പാട്യാല: യൂണിവേഴ്സിറ്റി ക്യാമ്പസിൽ പ്രേതബാധയുണ്ടെന്ന സോഷ്യൽ മീഡിയ വ്യാജപ്രചാരണങ്ങളെ തുടർന്ന് പാതിരാത്രിയിൽ തെരുവിലിറങ്ങി വൻ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. പഞ്ചാബ് പാട്യാലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനമായ ചിത്കാര യൂണിവേഴ്സിറ്റിയിലാണ് വെള്ളിയാഴ്ച രാത്രി നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
യൂണിവേഴ്സിറ്റി ക്യാമ്പസിന് പുറത്ത് തടിച്ചുകൂടിയ വിദ്യാർത്ഥികൾ പൊലീസിന്റെ പട്രോളിംഗ് വാഹനം തകർത്തു. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.
വില്ലനായി സോഷ്യൽ മീഡിയ പോസ്റ്റുകൾ
ക്യാമ്പസിനുള്ളിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ പ്രേതം ഹോസ്റ്റൽ നിവാസികളെ പിന്തുടരുന്നു എന്ന രീതിയിൽ പ്രചരിച്ച ചില വീഡിയോകളാണ് വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചത്.
നിലവിളി ശബ്ദവും പണ്ഡിറ്റ് ജിയും:
പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് ഭയപ്പെടുത്തുന്ന നിലവിളി ശബ്ദങ്ങൾ കേട്ടതായും, പ്രശ്നപരിഹാരത്തിനായി പെൺകുട്ടികളുടെ ഹോസ്റ്റലിൽ ‘പണ്ഡിറ്റ് ജി’ (പൂജാരി) സന്ദർശനം നടത്തിയതായും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രചരിച്ചു.
ഈ വിവരങ്ങൾ കാട്ടുതീ പോലെ പടർന്നതോടെ ഭീതിയിലായ വിദ്യാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.
പ്രചാരണം അടിസ്ഥാനരഹിതമെന്ന് യൂണിവേഴ്സിറ്റി
എന്നാൽ പ്രേതബാധയുണ്ടെന്ന വാർത്തകൾ തികച്ചും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ചിത്കാര യൂണിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കി.മരണങ്ങളോ ആത്മഹത്യയോ നടന്നിട്ടില്ല: ഹോസ്റ്റലിൽ ആരും മരണപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല.
ആംബുലൻസിന്റെ വരവ്:
വ്യാഴാഴ്ച രാവിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ഒരു വിദ്യാർത്ഥിയെ തിരികെ ഹോസ്റ്റലിൽ എത്തിക്കാനാണ് ആംബുലൻസ് ക്യാമ്പസിലേക്ക് വന്നത്.
പൂജാരിയുടെ സന്ദർശനം:
ഹോസ്റ്റലിൽ പണ്ഡിറ്റ് ജി എത്തിയത് പ്രേതബാധ ഒഴിപ്പിക്കാനല്ല, മറിച്ച് അവിടെ താമസിക്കുന്ന അദ്ദേഹത്തിന്റെ സ്വന്തം മകളെ കാണാനാണ്.
സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഇത്തരം വ്യാജവാർത്തകളും അപവാദങ്ങളും വിശ്വസിക്കരുതെന്ന് യൂണിവേഴ്സിറ്റി അധികൃതർ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും അഭ്യർത്ഥിച്ചു.
രണ്ട് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ചു
അതേസമയം, പ്രതിഷേധത്തിനിടെ രണ്ട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് വിദ്യാർത്ഥികൾ തങ്ങളോട് പറഞ്ഞതായി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഇത് സംബന്ധിച്ച് വിദ്യാർത്ഥികളിൽ നിന്ന് രേഖാമൂലം പരാതി ലഭിച്ചിട്ടുണ്ടെന്നും, എന്നാൽ കാണാതായവർ ആരെല്ലാമാണെന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സമഗ്രമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


