തന്റെ ക്രിക്കറ്റ് കരിയറിന്റെ തുടക്കകാലത്തെ വെല്ലുവിളികളെക്കുറിച്ചും വൈകിയ അരങ്ങേറ്റത്തെക്കുറിച്ചും മനസ്സ് തുറന്ന് ഇന്ത്യൻ സ്റ്റാർ ബാറ്ററും ടി20 ക്യാപ്റ്റനുമായ സൂര്യകുമാർ യാദവ്.
30-ാം വയസ്സിൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുൻപുള്ള കഠിനമായ കാത്തിരിപ്പിനെക്കുറിച്ചും, ആ നാളുകളിൽ കുടുംബത്തിൽ നിന്ന് നേരിടേണ്ടിവന്ന ചോദ്യങ്ങളെക്കുറിച്ചും മാഷബിൾ മിഡിൽ ഈസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്.
അണ്ടർ-19 കാലഘട്ടത്തിൽ തന്നോടൊപ്പം കളിച്ച പലരും ഇതിനകം രാജ്യത്തിനായി അരങ്ങേറ്റം കുറിച്ചിട്ടും തനിക്ക് അവസരം ലഭിക്കാത്തത് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്ന് സൂര്യകുമാർ ഓർക്കുന്നു.
“2017-18 കാലഘട്ടത്തിൽ എനിക്ക് 27-28 വയസ്സായിരുന്നു പ്രായം. പത്ത് വർഷത്തിലേറെയായി ക്രിക്കറ്റ് കളിക്കുന്നു, ഇനി ഇന്ത്യക്കായി കളിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ കടുത്ത സംശയമുണ്ടായിരുന്നു,” അദ്ദേഹം വ്യക്തമാക്കി.
ഈ ഘട്ടത്തിലാണ് വീട്ടിൽ നിന്ന് കടുത്ത ചോദ്യങ്ങൾ ഉയർന്നത്. 2016-ൽ വിവാഹിതനായതിന് ശേഷമുള്ള വർഷങ്ങൾ കരിയറിനെ സംബന്ധിച്ച് നിർണായകമായിരുന്നു.
ഐപിഎല്ലിൽ കളിക്കുന്നുണ്ടെങ്കിലും അടുത്ത ലക്ഷ്യം എന്താണെന്നും, ഒപ്പമുള്ളവരെല്ലാം ഇന്ത്യൻ ടീമിലെത്തുമ്പോൾ താൻ എന്താണ് വ്യത്യസ്തമായി ചെയ്യുന്നതെന്നുമുള്ള ചോദ്യങ്ങൾ ഭാര്യയും കുടുംബവും ചോദിച്ചുതുടങ്ങി
ഒപ്പം കളിച്ചവർ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോൾ ടീമിലെത്താൻ ഇനിയും എന്താണ് വേണ്ടതെന്ന ചിന്ത തന്നെ മാറ്റിമറിച്ചതായി സൂര്യ പറയുന്നു.
എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ കുടുംബത്തിന്റെ പിന്തുണ വലുതായിരുന്നു. 28-ാം വയസ്സിൽ ക്രിക്കറ്റിൽ ഭാവിയില്ലെങ്കിൽ അടുത്തത് എന്ത് എന്ന ചോദ്യത്തിന്, വിഷമിക്കേണ്ടതില്ലെന്നും ബിസിനസോ മറ്റോ ചെയ്യാമെന്നുമാണ് പിതാവ് ആശ്വസിപ്പിച്ചത്.
കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ നടന്നില്ലെങ്കിലും കളി നിർത്തരുതെന്നും പിതാവ് ഉപദേശിച്ചു.
തുടർന്നാണ് കഠിനാധ്വാനത്തിന്റെ പാത സൂര്യകുമാർ തിരഞ്ഞെടുക്കുന്നത്. വെള്ളിഴാച രാത്രികളിലെ വിനോദങ്ങളും പാർട്ടികളും പൂർണ്ണമായി ഒഴിവാക്കി പരിശീലനത്തിന് മാത്രമായി അദ്ദേഹം സമയം നീക്കിവെച്ചു.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി മികച്ച പ്രകടനം പുറത്തെടുക്കാൻ തുടങ്ങിയതാണ് വഴിത്തിരിവായത്. 2014-ൽ കെകെആറിലൂടെ ശ്രദ്ധിക്കപ്പെട്ട താരം, പിന്നീട് മുംബൈ ഇന്ത്യൻസിലെത്തി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു.
2018-ൽ 512 റൺസും, 2019-ൽ 400-ലധികം റൺസും, 2020-ൽ 480 റൺസും അടിച്ചുകൂട്ടി താരം തന്റെ ഫോം തെളിയിച്ചു. ഒടുവിൽ 2021-ൽ 30-ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്ക് ആദ്യ വിളിെത്തുകയും മൂന്ന് ഫോർമാറ്റുകളിലും അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയെയും വിമർശനങ്ങളെയും നേരിടുന്നതിനെക്കുറിച്ചും സൂര്യകുമാർ തുറന്നുപറഞ്ഞു. സോഷ്യൽ മീഡിയ പൂർണ്ണമായും ഒഴിവാക്കുന്നുവെന്ന ചില താരങ്ങളുടെ അവകാശവാദം ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇന്നത്തെക്കാലത്ത് സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കുക അസാധ്യമാണ്.
നന്നായി കളിക്കുമ്പോൾ ആളുകൾ എന്താണ് പറയുന്നതെന്ന് അറിയാൻ കൗതുകമുണ്ടാകും, മോശം ഫോമിലാണെങ്കിലും ആരാണ് മോശമായി സംസാരിക്കുന്നതെന്ന് അറിയാൻ തോന്നും. ഇതിൽ നിന്നൊക്കെ ഒളിച്ചോടാൻ കഴിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ടീമിലെത്തിയ സൂര്യകുമാർ യാദവ് പിന്നീട് ടീമിന്റെ വിശ്വസ്തനായ മാച്ച് വിന്നറായി മാറുകയും, ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് നേടി കൊടുത്ത നായകനായി മാറുകയും ചെയ്തു.


