ന്യൂഡൽഹി: രാജ്യത്തെ യു.പി.ഐ (UPI) ഡിജിറ്റൽ ഇടപാടുകളുമായി ബന്ധപ്പെട്ട് പുതിയ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ചാർജുകൾ ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്നു. ₹2,000-ന് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്കാണ് പുതിയ ചാർജ് ബാധകമാകുന്നത്. എന്നാൽ, ഈ തുക ഉപഭോക്താക്കൾ നൽകേണ്ടതില്ലെന്നും കച്ചവടക്കാരാണ് (Merchant) വഹിക്കേണ്ടതെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി.
കച്ചവടക്കാരിൽ നിന്ന് ഉപഭോക്താക്കളിലേക്ക് ഈ സർചാർജ് ഈടാക്കാൻ അനുവാദമില്ല. അതിനാൽ യു.പി.ഐ ഉപഭോക്താക്കളുടെ ആപ്പുകളിൽ അധിക തുകയൊന്നും ഈടാക്കില്ല.
പുതിയ നിയമത്തിലെ പ്രധാന വിവരങ്ങൾ:
- ആർക്കൊക്കെ ഫ്രീ: വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്കുള്ള (P2P) കൈമാറ്റങ്ങൾക്ക് (സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ) തുക എത്രയായാലും പൂർണ്ണമായും സൗജന്യമായിരിക്കും.
- ₹2,000 വരെയുള്ള ഇടപാടുകൾ: കടകളിലേക്കുള്ള (P2M) ₹2,000 വരെയുള്ള ഇടപാടുകൾക്കും യാതൊരു ചാർജും ഉണ്ടാകില്ല. രാജ്യത്തെ 96 ശതമാനം യു.പി.ഐ ഇടപാടുകളും ₹2,000-ൽ താഴെയായതിനാൽ ഭൂരിഭാഗം ഇടപാടുകളെയും ഇത് ബാധിക്കില്ല.
- 0.4% MDR ചാർജ്: കടകളിലേക്ക് നടത്തുന്ന ₹2,000-ന് മുകളിലുള്ള ഇടപാടുകൾക്ക് 0.4% MDR ഈടാക്കും.
- പരമാവധി പരിധി (Cap): ₹75,000-ന് മുകളിലുള്ള തുകയ്ക്ക് പരമാവധി ₹300 മാത്രമായിരിക്കും MDR. (ഉദാഹരണത്തിന് ₹10,000-ത്തിന് ₹40-ഉം, ₹50,000-ത്തിന് ₹200-ഉം ഈടാക്കുമ്പോൾ, ₹1,00,000-ത്തിന് ₹400-ന് പകരം പരമാവധി ₹300 മാത്രമേ ഈടാക്കൂ).
പ്രത്യേക ഇളവുകൾ:
- ചെറുകിട കച്ചവടക്കാർ (P2PM): മാസത്തിൽ യു.പി.ഐ വഴി ₹1 ലക്ഷം വരെ മാത്രം ലഭിക്കുന്ന തട്ടുകടകൾ ഉൾപ്പെടെയുള്ള ചെറുകിട കച്ചവടക്കാരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
- അത്യാവശ്യ സേവനങ്ങൾ (ഫ്ലാറ്റ് ₹5): പെട്രോൾ പമ്പ്, റെയിൽവേ ടിക്കറ്റ്, വൈദുതി-വെള്ളം ബില്ലുകൾ, ടെലികോം റീചാർജ്, ഇൻഷുറൻസ്, നികുതി, ക്രെഡിറ്റ് കാർഡ് ബിൽ അടവ് എന്നിവയ്ക്ക് തുക എത്രയായാലും ഫ്ലാറ്റ് ₹5 മാത്രമായിരിക്കും MDR.
- മ്യൂച്വൽ ഫണ്ട് / ഓഹരി വിപണി: 0.02% ചാർജ് മാത്രമാണ് ബാധകമാവുക (പരമാവധി ₹300).
- UPI AutoPay / SIP: പ്രതിമാസ ഓട്ടോമാറ്റിക് പേയ്മെന്റുകൾക്ക് ചാർജില്ല.
- RuPay ഡെബിറ്റ് കാർഡ്: ഡെബിറ്റ് കാർഡ് വഴിയുള്ള ഇടപാടുകൾ പൂർണമായും സൗജന്യമായി തുടരും.
ഉപഭോക്താക്കൾ കടകളിൽ ₹3,000 യു.പി.ഐ ചെയ്യുമ്പോൾ exact ₹3,000 തന്നെ കൊടുത്താൽ മതിയാകും. കടക്കാരനിൽ നിന്ന് ബാങ്ക് 0.4% (₹12) സർവീസ് ചാർജ് ആയി കുറച്ച ശേഷം ബാക്കി ₹2,988 അക്കൗണ്ടിലേക്ക് നൽകും. ₹2,000-ന് മുകളിൽ പേയ്മെന്റ് ചെയ്തതിന് കച്ചവടക്കാരൻ ഉപഭോക്താവിൽ നിന്ന് അധിക തുക ആവശ്യപ്പെട്ടാൽ അത് നിയമവിരുദ്ധമാണെന്നും അധികൃതർ അറിയിച്ചു.


