. കെ. സൈനുൽ ആബിദീൻ
രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവവും അവിസ്മരണീയവുമായ ഒരു സ്ഥാനമാണ് സോണിയാ ഗാന്ധിക്കുള്ളത്. വ്യക്തിപരമായ പ്രതിസന്ധികളും വലിയ വെല്ലുവിളികളും നിറഞ്ഞ വഴികളിലൂടെ നടന്ന്, ഇന്ത്യ എന്ന മഹത്തായ ജനാധിപത്യ രാജ്യത്തിന്റെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞ ഒരു നേതാവാണ് അവർ അടുത്തിടെ പുറത്തിറങ്ങിയ അവരുടെ ആത്മകഥാ പുസ്തകമായ ‘ബിലോങ്ങിംഗ് എ ജേർണി ഓഫ് ലവ്’ എന്ന കൃതി, കേവലം ഒരു പുസ്തകം എന്നതിനേക്കാളുപരി, ഇന്ത്യയോടുള്ള ഒരു സ്ത്രീയുടെ നിർവ്യാജമായ പ്രണയത്തിന്റെയും ത്യാഗത്തിന്റെയും സമർപ്പണ ത്തിന്റെയും സാക്ഷ്യപത്രമായാണ് കാലം അടയാളപ്പെടുത്തുക
2004ലെ പൊതുതിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ നിർണായകമായ ഒരു വഴിത്തിരിവായിരുന്നു. രാജ്യത്ത് വളർന്നുവന്ന വർഗീയ ധ്രുവികരണങ്ങൾക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ മതേതര കക്ഷികൾ ഒന്നിക്കുകയും, ജനാധിപത്യശക്തികൾ അധികാരം തിരിച്ചുപിടിക്കുകയും ചെയ്തു. അന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായിരുന്ന സോണിയാ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമെന്ന് രാജ്യം മുഴുവൻ പ്രതീക്ഷിച്ച നിമിഷമായിരുന്നു അത്. എന്നാൽ തനിക്ക് നേരെ നീണ്ട രാജ്യത്തിന്റെ പരമോന്നത ഭരണപദവിയെ തികഞ്ഞ ശാന്തതയോടെയും അന്തസോടെയും അവർ നിരസിച്ചു.
2004 മുതൽ 2014 വരെ പുരോഗമന മുന്നണി ഭരണകാലം ഇന്ത്യയുടെ വികസനത്തിലും സാമൂഹിക ക്ഷേമത്തിലും പുതിയ അധ്യായങ്ങൾ കുറിച്ച കാലഘട്ടമായിരുന്നു. യു.പി.എ അധ്യക്ഷ എന്ന നിലയിൽ സോണിയാ ഗാന്ധി നൽകിയ നേതൃത്വം രാജ്യത്തെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതത്തെ നേരിട്ട് സ്പർശിക്കുന്നതായിരുന്നു. അവരുടെ സങ്കൽപ്പത്തിൽ നിന്നാണ് ‘നാഷണൽ അഡ്വൈസറി കൗൺസിൽ രൂപം കൊണ്ടത്. രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് അവകാശങ്ങൾ അധിഷ്ഠിതമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
മതേതര കൂട്ടുകെട്ടിന്റെ ഈടുവെയ്പ്
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും ഇന്ത്യൻ നാഷണൽ കോൺഗ്രസും തമ്മിലുള്ള ബന്ധം കേവലമായ തിരഞ്ഞെടുപ്പ് സംഖ്യകക്ഷികൾ എന്നതിനേക്കാളുപരിയായിരുന്നു. അത് ഈ രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ രൂപപ്പെട്ട പവിത്രമായ ഒരു രാഷ്ട്രീയ ബന്ധമായി കാലം അടയാപ്പെടുത്തുന്നതായിരിക്കും. ഈ ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കുന്നതിൽ സോണിയാ ഗാന്ധി വഹിച്ച പങ്ക് പ്രധാനപ്പെട്ടതാണ്. യു.പി.എ സർക്കാരിൻ്റെ കാലഘട്ടത്തിൽ മുസ്ലിം ലീഗിന് അർഹമായ പരിഗണനയും പ്രാധാന്യവും നൽകാൻ സോണിയാ ഗാന്ധി എപ്പോഴും ശ്രദ്ധിച്ചിരുന്നു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിലും, അവരെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിലും ലീഗ് മുന്നോട്ടുവെച്ച നിർദ്ദേശങ്ങളെ അവർ എപ്പോഴും അടരുകളില്ലാതെ സ്വീകരിച്ചു. സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിലും ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം രൂപീകരിക്കുന്നതിലും സോണിയാ ഗാന്ധിയുടെ ഉദാരമായ കാഴ്ച്ചപ്പാട് വലിയ പങ്കുവഹിച്ചിട്ടുണ്ട്.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സോണിയാ ഗാന്ധിയും തമ്മിൽ നിലനിന്നിരുന്ന ബന്ധം വ്യക്തിപരമായ സൗഹൃദത്തിനും അപ്പുറം വലിയ രാഷ്ട്രീയ വിവേകത്തിൻ്റെ പ്രതീകമായിരുന്നു. ശിഹാബ് തങ്ങളുടെ ശാന്തമായ വ്യക്തിത്വത്തെയും, ഉന്നതമായ മതേതര കാഴ്ചപ്പാടുകളെയും സോണിയാ ഗാന്ധി വളരെയധികം ബഹുമാനിച്ചിരുന്നു. ഡൽഹിയിൽ പോകുമ്പോഴോ, തങ്ങൾ ഡൽഹി സന്ദർശിക്കുമ്പോഴോ അവർ തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചകൾ എപ്പോഴും ഊഷ്മളമായിരുന്നു. രാജ്യത്ത് വന്യമായ വർഗീയ പ്രചാരണങ്ങൾ അഴിച്ചുവിട്ട ഘട്ടങ്ങളിലൊക്കെയും കേരളത്തിൽ സമാധാനവും സൌഹാർദ്ദവും നിലനിർത്താൻ ശിഹാബ് തങ്ങൾ കാണിച്ച നേതൃപാടവത്തെ സോണിയാഗാന്ധി പലപ്പോഴും പരസ്യമായി പ്രശംസിച്ചിട്ടുണ്ട് ഇ. അഹമ്മദിന് സോണിയാ ഗാന്ധി നൽകിയ പരിഗണന പ്രത്യേക പരാമർശം അർഹിക്കുന്നതാണ്.
വിദേശകാര്യ വിഷയങ്ങളിലും അറബ് ലോകവുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിലും അഹമ്മദ് സാഹിബിനുണ്ടായിരുന്ന അഗാധമായ അറിവിനെയും നയതന്ത്ര പ്രാഗത്ഭ്യത്തെയും സോണിയാ ഗാന്ധിയും പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും പൂർണമായി വിശ്വസിച്ചിരുന്നു. യു.പി.എ സർക്കാരിൽ വിദേശകാര്യ വകുപ്പിന്റെ ചുമതല അഹമ്മദ് സാഹിബിനെ ഏൽപ്പിക്കുമ്പോൾ, അത് മുസ്ലിം ലീഗിനോടും അഹമ്മദിൻ്റെ വ്യക്തിപരമായ കഴിവുകളോടുമുള്ള ആദരവായിരുന്നു. പല അന്താരാഷ്ട്ര പ്രതിസന്ധികളിലും, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ മലയാളി തൊഴിലാളികളും ഇന്ത്യൻ സമൂഹവും നേരിട്ട പ്രശ്നങ്ങളിൽ അഹമ്മദ് സാഹിബ് നടത്തിയ ഇടപെടലുകൾക്ക് സോണിയാ ഗാന്ധിയുടെ പൂർണ പിന്തുണയുണ്ടായിരുന്നു. പാർലമെന്റിലും നയതന്ത്ര തലങ്ങളിലും അഹമ്മദ് പുലർത്തിയ അന്തസ്സും മികവും യു.പി.എ സർക്കാരിൻ്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചു. ഇ. അഹമ്മദിന്റെ നിര്യാണ സമയത്ത് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പുലർത്തിയ വൈകാരികമായ അടുപ്പം, ആ ബന്ധം കേവലം രാഷ്ട്രീയത്തിനപ്പുറം എത്രത്തോളം ആഴമുള്ളതായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു. ആ ബന്ധം ഇന്ന് സയ്യിദ് സാദിഖലി തങ്ങളുമായും പി.കെ കുഞ്ഞ ലിക്കുട്ടിയുമായും ഇ.ടി മുഹമ്മദ് ബ ഷീറുമായും അവർ തുടർന്നു പോരുന്നു.
ഇന്ന് ഇന്ത്യ കടന്നുപോകുന്നത് ഭരണഘടനാ മൂല്യങ്ങളും മതേതരവും കടുത്ത വെല്ലുവിളികൾ നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ്. ജനാധിപത്യ സ്ഥാപനങ്ങൾ ഓരോന്നായി തകർക്കപ്പെടുകയും, ന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗങ്ങളും ആശങ്കയുടെ നിഴലിൽ കഴിയുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് പ്രസക്തിയേറുകയാണ്. സ്വന്തം ജീവിതത്തിലെ വ്യക്തിപരമായ നഷ്ടങ്ങളെ രാജ്യത്തോടുള്ള സേവനമാക്കി മാറ്റിയ ഒരു വനിതയ്ക്ക് മാത്രമേ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഉറച്ചുനിൽക്കാൻ കഴിയൂ. രോഗവിവരങ്ങളും പ്രായത്തിന്റെ പ്രയാസങ്ങളും അലട്ടുമ്പോഴും, രാജ്യത്തിന്റെ നന്മയ്ക്കായി ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിലടക്കം അവർ നൽകിയ മാർഗനിർദ്ദേശങ്ങൾ വിലമതിക്കാനാവാത്തതാണ്. പുതിയ പുസ്തകമായ ‘ബി ലോങ്ങിംഗ്: എ ജേർണി ഓഫ് ലവ് പുറത്തിറങ്ങിയപ്പോൾ, അത് കേവലം ഒരു വ്യക്തിയുടെ ഓർമക്കുറിപ്പുകളായി മാത്രമല്ല രാജ്യം കണ്ടത്. അത് ഇന്ത്യയെന്ന ആ ശയത്തോടുള്ള ഒരു സ്ത്രീയുടെ അവിഭാജ്യമായ ബന്ധത്തിൻ്റെ കഥയായിട്ടാണ് നമ്മുടെ രാജ്യം സ്വീകരിച്ചത്. ഇറ്റലിയിൽ ജനിച്ചെങ്കിലും, ഇന്ത്യയുടെ മണ്ണിൽ തന്റെ ജീവിതവും കണ്ണീരും രക്തവും സമർപ്പിച്ച സോണിയാ ഗാന്ധി, ഈ രാജ്യത്തിന്റെ മകളാണ് എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണ് ഈ പുസ്തകം.


