മറ്റുള്ള നടിമാരുമായി താരതമ്യം ചെയ്യുന്നതിനെ ഇപ്പോൾ മത്സരമായി കാണാറില്ലെന്ന് നടി അനശ്വര രാജൻ. സോഷ്യൽ മീഡിയിയിലെ പ്രതികരണങ്ങളും താരതമ്യങ്ങളും ഒരുകാലത്തു തന്നെ വേദനിപ്പിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ സ്വന്തം ജോലിയും കഴിവുകൾ മികച്ചതാക്കാൻ ശ്രമിക്കുന്നതിലാണ് ശ്രദ്ധയെന്നും അനശ്വര പറഞ്ഞു. ഗേൾ ഫോർമുല എന്ന യുട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനശ്വര.
‘ഒരുകാലത്ത് ഇത്തരം കാര്യങ്ങളെല്ലാം എന്നെ ഒരുപാട് ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ എന്നെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് അറിയാം. ചെയ്യുന്ന സിനിമകൾ, കഥാപാത്രങ്ങൾ, എന്റെ കഴിവുകൾ മെച്ചപ്പെടുത്തുക എന്നിവയ്ക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് മറ്റുള്ള കാര്യങ്ങളൊന്നും ഇപ്പോൾ എന്നെ ബാധിക്കാറില്ല. ആളുകൾ എന്തിനാണ് എന്നെ വെറുക്കുന്നതെന്ന് മനസ്സിലായിരുന്നില്ല.
ഞാൻ എന്ത് തെറ്റാണ് ചെയ്തത് എവിടെയാണ് പിഴച്ചത് എന്നൊക്ക ഞാൻ അടുപ്പമുള്ളവരോട് ചോദിച്ചിരുന്നു. സോഷ്യൽ മീഡിയ തുറക്കാനോ യുട്യൂബിൽ എന്റെ പേര് തിരഞ്ഞുനോക്കാനോ പോലും പേടി ആയിരുന്നു. എവിടെയെങ്കിലും എനിക്കെതിരെ അധിക്ഷേപ കമന്റുകൾ കാണുമോ എന്നായിരുന്നു പേടി. ചില ദിവസങ്ങളിൽ മുറിയിൽ ഇരുന്ന് ഞാൻ കരയുമായിരുന്നു” അനശ്വര രാജൻ പറഞ്ഞു.


