പൊതുജീവിതത്തിൽ ചില വ്യക്തികൾ കടന്നുപോകുന്നത് വെറുമൊരു കാലഘട്ടത്തിലൂടെയല്ല, സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച് ആ കാലഘട്ടത്തെത്തന്നെ അടയാളപ്പെടുത്തിക്കൊണ്ടായിരിക്കും. സി.എച്ച് മുഹമ്മദ് കോയ അത്തരമൊരു അപൂർവ പ്രതിഭാസമായിരുന്നു. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, സ്പിക്കർ, മികച്ച പാർലമെന്റേറിയൻ, പത്രപവർത്തകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. ഒരു രാഷ്ട്രീയ നേതാവിനുമപ്പുറം വിദ്യാഭ്യാസത്തിലൂടെ ഒരു സമൂഹത്തിന്റെ ഭാവി പുനർനിർണയിക്കാമെന്ന് വിശ്വസിച്ച യുഗപ്രഭാവനായ ദീർഘദർശിയായണ് സി.എച്ചിനെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നതെന്ന് നിസംശയം പറയാം.
ഇന്ന് കേരളം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും സാമൂഹിക പശ്ചാത്തലവും സി.എച്ചിന്റെ കാലഘട്ടത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ്. എന്നിരുന്നാലും, ജനകേന്ദ്രികൃതമായ വികസനം, പിന്നാക്ക മേഖലകളുടെ ശാക്തികരണം, വിദ്യാഭ്യാസത്തെ സാമൂഹിക മുന്നേറ്റത്തിന്റെ ആയുധമാക്കൽ തുടങ്ങിയ അദ്ദേഹത്തിന്റെ അടിസ്ഥാന ആശയങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്.
സി.എച്ചിന്റെ രാഷ്ട്രീയ ദർശനത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന് മലബാറിന്റെ വികസനത്തോടുള്ള അദ്ദേഹത്തിന്റെ വിശാലമായ കാഴ്ചപ്പാടായിരുന്നു. ഏതാനും പ്രദേശങ്ങളിൽ മാത്രം കേന്ദ്രികൃതമാകുന്ന വികസനം സമഗ്രമല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഭരണരംഗത്തും വിദ്യാഭ്യാസത്തിലും ഏറെ പിന്നാക്കം നിന്നിരുന്ന മലബാറിന് പ്രത്യേക പരിഗണനയും സ്ഥാപനങ്ങളും അവസരങ്ങളും ആവശ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതിന്റെ ഉദാഹരണമാണ് കാലിക്കറ്റ് സർവകലാശാല രൂപികരണം. വടക്കൻ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം സ്വന്തം മണ്ണിൽ ലഭ്യമാക്കിയതിലൂടെ വിദ്യാഭ്യാസ മേഖലയിൽ വലിയൊരുമാറ്റത്തിനാണ് തുടക്കമിട്ടത്.
കേരളത്തിന്റെ വളർച്ച പൂർണമാകണമെങ്കിൽ മലബാറിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, അടിസ്ഥാന സൗകര്യങ്ങൾ, തുറമുഖങ്ങൾ, ഗതാഗതം, വിനോദസഞ്ചാരം, ഐ.ടി. പ്രവാസി നിക്ഷേപം തുടങ്ങിയ സകല മേഖലകളിലും വടക്കൻ കേരളത്തിന്റെ വികസനസാധ്യതകളെ സംസ്ഥാനത്തിന്റെ പൊതുവളർച്ചയുമായി സംയോജിപ്പിക്കേണ്ടതുണ്ട്. മലബാറിന്റെ പുരോഗതി കേരളത്തിന്റെ സമഗ്ര വികസനത്തിൽ നിന്ന് വേറിട്ട ഒന്നല്ല, മറിച്ച്, അതിന്റെ അവിഭാജ്യഘടകമാണ്.
വിദ്യാഭ്യാസം ചിലരുടെ മാത്രം അവകാശമല്ലെന്നും സാധാരണക്കാരും നിർദ്ധനനുമായ ഓരോ കുട്ടിക്കും അത് ലഭ്യമാകണമെന്നും സി.എച്ച് ഉറച്ചു വിശ്വസിച്ചു. പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാ സം സൗജന്യമാക്കിയതും വിദ്യാഭ്യാസാവസരങ്ങൾ ജനകീയമാക്കിയതും ഈ കാഴ്ചപ്പാടിന്റെ ഫലമാണ്. ഇതിൽ ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹം നടത്തിയ വിപ്ലവകരമായ ഇടപെടലുകൾ.
സാമൂഹികവും സാമ്പത്തികവുമായ തടസങ്ങൾ നിലനിന്നിരുന്ന ഒരു കാലത്ത്, പെൺകുട്ടികളെ വിദ്യാലയങ്ങളിലേക്കും ഉന്നതവിദ്യാഭ്യാസത്തിലേക്കും ആ കർഷിക്കാൻ അദ്ദേഹം പ്രത്യേക പ്രോത്സാഹനങ്ങൾ നൽകി. ഇത് കേവലം ഒരു ആനുകൂല്യ പ്രഖ്യാപനമായിരുന്നില്ല; മറിച്ച്. ഒരു പെൺകുട്ടി പഠിക്കുമ്പോൾ ഒരു കുടുംബത്തിന്റെയും തലമുറയുടെയും സ്വപ്നങ്ങൾ മാറുമെന്നും അത് സമൂഹത്തിന്റെ ഘടനയെത്തന്നെ മാറ്റിയെഴുതുമെന്നുമുള്ള ദീർഘവീക്ഷണത്തിന്റെ ഫലമായിരുന്നു. ഇന്ന് സി.എച്ചിന്റെ പേരിലുള്ള സ്‌കോളർഷിപ്പുകൾ ആയിരക്കണക്കിന് പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് തണലാകുമ്പോൾ, ആ ദർശനത്തിന്റെ മൂല്യം നാം കൂടുതൽ തിരിച്ചറിയുന്നു.
ഏതൊരു സമൂഹത്തെയും മുന്നോട്ട് നയിക്കാൻ അതിന്റെ സാമൂഹിക സാംസ്‌കാരിക യാഥാർത്ഥ്യങ്ങളെ ആഴത്തിൽ അറിയേണ്ടതുണ്ട്. മലബാറിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുമ്പോൾ അ വിടുത്തെ സാംസ്്കാരിക പശ്ചാത്തലം കൂടി സി.എച്ച് പരിഗണിച്ചു. പൊതുവിദ്യാഭ്യാസ സംവിധാനത്തിൽ അറബി ഭാഷാ പഠനത്തിനും അധ്യാപകർക്കും അർഹമായ ഇടം നൽകിയത് ഇതിന്റെ ഭാഗമായിരുന്നു. ആധുനികതയിലേക്ക് ചുവടുവെക്കുമ്പോൾ പാരമ്പര്യത്തെ നിഷേധിക്കേണ്ടതില്ലെന്നും അതിനോട് സംവദിച്ചു കൊണ്ടുതന്നെ മുന്നേറാമെന്നുമുള്ള മഹത്തായ ഒരു ഭരണപാഠമാണ് അദ്ദേഹം നൽകിയത്. ഈ സമീപനം ഇന്നത്തെ ഭരണ നിർവഹണത്തിലും പ്രസക്തമാണ്.
അധികാരം പദവിയേക്കാളേറെ വലിയൊരു ഉത്തരവാദിത്തമായാണ് സി.എച്ച് കരുതിയത്. സ്പീക്കറായിരുന്നപ്പോൾ നിയമസഭയുടെ അന്തസും നടപടിക്രമങ്ങളും കാത്തുസൂക്ഷിച്ച അദ്ദേഹം, മന്ത്രിയാ യും മുഖ്യമന്ത്രിയായും ഇരുന്ന ചുരുങ്ങിയ കാലയളവിൽ ഭരണനിർവഹണത്തിലൂടെ കാതലായ മാറ്റങ്ങൾ കൊണ്ടുവന്നു. ഒരു ഭരണാധികാരിയുടെ വിജയം നിർണയിക്കപ്പെടുന്നത് അദ്ദേഹം എത്ര കാലം അധികാരത്തിലിരുന്നു എന്നതിലല്ല, മറിച്ച് ആ കാലയളവിൽ സമൂഹത്തിന്റെ ഭാവിക്കായി എന്തൊക്കെ ചെയ്തു. എന്തൊക്കെ അവസരങ്ങൾ തുറന്നു നൽകി എന്നതിലാണ്.
സാങ്കേതികവിദ്യയുടെ വേഗമേറിയ വളർച്ച, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. തൊഴിൽരംഗത്തെ മാറ്റങ്ങൾ, നഗരവത്ക്കരണം, കാലാവസ്ഥാ വ്യതിയാനം, യുവതലമുറയുടെ ഉയർന്ന പ്രതീക്ഷകൾ എന്നി വയൊക്കെ വർത്തമാന കാലത്ത് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുന്ന ഘടകങ്ങളാണ്. ഈ സാഹചര്യത്തിൽ സി.എച്ചിന്റെ ജീവിതം നൽകുന്ന ഏറ്റവും വലിയ പാഠം ഭാവിയെ മുൻകൂട്ടി കാണുകയെന്ന ഭരണവിചാരമാണ്. വരും തലമുറയുടെ ആവശ്യങ്ങൾ മുൻകുട്ടി കണ്ടാണ് അദ്ദേഹം അന്ന് സ്ഥാപനങ്ങൾ പണിതുയർത്തിയത്. ഇന്ന് നാം നിർമ്മിക്കുന്ന ഓരോ വിദ്യാലയവും ആശുപത്രിയും റോഡും ഐ.ടി.പാർക്കും ഡിജിറ്റൽ സംവിധാനങ്ങളും നാളത്തെ കേരളത്തിന്റെ അടിത്തറയാകണം.
നല്ല ഭരണനിർവഹണമെന്നാൽ കാര്യക്ഷമത മാത്രം പോര, അതിൽ മാനുഷിക മൂല്യങ്ങളും സഹാനുഭൂതിയും ഉണ്ടായിരിക്കണം. സർക്കാർ ആശുപത്രിയിലെത്തുന്ന സാധാരണക്കാരന്റെയോ പഠനം മുടങ്ങുന്ന കുട്ടിയുടെയോ തൊഴിൽ തേടുന്ന യുവാവിന്റെയോ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കുമ്പോഴാണ് വികസനക്കണക്കുകൾ പൂർണ്ണമാകുന്നത്. ഭരണത്തിന്റെ കണക്കുകൾക്കപ്പുറം പ്രയാസപ്പെടുന്നവരെ തിരിച്ചറിയുകയും ചേർത്ത് പിടിക്കുകയും ചെയ്തതായിരുന്നു സി.എച്ചിന്റെ കരുത്ത്.
ഒരു തലമുറയുടെ കൈകളിൽ വിദ്യാഭ്യാസത്തിന്റെ ദീപം ഏൽപ്പിച്ചുകൊണ്ടാണ് സി.എച്ച്. മുഹമ്മദ് കോയ കടന്നുപോയത്. ആ വെളിച്ചം കൂടുതൽ കുടുംബ ളിലേക്ക് എത്തിക്കുക എന്നതാണ് നാം അദ്ദേഹത്തിന് നൽകേണ്ട ഏറ്റവും വലിയ ആദരം. ഓരോ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസവും യുവതയ്ക്ക് കഴിവിനൊത്ത അവസരവും, ഓരോ പെൺകുട്ടിക്കും തടസങ്ങളില്ലാത്ത മുന്നേറ്റവും ഉറപ്പു വരുത്തുന്ന ഒരു പുതുയുഗ കേരളം പടുത്തുയർത്താൻ അദ്ദേഹത്തിന്റെ സ്മരണകൾ കരുത്തുപകരട്ടെ.


