ചെന്നൈ സൂപ്പർ കിങ്സിന്റെ മുഖ്യ പരിശീലകനായി മുൻ പേസർ സഹീർ ഖാൻ അടുത്തിടെ ചുമതലയേറ്റിരുന്നു. ചെന്നൈക്കൊപ്പം പരിശീലകനെന്ന നിലയിൽ സഹീർ ഖാൻ നേരിടാൻ പോവുന്ന വെല്ലുവിളിയെക്കുറിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് തുറന്നു പറഞ്ഞു.
ചെന്നൈ പോലൊരു വലിയ ടീമിൽ ചേരുമ്പോൾ സഹീർ ഖാന് വലിയ സമ്മർദമുണ്ടാവുമെന്നുമാണ് കൈഫ് പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് സഹീർ നേരിടാൻ പോവുന്ന വെല്ലുവിളികളെക്കുറിച്ച് കൈഫ് വ്യക്തമാക്കിയത്.
‘സി.എസ്.കെക്ക് ഒരു പാരമ്പര്യം ഉണ്ട്. ചെന്നൈ ടീമിന്റെ ഭാഗമാവുകയെന്നത് അഭിമാനകരമായ നിമിഷമാണ്. എന്നാൽ ഒരു വലിയ ടീമിൽ ചേരുമ്പോൾ അദ്ദേഹത്തിന് സമ്മർദമുണ്ടാവും. കൂടുതൽ ഉത്തരവാദിത്വവും പ്രതീക്ഷകളും ഉണ്ടാവും. കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി വിജയിക്കാതിരിക്കുന്ന ചെന്നൈയിലെ കാര്യങ്ങൾ മാറുമെന്ന് ആരാധകർ പ്രതീക്ഷിക്കും.
ഐ.പി.എല്ലിൽ പ്രവർത്തിച്ച പരിചയ സമ്പത്ത് അദ്ദേഹത്തിനുണ്ട്. പരിചയ സമ്പന്നനായ ഒരു ഇന്ത്യൻ പരിശീലകനെ ലഭിക്കുന്നത് വളരെ മികച്ച കാര്യമാണെന്ന് ഞാൻ കരുതുന്നു. സാധാരണയായി വിദേശ പരിശീലകർക്കാണ് മുൻഗണന ലഭിക്കാറ്. എന്നാൽ ഇന്ത്യൻ പരിശീലകർക്ക് ലഭിക്കുന്ന പിന്തുണ വളരെ നല്ലതാണ്’ കൈഫ് പറഞ്ഞു.
ഒരു വർഷത്തെ കരാറിലാണ് സഹീർ ചെന്നൈയുടെ പരിശീലകനായി ചുമതലയേറ്റത്. ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായി സേവനമനുഷ്ടിച്ചതിന് ശേഷമാണ് സഹീർ സി.എസ്.കെയിലേക്ക് ചേക്കേറിയത്. എൽ.എസ്.ജിക്ക് പുറമെ ഡൽഹി ക്യാപിറ്റൽസിനൊപ്പവും മുൻ ഇന്ത്യൻ പേസർ പരിശീലകനായി പ്രവർത്തിച്ചു.
ഐ.പി.എല്ലിൽ താരമായി മൂന്ന് ടീമുകൾക്ക് വേണ്ടി സഹീർ കളത്തിലിറങ്ങിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ഡൽഹി ഡെയർ ഡെവിൾസ് എന്നീ ടീമുകളുടെ ഭാഗമായിരുന്നു സഹീർ.
സഹീറിന്റെ തന്ത്രങ്ങൾ ഇത്തവണ ചെന്നൈക്ക് കരുത്തുപകരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 2023ലാണ് ചെന്നൈ അവസാനമായി ഐ.പി.എല്ലിൽ ചാമ്പ്യന്മാരായത്. പിന്നീട് നടന്ന മൂന്ന് സീസണുകളിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതിൽ ചെന്നൈ പരാജയപ്പെടുകയും ചെയ്തിരുന്നു.


