ഏകദിന ക്രിക്കറ്റിലെ 14ാം മത്സരത്തിൽ വമ്പൻ റെക്കോഡ് സ്വന്തമാക്കി സൗത്ത് ആഫ്രിക്കൻ താരം മാത്യു ബ്രീഡ്സ്കേ. ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ ഏകദിനത്തിലെ ആദ്യ 14 ഇന്നിങ്സുകളിൽ ഏറ്റവും കൂടുതൽ 50+ റൺസ് സ്കോർ ചെയ്യുന്ന താരമായാണ് ബ്രീഡ്സ്കേ റെക്കോഡിട്ടത്.
സൗത്ത് ആഫ്രിക്കക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചതിന് ശേഷം ആദ്യ 14 ഏകദിന ഇന്നിങ്സിൽ നിന്നും എട്ട് തവണയാണ് താരം 50 കടന്നത്. ഈ റെക്കോഡിൽ മുൻ ഇന്ത്യൻ താരം നവ്ജ്യോത് സിങ് സിദ്ധുവിനൊപ്പമാണ് സൗത്ത് ആഫ്രിക്കൻ താരം.
ഓസ്ട്രേലിയക്കെതിരെ 106 പന്തുകളിൽ നിന്നും 112 റൺസ് നേടിയാണ് ബ്രീഡ്സ്കേ തിളങ്ങിയത്. 14 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഏകദിനത്തിലെ താരത്തിന്റെ രണ്ടാം സെഞ്ച്വറി നേട്ടമാണിത്. രണ്ട് സെഞ്ച്വറിയും ആറ് അർധ സെഞ്ച്വറികളുമായാണ് ബ്രീഡ്സ്കേ നേടിയത്. ഇതുവരെ 822 റൺസും താരം ഇതുവരെ നേടിയിട്ടുണ്ട്.
മത്സരത്തിൽ 67 റൺസിന്റെ വമ്പൻ വിജയമാണ് സൗത്ത് ആഫ്രിക്ക ഓസ്ട്രേലിയക്കെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 297 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 41.2 ഓവറിൽ 230 റൺസിന് പുറത്തായി.
സൗത്ത് ആഫ്രിക്കൻ ബൗളിങ്ങിൽ കേശവ് മഹാരാജ് നാല് വിക്കറ്റുകൾ നേടി ഓസ്ട്രേലിയയെ എറിഞ്ഞു വീഴ്ത്തി. ബ്യോൺ ഫോർട്ടുയിൻ, കോർബിൻ ബോഷ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി ടീമിന്റെ വിജയത്തിൽ നിർണായകമായി.


