്ത്രങ്ങൾ മാറ്റേണ്ടതുണ്ട്; ഫുൾ ബാക്കുകൾക്ക് പിന്തുണ കൊടുക്കാൻ വിങ്ങർമാർ സജ്ജരാകേണ്ടതുണ്ട്.
ആന്ദ്രെ ഗ്രീൻ ഇന്റർ കാശിക്കെതിരെ സെക്കൻഡ് ഹാഫിൽ പിന്നോട്ടിറങ്ങി കളിക്കാൻ തയാറായത് ഹോർമിപാമിനും ഡോലിംഗിനും ഇന്റർ കാശിയുടെ പ്രെസിങ്ങിനെ മറികടക്കാൻ ഏറെ സഹായിച്ചിരുന്നു.
എന്നാൽ വലതുവിങ്ങിൽ ഡിഫൻസീവ് പിന്തുണയുടെ അഭാവം പ്രകടമായിരുന്നു. മൻവീർ സിങ്ങും അയുഷ് ചികാരയും നടത്തിയ നീക്കങ്ങളൊക്കെയും ഈ ദൗർബല്യം മുതലെടുത്തുകൊണ്ടുള്ളതായിരുന്നു.
മത്സരഫലം നിർണയിക്കുന്നതിൽ മധ്യനിരയുടെ പങ്ക് വലുതാണ്. അഡ്രിയാൻ ലൂണ നോർത്ത് ഈസ്റ്റിനെതിരെ കളിക്കുമോയെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
ഫുൾ ഫിറ്റ്നസിലേക്ക് ലൂണ അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് വെസ്റ്റ്വുഡ് വ്യക്തമാക്കിയിരിക്കുന്നത്.
ലൂണയുടെ അഭാവത്തിൽ ഇന്റർ കാശിക്കെതിരെ കോസോവിച്ചും വിബിനും ചേർന്ന മധ്യനിര കൂടുതൽ അറ്റാക്കിങ്ങായാണ് കാണപ്പെട്ടത്, ക്രിയേറ്റീവ് ഹെഡായി തുടർന്നത് കോറു സിങ്ങായിരുന്നു.
എന്നാൽ നോർത്ത് ഈസ്റ്റിനെതിരെ കൂടുതൽ സ്റ്റേബിളായൊരു മിഡ്ഫീൽഡ് നിരയാണ് ബ്ലാസ്റ്റേഴ്സിന് ആവശ്യം.
ദീർഘകാലമായി ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയ്ക്ക് സ്ഥിരത നൽകുന്നത് ലൂണയാണ്. ലൂണയ്ക്ക് കളിക്കാനായില്ലെങ്കിൽ വെസ്റ്റ്വുഡ് ആ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നത് നിർണായകമാണ്.
നോർത്ത് ഈസ്റ്റിനെതിരെ അറ്റാക്ക് മാത്രം പോരാ, കളിയുടെ ടെമ്പോ സ്വന്തം വരുതിയിലാക്കാൻ കഴിയുന്ന താരങ്ങളുടെ സാന്നിധ്യവും അത്യന്താപേക്ഷിതമാണ്.
മുന്നേറ്റ നിരയിൽ യാൻസാനെ ആദ്യ ഇലവനിൽ ഇടംപിടിച്ചേക്കും. താരം രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിന്റെ ഡൈനാമിക്സ് തന്നെ മാറിമറിഞ്ഞത്.
യാൻസാനെയുടെ വേഗതയേറിയ റണ്ണുകളും ഏരിയൽ ബോളുകൾ നേടാനുള്ള വൈഭവവും ടീമിന് മുതൽക്കൂട്ടാകും.
കോറു സിങ് വലതുവിങ്ങിലും ഗ്രീൻ ഇടത് പാർശ്വത്തിലും യാൻസാനെ സ്ട്രൈക്കറായും അണിനിരക്കാനാണ് സാധ്യത.
എങ്കിലും സീസണുകളായി ബ്ലാസ്റ്റേഴ്സിന്റെ പ്രധാന തലവേദനയായി തുടരുന്ന ഫിനിഷിങ്ങിലെ പോരായ്മകൾ ഇവിടെയും വെല്ലുവിളിയാണ്.
ഗ്രീനും ശ്രീക്കുട്ടനും യാൻസാനെയുമെല്ലാം ലഭിച്ച അവസരങ്ങൾ പാഴാക്കുന്നത് ഇന്റർ കാശിക്കെതിരെയും പ്രകടമായിരുന്നു. പ്രത്യേകിച്ചും ഗ്രീൻ അവസരങ്ങൾ നഷ്ടപ്പെടുത്തിയിരുന്നു.
അവസാന നിമിഷം നേടിയ ഗോളാണ് ഗ്രീനിനെ വലിയ വിമർശനങ്ങളിൽ നിന്ന് രക്ഷിച്ചത് പോലും. പരിക്കിന്റെ പിടിയിൽ നിന്ന് മടങ്ങി വന്നതിന്റെ പരിമിതികളും താരത്തിനുണ്ടായിരുന്നു.
കഴിഞ്ഞ ഒരുവാരത്തോളമായി ടീം ഒരുമിച്ച് പരിശീലനം നടത്തുന്നതിന്റെ ഗുണഫലങ്ങൾ മത്സരത്തിൽ കാണാൻ സാധിച്ചേക്കും.
ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസീവ് ഡിസിപ്ലിൻ തന്നെയായിരിക്കും മത്സരത്തിലെ വിധി നിർണയിക്കുന്ന പ്രധാന ഘടകം, പ്രത്യേകിച്ചും കളിയുടെ അവസാന നിമിഷങ്ങളിൽ.
ഈ കാര്യങ്ങളിൽ മികവ് പുലർത്താൻ സാധിച്ചാൽ ഗുവാഹത്തിയിൽ നിന്ന് നിർണായകമായൊരു പോസിറ്റീവ് റിസൾട്ട് സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും.


