കേരളത്തെ ഇന്നത്തെ നിലയിലേക്ക് വളർത്തിയെടുക്കാൻ ഏഴു പതിറ്റാണ്ടുകാലം പ്രയത്നിച്ച എല്ലാവരെയും ആദരവോടെ ഓർക്കുന്നു. സ്വാതന്ത്ര്യസമര പോരാട്ടങ്ങളും ജീവത്യാഗങ്ങളും ജാതിവ്യവസ്ഥയ്ക്കെതിരായ പ്രക്ഷോഭങ്ങളും സാമൂഹികസാംസ്കാരിക മുന്നേറ്റങ്ങളും വിദ്യാഭ്യാസആരോഗ്യ മേഖലകളിലെ നേട്ടങ്ങളുമെല്ലാം ചേർന്നതാണ് കേരളത്തിൻ്റെ എഴുപത് വർഷത്തെ ചരിത്രം. വിവിധ മേഖലകളിൽ നാം നേടിയെടുത്ത നേട്ടങ്ങളുടെയും അനുഭവങ്ങളുടെയും കരുത്തുമായാണ് കേരളം പുതിയ കാലത്തിലേക്ക് കടക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികനീതി തുടങ്ങി നിരവധി മേഖലകളിൽ രാജ്യത്തിന് മാതൃകയാകുന്ന മുന്നേറ്റങ്ങൾ നടത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിൽ തൃപ്തിപ്പെട്ട് മുന്നോട്ടു പോകാനാകില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റണം. അതിനുള്ള കൂട്ടായ പരിശ്രമത്തിനാണ് ഈ സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്.
പരമ്പരാഗത വികസന സങ്കൽപ്പങ്ങളിൽനിന്ന് മാറി, പുതിയ കാലത്തിന്റെ സാധ്യതകളും വെല്ലുവിളികളും തിരിച്ചറിഞ്ഞ് പുതുയുഗ കേരളം കെട്ടിപ്പടുക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. എല്ലാവരെയും ചേർത്തുനിർത്തുന്ന, വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തുന്ന കേരളമാണ് നമ്മുടെ ലക്ഷ്യം. ഭൂമിശാസ്ത്രപരമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ലഭ്യമായ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണം. പ്രകൃതിയെയും കാലാവസ്ഥയെയും മനുഷ്യരുടെ ജീവിതത്തെയും പരിഗണിച്ചുള്ള വികസനമായിരിക്കണം നമ്മുടേത്. ലോകം ശ്രദ്ധിക്കുന്ന വികസന മാതൃകകൾ കേരളത്തിൽ സൃഷ്ടിക്കാനാകണം. കേരളത്തിൻ്റെ എഴുപതാം വാർഷികം, ആഘോഷങ്ങളുടെ ഭാഗമായി മാത്രം ഒതുങ്ങരുത്. നമ്മുടെ നാടിന്റെ നേട്ടങ്ങളും സാധ്യതകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാക്കി മാറ്റണം. അതിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തും ‘ഫെസ്റ്റിവൽ കേരളം’ സംഘടിപ്പിക്കും. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നടക്കുന്ന ആഘോഷങ്ങളിലൂടെ കേരളത്തിൻ്റെ തനതായ കലയും സംസ്കാരവും പാരമ്പര്യവും ലോകത്തിന് മുന്നിലെത്തിക്കും. അതിനൊപ്പം നിക്ഷേപ സംഗമങ്ങളിലൂടെ കൂടുതൽ നിക്ഷേപകരെ കേരളത്തിലെത്തിക്കും.
നമ്മുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നാട്ടിൽ തന്നെ സജ്ജമാക്കണം. അതിനായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകളിലും കോളജുകളിലും പുതിയ കാലത്തിന് അനുയോജ്യമായ പഠനപദ്ധതികൾ, മാറുന്ന തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ചുള്ള വിദഗ്ധ പരിശീലനം എന്നിവ ഉറപ്പാക്കണം. അതിന് കൂടുതൽ നിക്ഷേപങ്ങളും പുതിയ തൊഴിൽ മേഖലകളും ഉണ്ടാകണം. നമ്മുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കുന്നതിനൊപ്പം മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളും പഠനത്തിന് കേരളത്തിലെത്തണം. മികച്ച ചികിത്സ തേടി കൂടുതൽ ആളുകൾ കേരളത്തിലേക്ക് വരണം. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യപരിചരണത്തിന്റെയും പ്രധാന കേന്ദ്രമായി കേരളത്തെ മാറ്റണം.
ഭാവിയുടെ സാങ്കേതികവിദ്യകളിലും കേരളം മുന്നിലെത്തണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിങ്, മെഷീൻ ലേണിങ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കണം. ഡാറ്റാ സെൻ്ററുകൾ, സെമി കണ്ടക്ടർ കേന്ദ്രങ്ങൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ എന്നിവ കേരളത്തിൽ സ്ഥാപിക്കണം. രാജ്യത്തെ ഐ.ടി. മേഖലയുടെ വളർച്ചയ്ക്ക് തുടക്കമിട്ട സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആ പാരമ്പര്യം പുതിയ സാങ്കേതികവിദ്യകളുടെ കാലത്തും നമുക്ക് തുടരാനാകണം. പുതിയ കാലത്തിന്റെ തൊഴിൽ മേഖലകളിൽ നമ്മുടെ യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കണം.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്കും തൊഴിലവസരങ്ങൾക്കും വലിയ സാധ്യതകൾ തുറക്കുന്നതാണ് മിഷൻ സമുദ്ര. കേരളത്തെ ഒരു പ്രധാന തുറമുഖസമുദ്ര സമ്പദ് വ്യവസ്ഥാ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ചെറുകിട ഇടത്തരം തുറമുഖങ്ങൾ, റോഡ് റെയിൽ ജലപാത കണക്റ്റിവിറ്റി, ലോജിസ്റ്റിക്സ് പാർക്കുകൾ, മാരിടൈം ക്ലസ്റ്ററുകൾ, തുറമുഖ ബന്ധിത നഗരങ്ങൾ എന്നിവയെ ഏകോപിപ്പിച്ച് സമഗ്രമായ സമുദ്ര സമ്പദ് വ്യവസ്ഥ വികസിപ്പിക്കും. 2031ഓടെ ഈ മേഖലയിൽ ലക്ഷക്കണക്കിന്
തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. ആദ്യ ഘട്ടത്തിൽ റോഡിലൂടെയുള്ള ചര
ക്കുനീക്കത്തിന്റെ്റെ പകുതിയെങ്കിലും കടൽ വഴിയാക്കുകയാണ് ലക്ഷ്യം. രണ്ടാം ഘട്ടത്തിൽ ക്രൂയിസ് ഷിപ്പിങ്ങിനും മൂന്നാം ഘട്ടത്തിൽ നദികളുമായി ബന്ധിപ്പിച്ചുള്ള
ടൂറിസം പദ്ധതികൾക്കും പ്രാധാന്യം നൽകും. സമുദ്രസമ്പത്തും അനുബന്ധ മേഖലകളും പ്രയോജനപ്പെടുത്തി വലിയ സാമ്പത്തിക മുന്നേറ്റത്തിന് നമുക്ക് വഴിയൊരുക്കണം. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ഏവിയേഷൻ ഹബ്ബാക്കി മാറ്റുകയും വേണം.
നമ്മുടെ സമൂഹത്തിൽ മുതിർന്ന പൗരന്മാരുടെ എണ്ണം വർധിച്ചുവരികയാണ്. അവരുടെ ജീവിതം സുരക്ഷിതവും സന്തോഷകരവുമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. നിയമപരിരക്ഷ ഉറപ്പാക്കുന്നതിന് നിയമവും പാസാക്കി. വയോജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നതിനൊപ്പം വിവിധ മേഖലകളിലുള്ള അവരുടെ അനുഭവസമ്പത്തും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുന്ന സിൽവർ ഇക്കോണമിയാണ് സർക്കാരിന്റെ ലക്ഷ്യം. ജനസംഖ്യാപരമായ മാറ്റങ്ങൾ ലോകത്തെ പല രാജ്യങ്ങൾക്കും വെല്ലുവിളിയാകുന്ന കാലത്ത് അതിനെ പുതിയ സാധ്യതകളാക്കി മാറ്റുകയാണ് കേരളം.
വികസനത്തിന്റെ ഗുണഫലങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തണം. വൻകിട പദ്ധതികൾക്ക് പ്രാധാന്യം നൽകിയപ്പോൾ പലപ്പോഴും വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ പട്ടികജാതിപട്ടികവർഗ വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങി സാധാരണക്കാരെയും ഈ സർക്കാർ ചേർത്തുപിടിക്കും. ഇതിന്റെ ഭാഗമായാണ് പട്ടികജാതി
പട്ടികവർഗ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി പ്രത്യേക ഭവന പദ്ധതി ആരംഭിച്ചത്. പട്ടികജാതി കുടുംബങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമുള്ള ഭവന ധനസഹായം നാലു ലക്ഷത്തിൽനിന്ന് ആറു ലക്ഷമായും പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ധനസഹായം ആറു ലക്ഷത്തിൽനിന്ന് എട്ട് ലക്ഷമായും ഉയർത്തിയിട്ടുണ്ട്. ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിയും നടപ്പാക്കി. സ്ത്രീ സമൂഹത്തോടുള്ള സർക്കാരിൻ്റെ ആദരവാണിത്. ലഹരി മാഫിയയോട് വിട്ടുവീഴ്ചയില്ല. ലഹരി മാഫിയയുടെ അടിവേരറുക്കും. ഓട്ടിസം ബാധിതരെയും ഭിന്നശേഷി കുട്ടികളെയും ചേർത്തുപിടിക്കേണ്ടതുണ്ട്. അവരുടെ മാതാപിതാക്കൾ നേരിടുന്ന പ്രയാസങ്ങൾ നാം തിരിച്ചറിയണം. കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന മാതാപിതാക്കൾക്ക് കേരളം ഒപ്പമുണ്ടെന്ന ഉറപ്പ് നൽകണം. അവർക്ക് ആവശ്യമായ പരിചരണവും പിന്തുണയും ഉറപ്പാക്കണം.
സംസ്ഥാനത്തിൻ്റെ വരുമാനം വർധിക്കണമെങ്കിൽ കൂടുതൽ നിക്ഷേപങ്ങളും വ്യവസായങ്ങളും കേരളത്തിലേക്ക് വരണം. ഇതിന്റെ ഭാഗമായി അനാവശ്യ കാലതാമസവും നടപടിക്രമങ്ങളും ഒഴിവാക്കി സംരംഭങ്ങൾക്കുള്ള അനുമതികൾ ലളിതവും വേഗത്തിലുമാക്കാൻ ‘സരൾ കേരളം’ എന്ന സുപ്രധാന നിയമം കേരള നിയമസഭ പാസാക്കിയിട്ടുണ്ട്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് സരൾ കേരളം.
വികസനം എന്നത് വൻകിട പദ്ധതികളുടെയും സാമ്പത്തിക വളർച്ചയുടെയും മാത്രം പേരല്ല. ഓരോ മനുഷ്യന്റെ യും ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളിലാണ് വികസനത്തിൻ്റെ യഥാർഥ അർഥം. ഒരാളുടെയും പ്രയാസങ്ങൾ കാണാതെ പോകരുത്. അർഹമായ പരിഗണനയും സഹായവും എല്ലാവർക്കും ലഭിക്കണം. ഇതെല്ലാം ചേർത്തുവെച്ച് ‘ഗുഡ് ഗ വേണൻസ് വിത്ത് എംപതി, സഹാനുഭൂതിയോടെയുള്ള സദ്ഭരണം’ എന്ന കാഴ്ചപ്പാടുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. നമ്മുടെ വികസന മുന്നേറ്റ ത്തിനൊപ്പം കേരളത്തിൻ്റെ മതേതരജ നാധിപത്യ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം. മതത്തിൻ്റെയോ ജാതിയുടെയോ പേരിൽ ആരും മാറ്റിനിർത്തപ്പെടരുത്. മതേതരജനാധിപത്യ നിലപാടുകളിൽ വിട്ടുവീഴ്ചയുമുണ്ടാകില്ല. എഴുപത് വർഷത്തെ നേട്ടങ്ങളും അനുഭവങ്ങളും നമുക്ക് വലിയ കരുത്താണ് നൽകുന്നത്. ആ കരുത്തിൽ വിശ്വസിച്ച്, പുതിയ കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി പുതുയുഗ കേരളത്തിലേക്ക് നമുക്ക് ഒന്നിച്ച് മുന്നേറാം.


