ന്യൂഡല്‍ഹി : ജനാധിപത്യ ധ്വംസനത്തിന് നേതൃത്വം നല്കിയ രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഡല്‍ഹിയില്‍ ആരംഭിച്ച പ്രക്ഷോഭതെ നിര്‍വീര്യമാക്കാന്‍ റോഡുകളും മെട്രോ സ്റ്റേഷനുകളും ഇന്റര്‍ നെറ്റും പോലിസ് തടസപ്പെടുത്തിയിട്ടും നൂറുകണക്കിന് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും അണിനിരത്തി യൂത്ത് ലീഗും എംഎസ്എഫും നടത്തുന്ന പ്രതിഷേധ പരിപാടികള്‍ ശ്രദ്ധേയമാവുന്നു.
ജന്ദര്‍ മന്ദറിന്റെ കിലോമീറ്ററുകള്‍ ചുറ്റവളവില്‍ ഒന്നില്‍ കൂടുതല്‍ പേരെ കണ്ടാല്‍ പോലും ഡല്‍ഹി പൊലിസ് തടഞ്ഞു വെക്കുകയാണ്. കേന്ദ്ര കമ്മിറ്റി കൂടാനെത്തിയ സിപിഎം നേതാക്കളെ കേരള ഹൗസില്‍ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും അറസ്റ്റ് ചെയ്തു നീക്കിയ പോലിസിന് സമര കേന്ദ്രം മാറ്റാനുള്ള യൂത്ത് ലീഗ് എംഎസ്എഫ് നേതാക്കളുടെ തന്ത്രപൂര്‍വ തീരുമാനം മുന്‍കൂട്ടി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
പ്ലകാര്ഡുകളെന്തി ഡല്‍ഹി ഗേറ്റിന് മുന്നിലൂടെ പ്രകടനമായി രാജ്ഘട്ടിലെത്തിയപ്പോഴാണ് പൊലിസ് സംഘം യൂത്ത് ലീഗ് പ്രതിഷേധത്തെ തടയുന്നത്.
സമരം നടത്തുന്നത് മുന്‍കൂട്ടി തടയാനുള്ള ശ്രമം പരാജപ്പെട്ടതിന്റെ അരിശം തീര്‍ക്കുന്ന രീതിയില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട സമര സംഘത്തെ അതി ക്രൂരമായി തല്ലിച്ചതച്ചാണ് പൊലിസ് വാഹനങ്ങളിലേക്ക് എടുത്തെറിഞ്ഞത്. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ ഷിബു മീരാനും സെക്രട്ടറി സാജിദ് നടുവണ്ണൂരും ഉള്‍പ്പെട്ട സംഘത്തെ ബുരാരി പോലിസ് സ്റ്റേഷനിലേക്കും എംഎസ്എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സികെ ശാക്കിര്‍ ഉള്‍പ്പെട്ട സംഘത്തെ ഡല്‍ഹി ഹരിയാന അതിര്‍ത്തി പ്രദേശമായ ഭവാനയിലെ സ്റ്റേഡിയത്തിലൊരുക്കിയ പ്രത്യേക തടങ്കല്‍ കേന്ദ്രത്തിലേക്കുമാണ് പൊലിസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയിരുന്നത്.
പത്തു മണിക്കൂറോളം തടങ്കലില്‍ വെച്ച ശേഷമാണ് യൂത്ത് ലീഗ് എംഎസ്എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും പൊലിസ് വിട്ടയച്ചത്. മുസ്ലിം ലീഗ് ദേശീയ വൈസ്പ്രസിഡന്റ് ദസ്ഥഗീര്‍ ആഗ, യൂത്ത് ലീഗ് ദേശീയ സമിതി അംഗം എംപി അബ്ദുല്‍ അസീസ്, അഡ്വ.അഫ്സല് യുസുഫ്, എംഎസ്എഫ് നേതാക്കളായ മഫാസ്, സന, ഹന, ഹനീന്, അയ്മന്, ശദ (ഡല്‍ഹി ജാമിഅ), നഹ്ദ, സഫ്വാന്, നിസാം, റിയാന, മുബാഷ്, ഹനാന് (ഡല്‍ഹി യൂണിവേഴ്സിറ്റി), ശുഐബ് (ജെ.എന്‍.യു), കെസി മുര്‍ഷിദ്, കെപി ശാമില്‍, ഇല്യാസ് റഹ്മാന് (അലിഗഡ് യൂണിവേഴ്സിറ്റി) തുടങ്ങി സമരത്തിന് നേതൃത്വം നല്കിയവരെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഗ്യാനേഷ് കുമാര്‍ രാജി വെക്കും വരെ സമരം തുടരുമെന്നും ‘ദില്ലി ചലോ’ എന്ന പേരില്‍ ഇന്ന് ജന്ദര്‍ മന്ദറില്‍ പ്രക്ഷോഭം നടക്കുമെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ ഷിബു മീരാനും എംഎസ്എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജുവും അറിയിച്ചുb


