വീണതു വിദ്യയാക്കുന്നവര്
സത്യം ചെരിപ്പിടുമ്പോഴേക്കും കള്ളം ലോകം ചുറ്റും എന്നൊരു ചൊല്ലുണ്ട്. ഇത് ശരിവെക്കുന്നതാണ് മുന്‍ ആരോഗ്യ മന്ത്രിയുടെ പെടലി ഉളുക്ക് രഹസ്യം പൊളിഞ്ഞ വാര്‍ത്ത. 2026 ഫെബ്രുവരി 25ന് വന്ദേഭാരത് ട്രെയിനില്‍ കയറാനായി റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ നാലു കെഎസയു് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് പെടലിക്ക് ഗുരുതര പരിക്കേറ്റ് മന്ത്രി തീവ്ര പരിചരണ യൂണിറ്റില്‍ പ്രവേശിച്ച് ലോകത്തെ അമ്പരപ്പിച്ചത് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എല്‍.ഡി.എഫ് ഭരണത്തില്‍ ആരോഗ്യ മന്ത്രിയാവാന്‍ പി.ആര് വര്‍ക്ക് മാത്രം പോര അല്പം അഭിനയവും വേണമെന്ന് മുന്‍ മന്ത്രിമാര്‍ പലവുരു തെളിയിച്ചതായിരുന്നു. എന്നാല്‍ മുദ്രാവാക്യം വിളികൊണ്ട് പിടലിക്ക് പരിക്കേറ്റ സംഭവം ഓസ്കര് പുരസ്കാര പാനലിനെ പോലും അമ്പരപ്പിക്കുന്നതാണെന്ന് അന്നേ അഭിപ്രായം ഉയര്‍ന്നിരുന്നു. കേരള രാഷ്ട്രീയത്തില്‍ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും നേരിട്ട് രാഷ്ട്രീയത്തിലേക്ക് വന്ന് മന്ത്രിപദവിയിലെത്തിയ അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് വീണാ ജോര്‍ജ്. അതുകൊണ്ടുതന്നെ, പൊതുജനമധ്യത്തിലും മാധ്യമങ്ങളിലും അവര്‍ പുലര്‍ത്തേണ്ടിയിരുന്ന സുതാര്യതയും വിശ്വാസ്യതയും വളരെ വലുതായിരുന്നു.
എന്നാല്‍ തരിമ്പ് പോലും വിശ്വാസ്യതയില്ലാത്ത പ്രവര്‍ത്തിയായിരുന്നു വിദ്യാര്‍ത്ഥികളെ പ്രതികളാക്കിക്കൊണ്ടുള്ള കണ്ണൂര്‍ നാടകം. രാഷ്ട്രീയ പോരാട്ടങ്ങളില്‍ ഇരവാദം ഉന്നയിച്ച് ജനകീയ സഹതാപം നേടിയെടുക്കാന്‍ ശ്രമിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. സഖാക്കളുടെ വിദ്യാര്‍ത്ഥി രൂപം ഇത് കാമ്പസുകളില്‍ സ്ഥിരമായി പയറ്റി തെളിയിച്ച കലാരൂപമാണ്. എങ്കിലും സത്യസന്ധതയില്ലാത്ത ആരോപണങ്ങള്‍ ഭൂമറാങാകുമെന്നും തിരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെടുമെന്നും മന്ത്രി പോലും കരുതിയിട്ടുണ്ടാവില്ല. ഒരു കരിങ്കൊടി പ്രതിഷേധത്തിനിടയില്‍ അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവമാണ് അന്വേഷണ സംഘത്തിനും പൊതുസമൂഹത്തിനും മുന്നില്‍ ഇപ്പോള്‍ തലതിരിഞ്ഞുനില്ക്കുന്നത്. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ജയിലിലാക്കിയത്. കാലം മാറി കഥ മാറി. പൊലീസുകാര്‍ ഭീഷണി രാജില്‍ നിന്നും പുറത്ത് കടന്നു. മര്യാദക്ക് അന്വേഷണം നടത്തിയപ്പോള്‍ അന്നത്തെ കണ്ടെത്തലുകള്‍ അത്രയും അടിമുടി വ്യാജമായിരുന്നുവെന്ന് വ്യക്തം. ഓപറേഷന് വിജയം, രോഗി മരിച്ചു എന്നു പറഞ്ഞ പോലെയാണിപ്പോള്‍ അവസ്ഥ. അഭിനയമൊക്കെ കലക്കി പക്ഷേ സംഗതി ദയനീയമായി പൊളിഞ്ഞു. വധശ്രമ ആരോപണങ്ങളും ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണ കെട്ടുകഥകളുമാണ് ഇപ്പോള്‍ ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീഴുന്നത്. ഭരണ സ്വാധീനം ഉപയോഗിച്ച് തെറ്റായ എഫ്.ഐ.ആര് തയ്യാറാക്കിയെന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ് ഓരോ ദിവസവും പുറത്ത് വരുന്ന തെളിവുകള്‍ ആയുധങ്ങള്‍ പ്രതിഷേധക്കാര്‍ ഉപയോഗിച്ചില്ലെന്നും വധശ്രമത്തിന് ആരും ആഹ്വാനം ചെയ്തിട്ടില്ലെന്നുമാണ് മുന്‍മന്ത്രിയുടെ ഗണ്‍മാന്റെ മൊഴി. ഇതിലേറെ രസം സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന വനിതാ എസ്ഐയുടെ മൊഴി പോലും വ്യാജമായി ഉണ്ടാക്കി എന്നതാണ്. ഇകാര്യം അവര്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. താന്‍ നല്‍കാത്ത മൊഴികള്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്നാണ് അവര്‍ വെളിപ്പെടുത്തിയത്. വെറുമൊരു പ്രതിഷേധത്തെ അതിഭാവുകത്വം നല്കി സിനിമാ തിരക്ക ഥയെ വെല്ലുന്ന രീതിയില്‍ അന്നത്തെ സ്പീക്കറുള്പ്പെടെയുള്ളവര് ചേര്‍ന്ന് നടത്തിയ നാടകമാണ് ഇപ്പോള്‍ പൊട്ടി പൊളിഞ്ഞ് പാളീസാകുന്നത്. സ്വന്തം ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വ്യാജ മൊഴികള്‍ നല്കാന് പ്രേരിപ്പിച്ചു എന്ന ആരോപണം ചുമ്മാതെ തള്ളിവിടരുത്. ഇത് ജനപ്രതിനിധികള്‍ക്ക് നാണക്കേട് മാത്രമല്ല, അവരോടുള്ള വിശ്വാസ്യതയുടെ കൂടി വിഷയമാണ്. അനാവശ്യമായി വിദ്യാര്‍ത്ഥികളെ ജയിലിലടച്ച കേസില്‍ മുന്‍ മന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയാണ് വേണ്ട ?.
ആരോഗ്യമന്ത്രി എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമായിരുന്ന വീണ ജോര്‍ജിന് നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി വെറുതെ സംഭവിച്ചതല്ല. ജനം അറിഞ്ഞ് തോല്പിച്ചതാണ്. രണ്ടു തവണ ജയിച്ചുവെന്നത് അഹങ്കാരത്തിന്റെ അടയാളമായി കണ്ടുവെങ്കില്‍ തിരികെ പരാജയത്തിന്റെ കയ്പു രസം നല്‍കാനും ജനത്തിനറിയാം. ഏതാണ്ട് കണ്ണൂര്‍ നാടകം പൊളിഞ്ഞ് ഒരു വഴിക്കായ സമയത്താണ് നിലവിലെ ആരോഗ്യ മന്ത്രിക്കെതിരെ മരുന്നു പരീക്ഷണമെന്ന എവിടെയോ തേഞ്ഞൊട്ടിയ ആരോപണവുമായി മുന്ന് മുന്‍ മന്ത്രിമാരെ അമ്മമാരെന്ന ലേബലുമൊട്ടിച്ച് സി.പി.എം വാര്‍ത്താ സമ്മേളനത്തിന് വിട്ടത്. എസ്.എം.എ രോഗികള്‍ക്ക് കുറഞ്ഞ വിലക്ക് ജനറിക് മരുന്നുകള്‍ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തെ അട്ടിമറിക്കാനായി മരുന്നു ലോബികളായ കുത്തകകളെ വെളുപ്പിക്കാന്‍ ഇറങ്ങിയതായിരുന്നു മുന്‍ മന്ത്രിമാര്‍.
പക്ഷേ എന്തു ചെയ്യാം തൊട്ടതെല്ലാം പിഴച്ച മൂന്നു പേര് വരിക്ക് നിന്നത് ഫോട്ടോ എടുത്ത് ക്യാപ്സൂള്‍ നിര്‍മാതാക്കള്‍ക്ക് പോസ്റ്റിടാനായത് മാത്രം മിച്ചം. ഇടത് സഹയാത്രികരായ ഡോക്ടര്‍മാര്‍ വരെ വാദം തള്ളി. ജനം സത്യം തിരിച്ചറിഞ്ഞതോടെ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണിപ്പോള്‍ സി.പി.എം. ജനറിക് മരുന്ന് വിതരണം ചെയ്യുന്ന നാറ്റ്കോ ഫാര്‍മയുടെ ആളുകള്‍ മന്ത്രി മുരളീധരനെ കണ്ടത് വലിയ ചര്‍ച്ചയാക്കി വാര്‍ത്താ സമ്മേളനം നടത്തി മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും എല്ലാം തവിടുപൊടി. ഇതേ നാറ്റ്കോ ഫാര്‍മയില്‍ നിന്നും ഒരു കോടി രൂപയാണ് തിരഞ്ഞെടുപ്പ് ഫണ്ടായി സി.പി.എം വാങ്ങിയത്. ഇതും പോരാഞ്ഞിട്ട് നാറ്റ്കോ ഫാര്‍മയില്‍ നിന്നും മരുന്നു വാങ്ങാന്‍ തീരുമാനിച്ചത് ഓട്ടച്ചങ്ക് ഭരണത്തിലാണ്താനും. സി.പി.എം ഈ മരുന്നു കമ്പനികളോട് മാത്രമല്ല നിരവധി മരുന്നു ക മ്പനികളോട് പണം വാങ്ങിയിട്ടുണ്ട്. എന്തോ സംഭവമാണെ ന്ന് പൊലിപ്പിച്ച് ക്യാപ്സുളിട്ട സൈബര്‍ സഖാക്കള്‍ ഇനി നമ്മള് എന്തു സെയ്യും മല്ലയ്യാ…എന്നാണിപ്പോള്‍ ചോദിക്കുന്നത്.


