മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരപരമ്പരകളെ അടിച്ചമർത്താനുള്ള പൊലീസിൻ്റെ ശ്രമങ്ങൾ മനുഷ്യാവകാശ ധ്വംസനത്തിന്റെയും ഭരണകൂടഭീകരതയുടെയും ഏറ്റവുംപ്രത്യക്ഷമായ ഉദാഹരണമായിത്തീർന്നിരിക്കുകയാണ്.
ഐക്യരാഷ്ട്രസഭവരെ ഇടപെട്ട വിഷയത്തിൽ ഇപ്പോൾ പരമോന്നത നീതിപീഠംതന്നെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രതിഷേധങ്ങളിൽ ഭയന്നുവിറച്ചുനിൽക്കുന്ന ഭരണകൂടം, അജ്ഞാത കേന്ദ്രങ്ങളിലിരുന്ന് സമരത്തെ അടിച്ചമർത്താനുള്ള ആഹ്വാനങ്ങൾ പുറപ്പെടുവിക്കുമ്പോൾ അത് ശിരസ്സാവഹിക്കുന്ന ക്രമസമാധാന പാലകർ, സമരക്കാരുടെ അസാധാരണവും അപ്രതീക്ഷിതവുമായ നീക്കങ്ങൾക്കുമുന്നിൽ ചുളിപ്പോവുന്ന കാഴ്ച്ചയാണ് പലപ്പോഴും കാണാൻ കഴിഞ്ഞിരുന്നത്.
എന്നാൽ ദിവസങ്ങൾ പിന്നിടുംതോറും പ്രതിഷേധത്തിന്റെ തീജ്വാലയായിയ ജന്തർ മന്തർ അടക്കമുള്ള സമരകേന്ദ്രങ്ങൾ മാറുമ്പോൾ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട വിഭ്രാന്തിയിലായ പൊലീസ് മൃഗീയമായ സമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ധർമേന്ദ്ര പ്രധാനെതിരെ സി.ജെ.പി നടത്തിയ കയ്പാർന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച്ചത്തെ അവരുടെ സമരത്തെ പ്രതിരോധിക്കാൻ പൊലീസ് നടത്തിയ മുന്നൊരുക്കങ്ങൾ അടിയന്തിരാവസ്ഥക്കാലത്തുപോലും ദർശിക്കാൻ കഴിയാത്തത്രയും ക്രൂരമായ രീതിയിലായിരുന്നു.
സി.ജെ.പി മുന്നണിപ്പോരാളികളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ വിമാനങ്ങളിൽവെച്ചുൾപ്പെടെ അറസ്റ്റുചെയ്തു നീക്കിയപ്പോൾ സമരത്തിന് പിന്തുണയുമായെത്തിയ ഇൻഫ്ളുവെൻസർ ധ്രുവ്റാഠിയെ വീട്ടിൽകയറിയാണ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് ധ്രുവ് റാഠി വ്യക്തമാക്കിയിരുന്നു. ഇരുപതോളം ആളുകൾ അമ്മയെ തള്ളി മാറ്റി വീടിനകത്തേക്ക് അതിക്രമിച്ചു കയറി.
എത്തിയത് പൊലീസുകാരല്ലായിരുന്നു. സാധാരണ വസ്ത്രം ധരിച്ച ആളുകളായിരുന്നു. താൻ പ്രതികരിക്കും മുമ്പ് തന്നെ അക്ഷരാർത്ഥത്തിൽ തട്ടിക്കൊണ്ടുപോയി. ഇതൊരു അറ്സ്റ്റോ തടങ്കലോ അല്ലാത്തതിനാലാണ് ‘തട്ടിക്കൊണ്ടുപോയി’ എന്ന വാക്ക് ഉപയോഗിക്കുന്നത്. പൊലീസുകാർ യൂണിഫോമിൽ എത്തിയിരുന്നെങ്കിൽ സന്തോഷത്തോടെ പോകുമായിരുന്നു. അതാണ് നിയമപരമായ അറസ്റ്റ്. വീടിന് പുറത്ത് അമ്പതിലധികം ഗുണ്ടകൾ തമ്പടിച്ചിരുന്നതായി അറിഞ്ഞു. എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഈ പശ്ചാത്തലത്തിലാണ് പൊലീസ് നടപടിക്കെതിരെ സുപ്രീംകോടതിയുടെ ശക്തമായ വിമർശനമുണ്ടായത്. ഡെൽഹി മെട്രോ സ്റ്റേഷനുകൾ അടച്ച നടപടിയെ രൂക്ഷഭാഷയിൽ വിമർശിച്ച സുപ്രീം കോടതി, സാഹചര്യമനുസരിച്ച് മെട്രോ, റെയിൽ സർവീസുകൾ നിയന്ത്രിക്കാമെന്നും ഒരുകാരണവശാലും പൂർണമായി നിരോധിക്കരുതെന്നും നിർദ്ദേശിച്ചു.
നിയമവ്യവസ്ഥ തകരാറിലാകുന്നതുവരെ മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കണം. ഇൻറർനെറ്റ് നിരോധനം പാടില്ല. സർക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാൻ പൊലീസിന് അധികാരമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജീവരക്ഷയും സ്വാത ന്ത്ര്യവും ഒരു പോലെ പ്രധാനമാണ്. അത് പൗരനായാലും പൊലീസ് ഓഫീസറായാലും ഒരു പോലെയാണ്. ഇന്നലെ ദില്ലിയിലെ തെരുവിൽ നിന്ന എല്ലാവരെയും കസ്റ്റഡിയിൽ എടുത്ത സ്ഥിതിയുണ്ടായി. പൊതുജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണം. നിയമവ്യവസ്ഥ തകരാറിലാകുന്നതുവരെ മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കണം. ആളുകളെ കസ്റ്റഡിയിലെടുക്കേണ്ടി വന്ന സാഹചര്യവും അതിന് സ്വീകരിച്ച നടപടികളും വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സിജെപിയുടെ ജന്തർമന്തർ മാർച്ച് കണക്കിലെടുത്ത് പശ്ചിമ ബംഗാളിൽ നിന്ന് 40 കമ്പനിയും ഛത്തീസ്ഗഢിൽ നിന്ന് 30 കമ്പനിയും അധിക സേനയായിരുന്നു സുരക്ഷയ്ക്കായി എത്തിച്ചത്. സെൻട്രൾ ദില്ലിയിലെ ഉൾപ്പെടെ 57 മെട്രോ സ്റ്റേഷനുകൾ അടയ്ക്കാൻ മെട്രോ റെയിൽ കോർപ്പറേഷന് ശുപാർശ നൽകിയിരുന്നു. ഹസ്രത്ത് നിസാമുദ്ദീൻ, ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനുകളിലേക്ക് വരുന്ന 250 ഓളം ട്രെയിനുകളാണ് റദ്ദ് ചെയ്തത്. സിജെപി പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന ആഹ്വാനവുമായി ദില്ലി പൊലീസ് നേരിട്ട് രംഗത്തെത്തുകയുണ്ടായി. മസ് ജിദുകളിൽ അടക്കം എത്തി പൊലീസ് സന്ദേശം വായിച്ചു. ഉത്തരവുകൾ ലംഘിച്ചാൽ കർശനനടപടിയെന്നായിരുന്നു പൊലീസ് മുന്നറിയിപ്പ്. സമരമുഖത്തുള്ള മറ്റു വിദ്യാർത്ഥി യുവജന സംഘടനകളോടുമുള്ള പൊലീസ് സമീപനം മറിച്ചായിരുന്നില്ല. അയൽ രാജ്യങ്ങളിലേതിന് സമാനമായ ആക്രമണത്തിന് പദ്ധതിയുണ്ടെന്ന രഹസ്യാനേഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ് ചൂണ്ടിക്കാണിച്ച് വിവിധ പാർട്ടി ആസ്ഥാനങ്ങളുൾപ്പെടെ സമരക്കാർ തങ്ങാൻ സാധ്യതയുള്ള ഇടങ്ങളെല്ലാം പൊലീസ് റെയ്ഡിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ച്ച മണിപ്പൂർ സന്ദർശനം അടക്കം നിശ്ചയിച്ചിരുന്ന എല്ലാ സന്ദർശനങ്ങളും റദ്ദാക്കി ഡൽഹിയിൽ തന്നെ തങ്ങുന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലൊരുക്കുന്ന തന്ത്രങ്ങളാണ് യുദ്ധസമാനമായ മുന്നൊരുക്കങ്ങൾക്കുപിന്നിലെന്നത് സുവ്യക്തമാണ്. അതുകൊണ്ടുതന്നെ കോടതിയുടെ വിമർശനങ്ങൾ കേന്ദ്രസർക്കാറിനെ നേരിട്ടുലക്ഷ്യം വെച്ചുള്ളതാണെന്നതാണ് വസ്തുത. സംഭവങ്ങളിൽ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോട് സുപ്രീം കോടതി റിപ്പോർട്ട് തേടിയതും ഇതിന് അടിവരയിടുകയാണ്.


