കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ‘ചാണക്യതന്ത്രം’ സിനിമയുടെ പരാജയത്തിന് പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞ് നിർമാതാവ് മുഹമ്മദ് ഫൈസൽ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.
ജീവിതത്തിൽ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് സിനിമ നിർമാണത്തിലേക്ക് എത്തിയതെന്നും, ആദ്യ സിനിമയുടെ സംവിധായകനായ കണ്ണൻ താമരക്കുളം ഇന്നും തന്നെ ചേർത്തുപിടിക്കുന്നുണ്ടെന്നും ഫൈസൽ പറഞ്ഞു. സുഹൃത്തുമായി ചേർന്ന് യാത്ര ചെയ്യുമ്പോഴാണ് യാദൃശ്ചികമായി കണ്ണൻ താമരക്കുളത്തെ കാണുന്നതും പുതിയ പ്രോജക്ടിനെക്കുറിച്ച് സംസാരിക്കുന്നതും.
ഉണ്ണി മുകുന്ദനും കണ്ണൻ താമരക്കുളവും ചേർന്ന് ബോംബെയിൽ ഒരു പ്രൊഡ്യൂസറെ കാണാൻ പോയെങ്കിലും ആ പ്രോജക്ട് ഡ്രോപ്പ് ആയിരുന്നെന്നും, തുടർന്നാണ് താൻ ആ സിനിമ ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ് ചിത്രമായ ‘തെഗിടി’യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചാണക്യതന്ത്രം (2018) ഒരുക്കിയതെന്ന് സിനിമ റിലീസ് ചെയ്ത ശേഷമാണ് താൻ അറിഞ്ഞതെന്നും ഫൈസൽ കൂട്ടിച്ചേർത്തു.
നിർമാതാവ് പങ്കുവെച്ച മറ്റ് പ്രധാന കാര്യങ്ങൾ:
ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയ്യരുതെന്ന് സിനിമാ മേഖലയിലുള്ള പലരും തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഉണ്ണിയുടെ സിനിമകൾ ബിസിനസ് ആകുന്നില്ലെന്നും, അദ്ദേഹത്തിന്റെ അവസാന പത്ത് ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റ്സ് വിറ്റുപോയിട്ടില്ലെന്നും പലരും പറഞ്ഞു.
ഉണ്ണി അന്ന് വലിയൊരു സ്റ്റാർ ആയിരുന്നില്ല. കൂടാതെ, അക്കാലത്തുണ്ടായ സിനിമാ സമരവുമാണ് ചിത്രത്തിന്റെ പരാജയത്തിന് കാരണമെന്ന് താൻ കരുതുന്നുവെന്നും ഫൈസൽ വ്യക്തമാക്കി.
ബജറ്റ് പ്രതീക്ഷിച്ചതിലും കൂടിയെങ്കിലും, സംവിധായകൻ കണ്ണൻ താമരക്കുളത്തിന്റെ ഡെഡിക്കേഷനിലുള്ള വിശ്വാസമാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് പൂർണമായും നമ്മുടെ കയ്യിലുള്ള കാര്യമല്ലെന്നും, നിർമാണ രംഗത്തേക്കുള്ള തന്റെ ആദ്യ അനുഭവം മികച്ചതായിരുന്നുവെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു.


