ഹോങ്കോംഗ്:വരാനിരിക്കുന്ന ഹോങ്കോംഗ് സിക്സസ് ടൂർണമെന്റിൽ (Hong Kong Sixes 2026) ഇന്ത്യയെ ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യ നയിക്കും.
ന്യൂസിലൻഡ് പര്യടനത്തിനുള്ള ദേശീയ ടീമിലേക്ക് പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിനെ തിരിച്ചുവിളിച്ചതിനെത്തുടർന്നാണ് ക്യാപ്റ്റൻ സ്ഥാനത്ത് മാറ്റമുണ്ടായിരിക്കുന്നത്.
ഭുവനേശ്വറിന് പകരമായി കുൽവന്ത് ഖെജ്രോളിയ ഇന്ത്യൻ സ്ക്വാഡിൽ ഇടംനേടിയിട്ടുണ്ട്.
ഒക്ടോബർ 30 മുതൽ നവംബർ 1 വരെയാണ് ഹോങ്കോംഗ് സിക്സസ് ടൂർണമെന്റ് നടക്കുന്നത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭുവനേശ്വർ കുമാർ ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നത്.
ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ടീം ന്യൂസിലൻഡിനെതിരെ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കായി തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ഭുവനേശ്വറിന് പ്രധാന ടീമിലേക്ക് വിളി വന്നത്.
ഹൈദരാബാദിൽ അർഷ്ദീപ് സിംഗിന് പരിക്കേറ്റതിനെത്തുടർന്ന് വെസ്റ്റ് ഇൻഡീസിനെതിരായ അവസാന മത്സരത്തിലും അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
ദേശീയ ടീമിലേക്കുള്ള ഭുവനേശ്വറിന്റെ തിരിച്ചുവരവ് സുപ്രധാന നാഴികക്കല്ലാണെന്ന് ചൈനയിലെ ക്രിക്കറ്റ് ഹോങ്കോംഗ് കൊമേഴ്സ്യൽ ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ അനുരാഗ് ഭട്നാഗർ പ്രതികരിച്ചു.
ടൂർണമെന്റിൽ അദ്ദേഹത്തിന്റെ സാന്നിധ്യം നഷ്ടമാവുന്നത് നിരാശ നൽകുന്നുണ്ടെങ്കിലും, പുതിയ പര്യടനത്തിന് ഇറങ്ങുന്ന താരത്തിന് അദ്ദേഹം ആശംസകൾ നേർന്നു.
ഭാവിയിലെ ടൂർണമെന്റുകളിൽ ഭുവനേശ്വറിനെ ആതിഥേയത്വം വഹിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സ്ക്വാഡ്:
വേഗതയേറിയ സിക്സ്-എ-സൈഡ് ഫോർമാറ്റിന് അനുയോജ്യമായ രീതിയിൽ ബാറ്റിംഗ് ഡെപ്ത്തും ഓൾറൗണ്ട് മികവും ഒത്തിണങ്ങിയ ശക്തമായ 7 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
ക്രുണാൽ പാണ്ഡ്യ (ക്പ്റ്റൻ), ശശാങ്ക് സിംഗ്, രാഹുൽ തെവാട്ടിയ, നിതീഷ് റാണ, രാഹുൽ ത്രിപാഠി, ടി. നടരാജൻ, കുൽവന്ത് ഖെജ്രോളിയ എന്നിവരടങ്ങുന്നതാണ് പുതുക്കിയ അന്തിമ സ്ക്വാഡ്.
ഐപിഎല്ലിൽ ഉൾപ്പെടെ മികച്ച പരിചയസമ്പത്തുള്ള താരങ്ങളുടെ കൂട്ടായ്മ ടൂർണമെന്റിൽ ഇന്ത്യക്ക് വലിയ മുൻതൂക്കം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


