വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടി-20 പരമ്പരയിൽ മൂന്നാം മത്സരത്തിലും നാലാം മത്സരത്തിലും ഇന്ത്യൻ പ്ലെയിങ് ഇലവനിൽ നിന്നും സ്പിന്നർ കുൽദീപ് യാദവിനെ ഒഴിവാക്കിയതിനെതിരെ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലർക്ക്. കുൽദീപ് ഇന്ത്യൻ ടീമിന്റെ ഫസ്റ്റ് ചോയിസ് സ്പിന്നർ അല്ലെന്നത് തനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നാണ് ക്ലർക്ക് പറഞ്ഞത്.
‘കുൽദീപ് യാദവിനെ പറ്റി ഞാൻ പലതവണ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇന്ത്യൻ ടീമിന്റെ ഫസ്റ്റ് ചോയിസ് സ്പിന്നർ അല്ലെന്ന് എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. അദ്ദേഹം വിക്കറ്റുകൾ നേടാൻ കഴിവുള്ള ബൗളറാണ്. ഫോർമാറ്റ് ഏതായാലും എതിരാളികളുടെ വിക്കറ്റ് വീഴ്ത്തുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം.
ഏകദിനത്തിലും ടി-20യിലും പല ക്യാപ്റ്റന്മാരും നിയമങ്ങൾ അനുസരിച്ചാണ് കളിക്കുന്നത്. എതിരാളികളെ പുറത്താക്കാൻ ശ്രമിക്കുന്നതിന് പകരമായി അവരുടെ കളികൾക്ക് അനുസരിച്ചുകൊണ്ട് മുന്നോട്ട് പോവാനാണ് അവർ ശ്രമിക്കുന്നത്’ മൈക്കൽ ക്ലർക്ക് ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റിലൂടെ പറഞ്ഞു.
ഇന്ത്യ-വിൻഡീസ് പരമ്പരയിലെ നിർണായകമായ അവസാന പോരാട്ടം ഇന്ന് ബെംഗളൂരുവിലാണ് നടക്കുന്നത്. വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. 5 മത്സരങ്ങളടങ്ങിയ ടി-20 പരമ്പര നിലവിൽ 2-2 എന്ന നിലയിൽ സമനിലയിലാണ്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന നാലാം മത്സരത്തിൽ ഇന്ത്യയെ 24 റൺസിനാണ് വെസ്റ്റ് ഇൻഡീസ് പരാജയപ്പെടുത്തിയത്. വിൻഡീസ് ഉയർത്തിയ 248 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 19.3 ഓവറിൽ 223 റൺസെടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു.


