കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമകൾ എത്തിയതിന് പിന്നാലെ ക്ലബ്ബിനെതിരെയുള്ള ബഹിഷ്കരണം പിൻവലിച്ച് ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. സോഷ്യൽ മീഡിയയിലൂടെയാണ് മഞ്ഞപ്പട ഇക്കാര്യം വ്യക്തമാക്കിയത്. സ്റ്റേഡിയത്തിൽ ടീമിന് പിന്തുണയായി തിരികെയെത്തുമെന്ന് മഞ്ഞപ്പട അറിയിച്ചു. പുതിയ മാനേജ്മെന്റിന് കീഴിൽ ടീമിന് മികച്ച ഫുട്ബോൾ ഘടനയും ദീർഘകാല പദ്ധതികളും ആസൂത്രണം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മഞ്ഞപ്പട പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
യു.എ.ഇ ആസ്ഥാനമായുള്ള അൽ ഫുർസാൻ ഗ്രൂപ്പാണ് ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ ഓഹരികളും ഏറ്റെടുത്തത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് പുതിയ ഉടമസ്ഥരെ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. മഞ്ഞപ്പട ബഹിഷ്കരണം ഒഴിവാക്കിയതോടെ ഈ സീസണിലും കലൂർ സ്റ്റേഡിയം വീണ്ടും മഞ്ഞക്കടലായി മാറുമെന്നുറപ്പാണ്.
ഒക്ടോബർ 10നാണ് ഐ.എസ്.എല്ലിന്റെ പുതിയ സീസൺ ആരംഭിക്കുന്നത്. ഒക്ടോബർ 11നാണ് ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ഇന്റർ കാശിയാണ് ടീമിന്റെ എതിരാളികൾ. ഒക്ടോബർ 25നാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഹോം മത്സരത്തിനിറങ്ങുന്നത്. മുംബൈ സിറ്റിയാണ് എതിരാളികൾ.


