ചേരാനെല്ലൂരിൽ 17 വയസുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി നടത്തിയ അഭൂതപൂർവമായ ഇടപെടൽ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. അഡീഷണൽ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാറിടിച്ചുണ്ടായ അപകടത്തിൽ, പ്രതിയെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഇടപെടൽ ഉണ്ടായത്. സി.ഐ ശ്യാംകുമാർ, , എസ്.എച്ച്.ഒ വിശ്വജിത്ത്, എസ്.സി.പി.ഒ അരുൺ, എ.എസ്.ഐ മനോജ് എന്നിവരെ സസ്പെൻ്റ് ചെയ്തതിനു പുറമെ കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ സ്ഥാനത്തുനിന്ന് മാറ്റി ഉത്തരവിറക്കിയിരിക്കുകയുമാണ്.
കേസിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ഡി.ജി.പിക്ക് നിർദേശം നൽകിയ മന്ത്രി, പ്രതിക്ക് ജാമ്യം ലഭിക്കാൻ ഏതെങ്കിലും തരത്തിലുള്ള സമ്മർദമുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കാൻ ആവശ്യപ്പെട്ടു കഴിഞ്ഞു. സമ്മർദത്തിന് വഴങ്ങിയിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട പൊലീസ് ഉദ്യഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അതോടൊപ്പം സംഭവത്തിൽ പൊലീസിന് പറ്റിയ വീഴ്ച്ച തുറന്നുപറഞ്ഞ അദ്ദേഹം കുറ്റക്കാരായ പൊലീസിനെ സംരക്ഷിക്കേണ്ട ഒരു ബാധ്യതയും തനിക്കില്ലെന്നും ആർജ്ജവത്തോടെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇഛാശക്തിയുള്ള ഈ സമീപനത്തിലൂടെ ഒരു പതിറ്റാണ്ടിനുശേഷം ആഭ്യന്തരവകുപ്പിന് ആജ്ഞാശക്തിയുള്ള ഒരു ഭരണാധികാരിയെ ലഭിച്ചുവെന്ന യാഥാർത്ഥ്യത്തിന് കേരളം ഒന്നടങ്കം അടിവരയിടുകയാണ്.
കഴിഞ്ഞ പത്തുവർഷക്കാലം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, പൊലീസിൻ്റെ ഏതു ചെയ്തികളെയും ന്യായീകരിക്കുകയെന്ന പണിമാത്രമായിരുന്നു ചെയ്തുപോന്നിരുന്നത്. അതുകൊണ്ടുതന്നെ വേലിതന്നെ വിള തിന്നുന്ന തരത്തിൽ ക്രമസമാധാനപാലകരായ പൊലീസിന്റെ അതിക്രമങ്ങൾക്ക് പൊതുജനങ്ങൾക്കും പൊതുപ്രവർത്തകർക്കുമെല്ലാം ഒരുപോലെ സാക്ഷിയാകേണ്ടി വരികയും ചെയ്തു. തൽഫലമായി ക്രിമിനൽവൽക്കരണമുൾപ്പെടെയുള്ള അപകടകരമായ പ്രവണതകൾ പൊലീസ് സേനയിൽ തഴച്ചുവളരുകയും സമാധാനപരമായ പ്രതിഷേധങ്ങളും പ്രതികരണങ്ങളുമെല്ലാം അതിക്രൂരമായ രീതിയിൽ വേട്ടയാടപ്പെടുന്നതിനും കേരളത്തിന് സാക്ഷ്യം വഹിക്കേണ്ടിവരികയും ചെയ്യുകയുണ്ടായി. പൊലീസ് നരനായാട്ടിന്റെ ആസുരമായ ആ കാലത്തിൻ്റെ ദുരന്ത സാക്ഷികളെന്നോണം എണ്ണമറ്റ മനുഷ്യരാണ് ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തീ തിന്നുകൊണ്ട് ജീവിക്കുന്നത്. നിർലജ്ജം അരങ്ങേറിക്കൊണ്ടിരുന്ന ന്യായീകരണങ്ങൾ ഭരണകൂടത്തിൻറെ ഭാഗത്തുനിന്നുള്ള അനീതിക്കും അതിക്രമങ്ങൾക്കും പ്രോത്സാഹനമായിത്തീർന്നെങ്കിലും ജനം എല്ലാത്തിനും എണ്ണിയെണ്ണിക്കണക്കു പറഞ്ഞതിന്റെ പ്രതിഫലനം കൂടിയായിരുന്നു ഇക്കഴിഞ്ഞ ജനവിധി.
നാഥൻ നഷ്ടപ്പെട്ട ഒരു കുടുംബത്തിൻ്റെ വേദന മരണപ്പെട്ട ജയ ബാലകൃഷ്ണൻ്റെ മക്കളിലൂടെ കേരളം നിറഞ്ഞകണ്ണുകളോടെയാണ് ദർശിച്ചത്. ജഡ്ജിയെ അറസ്റ്റു ചെയ്യണം, ദൃക്സാക്ഷികൾ പകർത്തിയ 17 കാരന്റെ ചിത്രം ഡിലീറ്റ് ചെയ്യിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പൊലീസുകാർക്കെതിരെ നടപടി വേണം എന്നീ ആവശ്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ മക്കൾ ഉന്നയിച്ചത്. ദാരുണമായ ഈ സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രതിപക്ഷം വിഷയം അടിയന്തരപ്രമേയമായി നിയമസഭയിൽ കൊണ്ടുവരികയും ചെയ്തു. ഈ ഘട്ടത്തിലാണ് ആഭ്യന്തരവകുപ്പ് മന്ത്രി, കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്നും ജയയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കിയത്. ഒരാളുടെ മരണത്തിനിടയാക്കിയ പ്രതിക്ക് ജാമ്യം നൽകരുതായിരുന്നുവെന്നും ആഭ്യന്തരമന്ത്രി എന്ന നിലയിൽ ഈ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.
ജയയുടെ മകളോട്, പ്രതിയുടെ പിതാവായ ജഡ്ജി പൊലീസ് സ്റ്റേഷനിലെത്തി കയർത്തു സംസാരിച്ചെന്നും കേസ് അട്ടിമറിക്കാനാണ് ജഡ്ജി സ്റ്റേഷനിലെത്തിയതെന്നാണ് തന്റെ നി ലപാടെന്നും അദ്ദേഹം തുറന്നുപറയുകയുണ്ടായി. എ.ഡി.ജി.പി പി. വിജയൻ സംഭവ സ്ഥലം സന്ദർശിച്ചതും ഇരകളാക്കപ്പെട്ടവരോടുള്ള സർക്കാറിന്റെയും ആഭ്യന്തരവകുപ്പിൻ്റെയും കരുതലിൻ്റെയും ഐക്യദാർഢ്യത്തിന്റെയും മറ്റൊരുദാഹരണം കൂടിയാണ്. തലസ്ഥാനത്തുനിന്ന് സംഭവസ്ഥലത്തെത്തിയ എ.ഡി.ജി.പി ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലേക്കാണ് ആദ്യമെത്തിയത്. ജില്ലയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കാര്യങ്ങൾ ചർച്ച ചെയ്തശേഷം സംഭവസ്ഥലവും ജയ ബാലകൃഷ്ണൻ്റെ വീടും സന്ദർശിക്കുകയുണ്ടായി.
കേസന്വേഷണത്തിൽ ഒരു പിഴവും ഇനിയുണ്ടാകില്ലെന്ന ഉറപ്പും നൽകിയാണ് അദ്ദേഹം മടങ്ങിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് ഒരു ഭരണകൂടത്തിന്റെ ഏറ്റവും പ്രധാന ഉത്തരവാദിത്തം. ആ ഉത്തരവാദിത്തം നിറവേറ്റാൻ യു.ഡി.എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നതിന്റെ പ്രഖ്യാപനമാണ് ആഭ്യന്തരമന്ത്രിയുടെ അതിശക്തമായ ഇടപെടലിലൂടെ ഉണ്ടായിരിക്കു ന്നത്.


