ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഭാവിയിൽ മാനേജരാകാൻ സാധ്യതയുണ്ടെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡാനി സിംപ്സൺ. ഒരു പരിശീലകൻ ആവാനുള്ള എല്ലാം ഗുണങ്ങളും റൊണാൾഡോയ്ക്ക് ഉണ്ടെന്നാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അഭിപ്രായപ്പെട്ടത്.
‘അത് അങ്ങനെയായിരിക്കാം. അൽ നസറിൽ റൊണാൾഡോയ്ക്ക് ഓഹരികൾ ഉണ്ടെന്ന് എനിക്കറിയാം. അദ്ദേഹം ഒരു മാനേജർ ആകുന്നത് രസകരമായിരിക്കും. അദ്ദേഹത്തിന്റെ സംസാര രീതിയും സ്വഭാവവും നിലവാരവും അദ്ദേഹം മറ്റുള്ളവരിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളും നോക്കുമ്പോൾ ഒരു മികച്ച മാനേജർ ആകാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്ന് ഞാൻ കരുതുന്നു. പ്രത്യേകിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ സമയത്ത് അദ്ദേഹത്തിന് കളിയെക്കുറിച്ച് നല്ല അറിവുണ്ടെന്ന് തോന്നിയിരുന്നു.

അദ്ദേഹം മാനേജർ ആവുന്നത് കാണാൻ താല്പര്യം ഉണ്ട്. എന്നാൽ ഒരു ക്ലബ്ബിന്റെ ഉടമസ്ഥനായി മാറി ഫുട്ബോൾ കളിക്കുന്നത് നിർത്താൻ അദ്ദേഹം തയ്യാറാകുമോ എന്ന് എനിക്കറിയില്ല. 16 വയസ്സ് മുതൽ എല്ലാ ദിവസവും അദ്ദേഹം ഫുട്ബോൾ കളിക്കുന്നുണ്ട്. അങ്ങനെ ഒരാൾ ഫുട്ബോൾ നിർത്തുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ല. അദ്ദേഹത്തെ കളിയിൽ നിന്നും മാറ്റിനിർത്താൻ ഞങ്ങൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. മറ്റുള്ളവരെക്കാൾ പത്ത് വർഷം കൂടുതൽ അദ്ദേഹം ഫുട്ബോൾ കളിച്ചിട്ടുണ്ട്’ ഡാനി സിംപ്സൺ ഗോൾ ടുഡെക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


