ചോറ് തയ്യാറാക്കുമ്പോൾ പലപ്പോഴും നേരിടുന്ന പ്രധാന പ്രശ്നമാണ് വെള്ളം കൂടിപ്പോവുകയോ ചോറ് ഒട്ടിപ്പിടിച്ച് കുഴഞ്ഞുപോവുകയോ ചെയ്യുക എന്നത്.
എന്നാൽ എത്ര ശ്രദ്ധിച്ചാലും ചിലപ്പോഴൊക്കെ ഇത് സംഭവിക്കാറുണ്ട്. അരി കഴുകുന്നത് മുതൽ വേവിച്ചെടുക്കുന്നത് വരെയുള്ള ചെറിയ കാര്യങ്ങൾ പോലും ചോറിന്റെ രുചിയെയും പാകത്തെയും വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്.
പർഫെക്റ്റായ ചോറ് പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട 5 കാര്യങ്ങൾ താഴെ പറയുന്നവയാണ്:
- അരി ആവശ്യത്തിന് കഴുകാതിരിക്കുന്നത്
അരി വേവിക്കാൻ ഇടുന്നതിന് മുൻപ് നന്നായി കഴുകേണ്ടത് വളരെ പ്രധാനമാണ്. അരിയിലെ പൊടിയും അഴുക്കും നീക്കുന്നതിനൊപ്പം അധിക അന്നജം (Starch) കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ശരിയായ രീതിയിൽ കഴുകാതെ ഉപയോഗിച്ചാൽ അരി വേവുമ്പോൾ കൂടുതൽ ഒട്ടിപ്പിടിക്കാൻ സാധ്യതയുണ്ട്. വൃത്തിയുള്ള വെള്ളത്തിൽ മൂന്നോ നാലോ തവണ സാവധാനം അരി കഴുകിയെടുകാം.
എന്നാൽ പോഷകങ്ങൾ നഷ്ടപ്പെടാതിരിക്കാൻ അരി അമിതമായി തിരുമ്മി കഴുകുന്നത് ഒഴിവാക്കണം.
- വെള്ളത്തിന്റെ അളവ് ശ്രദ്ധിക്കാതിരിക്കുന്നത്
ചോറ് കൃത്യമായി വേവുന്നതിൽ അരിയുടെയും വെള്ളത്തിന്റെയും അനുപാതം നിർണായകമാണ്. വെള്ളം അധികമായാൽ ചോറ് കുഴഞ്ഞുപോകാനും, കുറവായാൽ അരി പൂർണമായി വേവാതിരിക്കാനും ഇടയാകും.
ഉപയോഗിക്കുന്ന അരിയുടെ ഇനം അനുസരിച്ച് വെള്ളത്തിന്റെ അളവിലും മാറ്റം വരും. മട്ട അരി, ബസ്മതി അരി, പുഴുക്കലരി എന്നിവയ്ക്ക് ആവശ്യമായ വെള്ളത്തിന്റെ അളവ് വ്യത്യസ്തമായിരിക്കും.
കൂടാതെ അരിയുടെ പഴക്കം, കുതിർക്കുന്ന സമയം, പാചകരീതി എന്നിവയും വെള്ളത്തിന്റെ അളവിനെ സ്വാധീനിക്കുന്നു.
- അരി കുതിർക്കേണ്ടപ്പോൾ കുതിർക്കാതിരിക്കുന്നത്
ചിലയിനം അരികൾ പാകം ചെയ്യുന്നതിന് മുൻപ് കുതിർക്കുന്നത് വേവിക്കുന്നത് എളുപ്പമാക്കും. പ്രത്യേകിച്ച് മട്ട അരി പോലുള്ള കട്ടിയുള്ള അരികൾ കുതിർക്കുന്നത് വേവാനുള്ള സമയം കുറയ്ക്കാൻ സഹായിക്കും. എന്നാൽ എല്ലാ അരികളും ഒരേ സമയം കുതിർക്കണമെന്നില്ല.
അരി കുതിർക്കാതെ നേരിട്ട് വേവിക്കുമ്പോൾ ചില ഇനങ്ങളുടെ പുറംഭാഗം വെന്തിട്ടും ഉള്ളിൽ കട്ടിയുള്ളതായി തുടരാം. അതേസമയം, ബസ്മതി പോലുള്ള അരികൾ പാകത്തിന് കുതിർക്കുന്നത് ചോറ് ഓരോ അരിമണിയും വേർതിരിഞ്ഞ് കിട്ടാൻ സഹായിക്കും.
- ചോറ് വേവിക്കുമ്പോൾ ഇടയ്ക്കിടെ ഇളക്കുന്നത്
ചോറ് വേവിക്കുന്നതിനിടെ ഇടയ്ക്കിടെ ഇളക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഈ ശീലം അരി ഒട്ടിപ്പിടിക്കാനും അരിമണികൾ പൊട്ടിപ്പോകാനും കാരണമാകും. പ്രത്യേകിച്ച് അധികം വെള്ളത്തിൽ വേവിക്കുന്ന രീതിയിൽ പാകം ചെയ്യുമ്പോൾ നിരന്തരം ഇളക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
അതുപോലെ, വെള്ളം വറ്റിച്ചോ കുറഞ്ഞ വെള്ളത്തിൽ വേവിച്ചോ ചോറ് തയ്യാറാക്കുമ്പോൾ ഇടയ്ക്കിടെ മൂടി തുറക്കുന്നതും പാചകത്തെ ബാധിക്കും. മൂടി തുറക്കുമ്പോൾ നീരാവി പുറത്തുപോകുന്നത് വേവാനുള്ള സമയം കൂട്ടും.
- വേവിച്ച ഉടൻ ചോറ് വിളമ്പുന്നത്
ചോറ് വെന്ത ഉടൻ വിളമ്പുന്നതിൽ തെറ്റില്ലെങ്കിലും, കുറഞ്ഞ വെള്ളത്തിൽ വേവിക്കുന്ന ചോറ് പാകമായ ശേഷം കുറച്ചുനേരം അടച്ചുവെക്കുന്നത് മികച്ച ഫലം നൽകും.
ഇങ്ങനെ വെക്കുമ്പോൾ ശേഷിക്കുന്ന നീരാവി അരിമണികളിൽ ഒരുപോലെ വ്യാപിക്കുകയും അധിക ഈർപ്പം ക്രമീകരിക്കപ്പെടുകയും ചെയ്യും. എന്നാൽ വേവിച്ചയുടൻ ശക്തമായി ഇളക്കിയാൽ അരിമണികൾ പൊട്ടാൻ സാധ്യതയുണ്ട്.
ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി മുതൽ ഒട്ടിപ്പിടിക്കാത്ത, പാകത്തിലുള്ള സ്വാദിഷ്ടമായ ചോറ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം.


