നമ്മുടെ അടുക്കളകളിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് ചെറുനാരങ്ങ. നാരങ്ങാവെള്ളം മുതൽ അച്ചാറുകൾക്കും മാരിനേഷനും വരെ നാരങ്ങ അത്യാവശ്യമാണ്.
എന്നാൽ വാങ്ങി കൊണ്ടുവന്ന് ദിവസങ്ങൾക്കകം തന്നെ പകുതിപോലും ഉപയോഗിക്കുന്നതിന് മുൻപ് അവ കേടായിപ്പോകുന്നത് പതിവ് കാഴ്ചയാണ്.
ശരിയായ സംഭരണ രീതികൾ പിന്തുടർന്നാൽ നാരങ്ങയുടെ ആയുസ്സ് ആഴ്ചകളോളമോ മാസങ്ങളോളമോ നീട്ടിയെടുക്കാം.ഇതിനായി വലിയ സാങ്കേതികവിദ്യകളോ ചെലവേറിയ ഉപകരണങ്ങളോ ആവശ്യമില്ല.
നാരങ്ങ പെട്ടെന്ന് കേടാകുന്നത് എന്തുകൊണ്ട്?
പുറമെ കട്ടിയുള്ള തൊലിയാണെന്ന് തോന്നുമെങ്കിലും, നാരങ്ങയുടെ തൊലിയിൽ സൂക്ഷ്മമായ ഒട്ടേറെ സുഷിരങ്ങളുണ്ട്. മരത്തിൽ നിന്ന് പറിച്ചെടുക്കുന്ന നിമിഷം മുതൽ അതിലെ ഈർപ്പം ഈ സുഷിരങ്ങളിലൂടെ പുറത്തുപോകാൻ തുടങ്ങും.
ഈർപ്പം നഷ്ടപ്പെടുന്നതാണ് കൗണ്ടർടോപ്പിലിരിക്കുന്ന നാരങ്ങ മൃദുവായി മാറാനും ചുളിവ് വീഴാനും കാരണം. കൂടാതെ, വായുവും അന്തരീക്ഷത്തിലെ ചൂടും നേരിട്ട് തട്ടുന്നത് പൂപ്പൽ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.
നാരങ്ങ ഫ്രഷായി സൂക്ഷിക്കാനുള്ള എളുപ്പവഴികൾ:
വെള്ളത്തിൽ മുക്കിവെക്കാം:
ഒരു എയർടൈറ്റ് ഗ്ലാസ് പാത്രത്തിലോ പ്ലാസ്റ്റിക് കണ്ടെയ്നറിലോ നാരങ്ങകൾ പൂർണമായും മുങ്ങിനിൽക്കത്തക്കവിധം വെള്ളം നിറച്ച് ഫ്രിജിൽ സൂക്ഷിക്കുക.
നാലോ അഞ്ചോ ദിവസത്തിലൊരിക്കൽ പാത്രത്തിലെ വെള്ളം മാറ്റിമാറ്റി കൊടുത്താൽ ഒരു മാസത്തിൽക്കൂടുതൽ സമയം നാരങ്ങ ഒട്ടും ചുളിവ് വീഴാതെ ഫ്രഷായി ഇരിക്കും.
ഫ്രിജിൽ സൂക്ഷിക്കാം:
കഴുകാത്ത മുഴുവൻ നാരങ്ങകളും ചെറിയ ദ്വാരങ്ങളുള്ള പ്ലാസ്റ്റിക് ബാഗുകളിലോ വായുസഞ്ചാരമുള്ള പാത്രങ്ങളിലോ ആക്കി ഫ്രിജിലെ വെജിറ്റബിൾ ട്രേയിൽ സൂക്ഷിക്കുക. ഇത് നാരങ്ങയിലെ ഈർപ്പം നഷ്ടപ്പെടുന്നത് തടയും.
ഫ്രീസിങ് രീതി:
കൂടുതൽ നാരങ്ങ വാങ്ങുമ്പോൾ നാരങ്ങാനീര് പിഴിഞ്ഞെടുത്ത് ഐസ് ക്യൂബ് ട്രേകളിൽ ഒഴിച്ച് ഫ്രീസ് ചെയ്യാം. ഐസ് കട്ടകളായ ശേഷം ഇവ ഒരു ഫ്രീസർ ബാഗിലേക്ക് മാറ്റി ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാം.
നാരങ്ങയുടെ പുറംതൊലി ചിരകിയെടുത്ത് ചെറിയ എയർടൈറ്റ് ബാഗുകളിലാക്കിയും ഫ്രീസ് ചെയ്യാം.
മുറിച്ച നാരങ്ങ സൂക്ഷിക്കാൻ:
മുറിച്ച ഭാഗം ക്ലിങ് ഫിലിം ഉപയോഗിച്ച് നന്നായി പൊതിഞ്ഞു വെയ്ക്കുകയോ, ഒരു ചെറിയ പ്ലേറ്റിൽ മുറിച്ച ഭാഗം താഴേക്ക് വരുന്ന രീതിയിൽ വെയ്ക്കുകയോ ചെയ്യാം.
വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിജിൽ വെച്ചാൽ 3 മുതൽ 4 ദിവസം വരെ കേടുകൂടാതെയിരിക്കും.
നാരങ്ങ സൂക്ഷിക്കുമ്പോൾ അമിതമായ മൃദുത്വമോ കറുത്ത പാടുകളോ പൂപ്പലോ കാണപ്പെടുകയാണെങ്കിൽ അവ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.


