റിയാദ്: സൗദി അറേബ്യയിലെ വിവിധ മേഖലകളിൽ ശക്തമായ മഴയും ഇടിമിന്നലും തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
വരുന്ന ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടെയുള്ള മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മക്ക, ജസാൻ, അസീർ, അൽബാഹ മേഖലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. മഴയ്ക്കൊപ്പം ആലിപ്പഴ വർഷവും ശക്തമായ കാറ്റും ഉണ്ടാകാൻ ഇടയുണ്ട്. കാറ്റിൽ പൊടിയും മണലും ഉയരുന്നതിനാൽ കാഴ്ചപരിധി കുറയാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
മഴ ബാധിക്കുന്ന പ്രധാന പ്രദേശങ്ങൾ:
മക്ക മേഖലയിലെ താഇഫ്, മൈസാൻ, അദം, അൽ അർദിയാത്ത് എന്നിവിടങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ഇവിടെ പെട്ടെന്നുള്ള വെള്ളപ്പൊപ്പത്തിനും (Flash floods) സാധ്യതയുണ്ട്.
മറ്റ് മേഖലകളിൽ:
മക്ക നഗരം, അൽ കാമിൽ, അൽ ജുമും, ബഹ്റ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്. ജസാൻ, അസീർ, അൽബാഹ മേഖലകളിലും ശക്തമായ മഴയ്ക്കൊപ്പം വെള്ളപ്പൊക്കത്തിനും ആലിപ്പഴ വർഷത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. മദീന, നജ്റാൻ മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കാം.
സിവിൽ ഡിഫൻസിന്റെ കർശന നിർദ്ദേശങ്ങൾ:
മഴ ശക്തമാകുന്ന സമയത്ത് ആളുകൾ സുരക്ഷിത സ്ഥലങ്ങളിൽ തുടരുക.
താഴ്വരകളിൽ നിന്നും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും പൂർണ്ണമായും അകലം പാലിക്കുക.
വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ നീന്താൻ ശ്രമിക്കരുത്.
വെള്ളം നിറഞ്ഞ താഴ്വരകൾ മുറിച്ചുകടക്കുകയോ ശക്തമായി ഒഴുകുന്ന വെള്ളത്തിനടുത്തേക്ക് പോകുകയോ ചെയ്യരുത്.
വാഹനമോടിക്കുന്നവരും താമസക്കാരും ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകളും സിവിൽ ഡിഫൻസിന്റെ നിർദ്ദേശങ്ങളും കർശനമായി പിന്തുടരണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.


