അടുക്കളയിലെ ശുചിത്വത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണ് പാറ്റകളുടെയും പല്ലികളുടെയും ശല്യം. ഭക്ഷണസാധനങ്ങളും എണ്ണമയവും ധാരാളമുള്ളതിനാൽ അടുക്കളയിലെ ഇടുങ്ങിയ കോണുകളിലും ഷെൽഫുകൾക്കിടയിലുമാണ് ഇവ അതിവേഗം പെറ്റുപെരുകുന്നത്.
ഇവയെ തുരത്താൻ വിപണിയിൽ ലഭ്യമാകുന്ന രാസവസ്തുക്കൾ കലർന്ന സ്പ്രേകളും ചോക്കുകളും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഇതിനൊരു പ്രകൃതിദത്ത പരിഹാരം ഇതാ.
ആവശ്യമായ ചേരുവകൾ:
തേയിലപ്പൊടി – 2 ടീസ്പൂൺ
ടൂത്ത്പേസ്റ്റ് – 1 സ്പൂൺ
ബേക്കിംഗ് സോഡ – 1 സ്പൂൺ
ബേക്കിംഗ് പൗഡർ – 1 സ്പൂൺ
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ തേയിലപ്പൊടി എടുക്കുക. അതിലേക്ക് ഒരു സ്പൂൺ ടൂത്ത് പേസ്റ്റ്, ഒരു സ്പൂൺ ബേക്കിംഗ് സോഡ, ഒരു സ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം ചെറിയ ഉരുളകളാക്കി മാറ്റാം. ഇതിന്റെ രൂക്ഷമായ മണം പല്ലികളെയും പാറ്റകളെയും ആകർഷിക്കുകയും, അവയുടെ ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും.
ഉപയോഗിക്കേണ്ട വിധം:
ഉരുളകളായി വെയ്ക്കാം: തയ്യാറാക്കിയ ചെറിയ ഉരുളകൾ അടുക്കളയിലെ ക്യാബിനുകൾക്കുള്ളിലും പാറ്റയും പല്ലിയും അമിതമായുള്ള സ്ഥലങ്ങളിലും വെയ്ക്കാം.
സ്പ്രേയായി ഉപയോഗിക്കാം: ഈ ഉരുളകൾ തയ്യാറാക്കാൻ സമയമില്ലാത്തവർക്ക്, തേയില വെള്ളം തിളപ്പിച്ച് അതിലേക്ക് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ചേർത്ത് യോജിപ്പിച്ച ശേഷം അരിച്ചെടുക്കാം. ഈ മിശ്രിതം ഒരു സ്പ്രേ കുപ്പിയിലാക്കി ശല്യമുള്ള ഭാഗങ്ങളിൽ തളിച്ചു കൊടുക്കാവുന്നതാണ്.
രാസവസ്തുക്കളുടെ പാർശ്വഫലങ്ങളില്ലാതെ അടുക്കളയിലെ ഈ ചെറിയൊരു പ്രശ്നം വളരെ എളുപ്പത്തിൽ ഇത്തരത്തിൽ പരിഹരിക്കാൻ സാധിക്കും.


