1983 സെപ്റ്റംബർ 28ന്റെ സായംസന്ധ്യ. തൊട്ടടുത്ത ആലിമുസ്‌ലിയാർ സ്‌മാരക വായനശാലയിലെ മൈക്കിൽ കൂടി 6.45ന്റെ പ്രാദേശിക വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നത് കേൾക്കാനായി പലരും അക്കാലത്ത് കാത്തിരിക്കുക പതിവായിരുന്നു. സമയം കൃത്യം 6.45. പ്രാദേശിക വാർത്തകൾ വായിക്കുന്നത്… കേരള ഉപമുഖ്യമന്ത്രി സി.എ.ച്ച് മുഹമ്മദ് കോയ സാഹിബ് ഹൈദരാബാദിൽ വെച്ച് അന്തരിച്ച വിവരം വ്യസനസമേതം റിപ്പോർട്ട് ചെയ്ത് കൊള്ളുന്നു. തുടർന്ന് സി.എച്ച് ഹൈദരാബാദിൽ പോയതും നിലവിലുണ്ടായിരുന്ന രോഗം അവിടെ വെച്ച് പെട്ടെന്ന് മൂർച്ഛിച്ചതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും അന്ത്യം സംഭവിച്ചതുമായ വിശദ വാർത്തകൾ റേഡിയോ പ്രക്ഷേപണം ചെയ്തത് ആളുകൾ കണ്ണും കാതും ഖൽബും കൂർപ്പിച്ചിരുന്ന് കേൾക്കുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്നവർ മുഴുക്കെ അക്ഷരാർത്ഥത്തിൽ ഒരക്ഷരം ഉരിയാടാനാകാത്ത വിധം ശോകമൂകതയിൽ മുങ്ങി. പലരുടെയും മനസ്സിൽ ആരൂപം, ആശബ്ദം, ആ പ്രസന്നത, ആ ഭാവം, ആ തമാശ, ആ തൊപ്പി, എല്ലാം ഒരു സ്ക്രീനിൽ എന്നപോലെ മിന്നിമറിയുകയും കർണങ്ങളിൽ അലയടിക്കുകയും ചെയ്‌തു. വാർത്തകളുടെ വിശദാംശങ്ങൾ പിന്നെയും ഓരോന്നോരോന്നായി പ്രക്ഷേപണം ചെയ്യുകയും ഒപ്പം ആ മഹനീയജീവിതം പ്രത്യേകം എടുത്തുദ്ധരിക്കുകയും ചെയ്ത് കൊണ്ടിരുന്നതിനോടൊപ്പം അനുശോചനങ്ങളുടെ പ്രവാഹവും ഒഴുകുകയായിരുന്നു. ഏറെ അഭിമാനാഹ്ലാദാവേശത്തോടെ മാത്രം നോക്കി കണ്ടിരുന്ന ആ ധീരശബ്ദവും സുന്ദരരൂപവും ഇനികാണില്ലല്ലോ, കേൾക്കില്ലല്ലോ എന്ന ദുഃഖപൂരിത തിരിച്ചറിവ് ഓരോ മനസ്സിനെയും വേദനിപ്പിച്ചുകൊണ്ടിരുന്നു. ആ ഓർമകളിൽ മുങ്ങിത്താണും തിരിഞ്ഞും മറിഞ്ഞും ശരിക്കും ഉറക്കം വരാതെയാണ് അന്ന് നേരം വെളുപ്പിച്ചത്. 29ന് പുലർച്ചെ എഴുന്നേറ്റ് പ്രഭാത കർമ്മങ്ങളെല്ലാം വേഗത്തിൽ നിർവ്വഹിച്ച് പത്രങ്ങൾ വരുന്നതും കാത്തിരുന്നു.
വാർത്തകളും ഫോട്ടോകളും മുഴുക്കെ സി.എച്ച് മാത്രം. എത്രയും വേഗം ആ മുഖം അവസാനമായി ഒരുനോക്ക് കണ്ടേ, ഇനി ബാക്കിയുള്ളൂ എന്ന വിചാരത്തോടെ തിക്കിത്തിരക്കിവന്ന ബസ്സിൽ കയറിപ്പറ്റി. ബസ്സ് പിന്നിട്ട പ്രദേശം മുഴുക്കെ മുച്ചൂടും ശോകമൂകതയിൽ മുങ്ങിയത് പോലെ. ഒടുവിൽ ഒരു വിധം കോഴിക്കോട്ടെത്തി. റോഡായ റോഡുകളൊക്കെ കാൽ നടയായും കിട്ടിയ വാഹനങ്ങളിലും ജനസാഗരം ടൗൺഹാളിലേക്ക്. ഒരു മുറുക്കാൻ കടയോ കാപ്പിക്കടയോ പോലും അന്ന് കോഴിക്കോട് പട്ടണത്തിലെവിടെയും തുറന്നതായി കണ്ടില്ല. പൂർണ ഹർത്താൽ തന്നെ. തിക്കിലും തിരക്കിലും പെട്ട് എങ്ങനെയൊക്കെയോ ടൗൺഹാളിലെത്തി.
ഒട്ടേറെ തവണ കണ്ടും കേട്ടും അനുഭവിച്ചും അഭിമാനിച്ച പ്രിയപ്പെട്ട കോയാസാഹിബിന്റെ ദേഹി പിരിഞ്ഞ ദേഹത്തിലേ ക്കും മുഖത്തേക്കും ഒന്നേ നോക്കാനായുള്ളു. വിചാരവികാരങ്ങളുടെ വാക്കുകൾക്കതീതമായ ഒരു വല്ലാത്തവേലിയേറ്റം ഖൽബിൽ അലമാലകൾ ആർത്തലക്കുന്നത് പോലെ. കുടുതൽ ആർക്കും അവിടെ നിൽക്കാനാകില്ല. വേഗത്തിൽ പുറത്ത് കടന്നു. അനക്കങ്ങളിലും നീക്കങ്ങളിലും നോട്ടങ്ങളിലും വാക്കിലുമൊക്കെ ശോകം തളംകെട്ടിയ ജനസാഗരവും അന്തരീക്ഷവും മാത്രം, തോരാ ആകണ്ണീർ പോലെ മഴത്തുള്ളികൾ നിൽക്കാതെ ചൊരിഞ്ഞ് കൊണ്ട് പ്രകൃതി പോലും ഈറനണിഞ്ഞ് കൊണ്ടേയിരുന്നു അന്ന്.
ജീവിതത്തിൻ്റെ നന്നേ താഴെ തട്ടിലുള്ള സാധാരണക്കാരിൽ സാധാരണക്കാർ മുതൽ അത്യുന്ന ശ്രേണികളുള്ള സകലരുടെയും ഒരു മഹാസാഗരം തന്നെയാണ് അന്ന് കോഴിക്കോട് നഗരം ദർശിച്ചത്. എല്ലാവരുടെയും ചൂണ്ടിലും ഖൽബിലും സി.എച്ച് എന്ന ആ രണ്ടക്ഷരം മാത്രമേ മന്ത്രിക്കുന്നുള്ളൂവെന്നത് പോലെ. അത്തോളി എന്ന കൊച്ചുഗ്രാമത്തിലെ ഒരു ചെറിയ കുടിലിൽ പാവപ്പെട്ട ആലിമൊല്ലാക്കയുടെ മകനായി ജനിച്ച് സാധാരണക്കാരിൽ സാധാരണക്കാരനായി വളർന്ന് അന്നത്തെ പരിമിതിക്കുള്ളിൽ നിന്ന് കഴിവിൻ്റെ പരമാവധി പഠിച്ച് സാഹചര്യം രാഷ്ട്രീയത്തിലേക്കിറക്കി പടിപടിയായി വളർന്നുയർന്ന് ഉന്നത ശ്രേണിയിലെത്തിയ ചരിത്രത്തിനുടമയാണ് സി.എച്ച്. പഠനശേഷം രാഷ്ട്രീയത്തിലും പൊതുരംഗത്തും പ്രവേശിച്ച അദ്ദേഹം പിന്നീട് പടിപടിയാ മുന്നേറുന്ന കാഴ്ചയാണ് കേരളം കണ്ടത്.
കേവലം 56 വയസ്സ് വരെ ജീവിച്ച, ചുരുങ്ങിയ കാലഘട്ടത്തിനിടെ അദ്ദേഹം വഹിച്ച പദവികളുടെ നിര ഏറെ വലുതാണ്. കോഴിക്കോട് ടൗൺ എം.എസ്.എഫ് പ്രസിഡണ്ട്, മലബാർ ജില്ലാ എം.എസ്.എഫ് ട്രഷറർ, കോഴിക്കോട് ടൗൺ മുസ്ലിം ലീഗ് സെക്രട്ടറി, സംസ്ഥാന മുസ്‌ലിംലീഗ് സെക്രട്ടറി, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി തുടങ്ങിയ സംഘടനാസാരഥ്യങ്ങൾ വഹിക്കാനവസരം കിട്ടിയ സി.എച്ച്. പാർലമെന്ററി രംഗത്ത് കോഴിക്കോട് കോർപറേഷൻ കൗൺസിലർ, എം.എൽ.എ, സ്പീക്കർ, എം.പി, വിദ്യാഭ്യാസ മന്ത്രി, ആഭ്യന്തര മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ അധികാര പദവികൾ ഓരോന്നോരോന്നായി വഹിച്ചു. സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും അടി മുതൽ മുടി വരെ പടിപടിയായി പദവികൾ അലങ്കരിച്ച മറ്റൊരു നേതാവ് സി.എച്ചിനെപ്പോലെ ഒരുസംഘടനയിലും സംസ്ഥാനത്ത് വേറെയുണ്ടാവില്ലെന്നതാണ് വസ്തുത. നീണ്ട 43 വർഷങ്ങൾക്ക് ശേഷവും ആ ഓർമ്മകൾക്ക് അശേഷം ശോഷണമേറ്റിട്ടില്ല. ജനഹൃദയങ്ങളിൽ മായാതെ മറയാതെ മങ്ങാതെ പച്ചപിടിച്ച് നിൽക്കുന്നുവെന്നത് അദ്ദേഹം ജനമനസ്സുകളിൽ സൃഷ്‌ടിച്ചതും ചെലുത്തിയതുമായ സ്ഥാനത്തെയും സ്വാധീനത്തെയുമാണ് ഉദ്ഘോഷിക്കുന്നത്.


