ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം കടുപ്പിക്കാൻ ഇന്ത്യാ സഖ്യം. പ്രതിപക്ഷ പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായി മമത ബാനര്‍ജി പങ്കെടുക്കും.
ഇന്നലെ നടന്ന പ്രതിഷേധത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തതിന് പിന്നാലെ ഇൻഡ്യ സഖ്യം ഇന്ന് കൂടുതൽ ശക്തമായ പ്രതിഷേധം ആസൂത്രണം ചെയ്തിട്ടുണ്ട്.
ബുധനാഴ്ച, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഒരുക്കിയ ഉച്ചവിരുന്നിന് ശേഷമാണ് ഒന്നിച്ച് മുന്നോട്ട് പോകാൻ പ്രതിപക്ഷ പാര്‍ട്ടികൾ തീരുമാനിച്ചത്.
അതേസമയം ഇന്നലെ രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ എംപിമാർക്കുമെതിരായ പൊലീസ് അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചാരിക്കുകയാണ്. പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ വിവിധയിടങ്ങളിൽ നിന്ന് കൂടുതൽ സേന ഡൽഹിയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.


