നിരവധി പാവപ്പെട്ട മനുഷ്യരുടെ ഹൃദയ നോവായിരുന്ന കെ റെയില്‍ മഞ്ഞക്കുറ്റികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചവറ്റുകൊട്ടയിലേക്ക് എടുത്തെറിഞ്ഞിരിക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്കോ, പാരിസ്ഥിതിക സവിശേഷതകള്‍ക്കോ ഒട്ടും അനുയോജ്യമല്ലാത്ത സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കാനും സില്‍വര്‍ലൈനുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ അതിന്റെ സ്വഭാവമനുസരിച്ച് പിന്‍വലിക്കാനുള്ള ശുപാര്‍ശ കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കാനും തീരുമാനിച്ചതായും പദ്ധതിയുടെ സ്ഥലമേറ്റെടുത്തുകൊണ്ട് സ്ഥാപിച്ചമഞ്ഞക്കുറ്റികള്‍ നീക്കംചെയ്യുന്നതിന് റവന്യു വകുപ്പിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. സില്‍വര്‍ ലൈനിന് വേണ്ടി മഞ്ഞക്കുറ്റി കുഴിച്ചിട്ട സ്ഥലങ്ങളിലുള്ള ആളുകള്‍ക്ക് സ്ഥലം വില്‍ക്കാനോ പണയ പ്പെടുത്താനോ പറ്റാത്ത പ്രതിസന്ധി വര്‍ഷങ്ങളായി നിലനില്‍ക്കുകയായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ഉണ്ടാകുമോ എന്ന ആശങ്കയായിരുന്നു ജനങ്ങള്‍ക്ക്. പദ്ധതി ഉപേക്ഷിച്ച മട്ടായിട്ടും വിജ്ഞാപനം റദ്ദാക്കിയിരുന്നില്ല. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുമതി ലഭിച്ചാല്‍ പദ്ധതിയുമായി മുമ്പോട്ട് പോകാം എന്ന തീരുമാനത്തിലായിരുന്നു കഴിഞ്ഞ പിണറായി മന്ത്രിസഭ. ഇതാണ് ഇപ്പോള്‍ വി.ഡി സതീശന്‍ മന്ത്രിസഭ റദ്ദാക്കിയിരിക്കുന്നത്.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ, പദ്ധതി പ്രദേശങ്ങളിലെ ജനങ്ങളുടെ മാത്രമല്ല, കേരളത്തിന്റെയാകെ എതിര്‍പ്പുയര്‍ന്നിട്ടും അതില്‍നിന്നൊരിഞ്ച് പിറകോട്ടുപോകാന്‍ ഇടതു സര്‍ക്കാര്‍ തയാറായിരുന്നില്ല. രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്തു നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പദ്ധതി വലിയ ചര്‍ച്ചാവിഷയമാവുകയും സര്‍ക്കാറിന് അത് തിരിച്ചടിയാവുകയും ചെയ്തിട്ടും കെ റെയില്‍ വരും കെട്ടോ എന്നതുതന്നെയായിരുന്നു സര്‍ക്കാറിന്റെ നിലപാട്.
സമരങ്ങളെ അനുഭാവ പൂര്‍വം കൈകാര്യംചെയ്യുകയോ സമരക്കാരെ വിശ്വാസത്തിലെടുക്കുകയോ ചെയ്യുന്നതിന് പകരം ധിക്കാരവും ധാര്‍ഷ്ട്യവും മുഖമുദ്രയാക്കി അടിച്ചമര്‍ത്തല്‍ സമീപനമായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. പദ്ധതി നടപ്പിലാക്കിയേ അടങ്ങൂ എന്ന വാശിയുമായി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുതന്നെ ഡിപിആര്‍ തയ്യാറാക്കല്‍ ഉള്‍പ്പെടെ നടപടികളുമായി മുന്നോട്ടുപോയി. ഇതിന്റെ ഭാഗമായി പഠനങ്ങള്‍ നടന്നു. 63,000 കോടി ചെലവില്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്നായിരുന്നു സര്‍ക്കാര്‍ വാദം. ചെലവിന്റെ 80% ജപ്പാന്‍ ഇന്റര്‍ നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയില്‍(ജൈക)നിന്ന് വായ്പയായും ബാക്കി തുക കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിഹിതമായും പദ്ധതിയിലേക്കെത്തുമെന്നായിരുന്നു ധാരണ. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്തു തന്നെ കേന്ദ്രസര്‍ക്കാരിന് ഡി.പി.ആര്‍ സമര്‍പ്പിക്കപ്പെട്ടു. രണ്ടാം പിണറായി സര്‍ക്കാരാണ് സില്‍വര്‍ ലൈനിനു വേണ്ടി അതിശക്തമായി രംഗത്തിറങ്ങിയത്.
ഡി.പി.ആറിലെ വിവരങ്ങള്‍ അപൂര്‍ണമാണെന്നും പദ്ധതി കേരളത്തിലെ സാഹചര്യത്തിന് യോജിച്ചതല്ലെന്നും പ്രതിപക്ഷം ഈ ഘട്ടത്തില്‍ തന്നെ നിലപാടെടുത്തിരുന്നു. കേരളത്തെ മതില്‍കെട്ടി വിഭജിക്കുമെന്നും 20,000ത്തിലധികം കുടുംബങ്ങള്‍ വഴിയാധാരമാവുമെന്നും ആരോപിക്കപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആശങ്കകളും ഉയര്‍ന്നു. പദ്ധതി സംസ്ഥാനത്തിന്റെ കടബാധ്യത വര്‍ധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പു നല്‍കി. യാത്രാനിരക്ക് സാധാരണക്കാര്‍ക്ക് പ്രാപ്യമാവുന്നതാണോ എന്ന സംശയവും ഉയര്‍ന്നിരുന്നു. ഇതിനൊപ്പം തന്നെ സംസ്ഥാനത്ത് സമരപരമ്പരകളും അരങ്ങേറി. കോഴിക്കോട്ട് കാട്ടിലപ്പീടികയിലും കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ സമരങ്ങളും കേരളമാകെ ചര്‍ച്ചയായി. ഇതിനിടയിലും പദ്ധതിയുമായി മുന്നോട്ടെന്ന് സര്‍ക്കാര്‍ പലതവണ ആവര്‍ത്തിച്ചു പറഞ്ഞു. അപാകതകളുള്ള, അപൂര്‍ണമായ ഡി.പി.ആറുമായി ഭൂമിയെടുപ്പിന് സര്‍വേക്കായി കല്ലുകള്‍ സ്ഥാപിച്ചത് മറ്റൊരു സമര പരമ്പരയ്ക്ക് തുടക്കം കുറിച്ചു. സ്വകാര്യസ്ഥലങ്ങളില്‍ കല്ലുകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ജനരോഷമുയര്‍ന്നു. അടുക്കളപ്പുറത്ത് മഞ്ഞക്കുറ്റി സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരേ സമരക്കാര്‍ പ്രതിരോധമുയര്‍ത്തി. എന്നാല്‍ ഇതൊന്നും പിണറായി സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല, സമരക്കാരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയായിരുന്നു.
എന്തുവിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്ന സര്‍ക്കാറിന്റെ കടുംപിടുത്തത്തിന് പിന്നില്‍ സംസ്ഥാനത്തിന്റെ വികസനമോ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമോ എന്നതൊന്നുമല്ലെന്ന് അന്നുതന്നെ വ്യക്തമായിരുന്നു. പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള സി.പി.എമ്മിന്റെ വിശദീകരണങ്ങള്‍ വെറും കോമാളിത്തരമായാണ് സംസ്ഥാനം ദര്‍ശിച്ചത്. സര്‍ക്കാറിന്റെ പിടിവാശിയും പത്തുവര്‍ഷക്കാലം അധികാരത്തിലിരുന്നിട്ടും ഒരു വന്‍കിട പദ്ധതിപോലും സംസ്ഥാനത്ത് നടപ്പാക്കാന്‍ കഴിയാത്തതിന്റെ ജാള്യത മറച്ചുപിടിക്കുകയെന്നതുമായിരുന്നു ഇതിനുപിന്നില്‍ സുവ്യക്തമായിരുന്നു. കേരളത്തിന് വേഗതയേറിയതും ആധുനികവുമായ ഗതാഗത സൗകര്യങ്ങള്‍ തീര്‍ച്ചയായും വേണം. എന്നാല്‍, ഇത്രയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ള ഒരു സംസ്ഥാനത്തിന് ഈ പ്രത്യേക കെറെയില്‍ മാതൃകയാണോ അനുയോജ്യം എന്നതായിരുന്നു യഥാര്‍ത്ഥ ചോദ്യം. ആ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ഈ ബഹളങ്ങള്‍ക്കിടിയിലും സര്‍ക്കാറിന് സാധിച്ചിരുന്നില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക സാഹചര്യങ്ങള്‍ക്കനുഗുണമായ ബദല്‍ സംവിധാനത്തെക്കുറിച്ചുള്ള ആലോചനകളും ഈ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ടെന്ന് ശ്രദ്ധേയമാണ്.


