ദുബൈ: റാസല്‍ഖൈമയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരും. ദാരുണമായ വാഹനപകടത്തില്‍ നിരവധി പേര് മരിച്ചതില്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ ഇതുവരെ 13 പേര് മരണപ്പെട്ടുവെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. 11 പേര്‍ക്ക് പരിക്കേറ്റു.
മരിച്ചവരില്‍ മലയാളികളുമുണ്ടെന്നാണ് വിവരം. പേര് വിവരങ്ങള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യുഎഇയില്‍ നിന്നും വിസ മാറ്റത്തിനായി ഒമാനില്‍ പോയി തിരിച്ചുവരുന്നവര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. മലയാളി ഉടമസ്ഥതയിലുള്ള ട്രാവല്‍ ഏജന്‍സിയുടെ ബസില്‍ എല്ലാവരും പ്രവാസികളാണെന്നാണ് ലഭിക്കുന്ന വിവരം. ബസില്‍ ഡ്രൈവര്‍ അടക്കം 41 പേരാണ് ഉണ്ടായിരുന്നത്. റാസല്‍ഖൈമയിലെ മുനയ് പോലീസ് സ്റ്റേഷന് പരിധിയിലുള്ള അല്‍വതന്‍ റോഡിലാണ് അപകടം നടന്നത്.
അപകടവിവരം പുറത്തുവന്നയുടന്‍ മരിച്ചവരുടെ കുടുംബങ്ങളുമായി കോണ്‍സുലേറ്റ് അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും ഉറപ്പാക്കുന്നതിനായി പ്രാദേശിക അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ഈ വിഷമഘട്ടത്തില്‍ അവര്‍ക്കായി പ്രാര്‍ഥിക്കുന്നതായും കോണ്‍സുലേറ്റ് അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. മരിച്ചവരുടെ എണ്ണം, അപകടത്തിന്റെ സാഹചര്യം, പൂര്‍ണവിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാനുണ്ട്. അപകടവുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും ഇന്ത്യന്‍ പൗരന്മാര്ക്കും കുടുംബാംഗങ്ങള്‍ക്കും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ ഹെല്പ് ലൈനില്‍ ബന്ധപ്പെടാം. ടോള്‍ ഫ്രീ നമ്പര്‍: 80046342.
ദിവസങ്ങള്‍ക്ക് മുമ്പാണ് മലയാളി പ്രവാസികളെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയ മറ്റൊരു അപകടം ഫുജൈറയില്‍ നടന്നത്. കാറപകടത്തില്‍ മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ ഇരട്ടമക്കളും കൈക്കുഞ്ഞുമാണ് മരണപ്പെട്ടത്. അതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് റാസല്‍ഖൈമയിലെ അപകടവിവരം ചൊവ്വാഴ്ച രാവിലെ പുറത്തുവരുന്നത്.


