2027 ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ നയിക്കാൻ സൂര്യകുമാർ യാദവിന് സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. രോഹിത് ശർമ്മയെ മറികടന്നുകൊണ്ട് സൂര്യകുമാർ യാദവിനെയാണ് വസീം ജാഫർ ഹർദിക്കിന്റെ പകരക്കാരനാവാൻ നിർദേശിച്ചത്. ഹർദിക് മുംബൈയുടെ ക്യാപ്റ്റനായി തുടരുമെന്ന് തോന്നുന്നില്ലെന്നും വസീം ജാഫർ വ്യക്തമാക്കി.
“അദ്ദേഹം കഴിവ് തെളിയിച്ച മികച്ച ഒരു താരമാണ്. വർഷങ്ങളായി മുംബൈ ടീമിന്റെ ഭാഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സൂര്യകുമാറിനെ പരിഗണിക്കുന്നതിൽ തെറ്റില്ല. ഈ ഐപിഎൽ സീസൺ അദ്ദേഹത്തിന് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഇത് അദ്ദേഹത്തിന് കൂടുതൽ പ്രചോദനം നൽകുമെന്നാണ് ഞാൻ കരുതുന്നത്.
കരിയറിന്റെ ഈ ഘട്ടത്തിൽ അദ്ദേഹം കൂടുതൽ ആവേശത്തോടെ കളിക്കാൻ സാധ്യതകൾ ഉണ്ട്. ക്യാപ്റ്റൻസി ലഭിക്കുന്നത് അദ്ദേഹത്തിന് ഗുണകരമായി മാറിയേക്കാം. ലോകകപ്പ് നേടിയ ക്യാപ്റ്റനാണ് സൂര്യകുമാർ യാദവ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നത് നല്ലൊരു തീരുമാനം ആയിരിക്കും എന്നാണ് എന്റെ അഭിപ്രായം. രോഹിത് ശർമയെ അവർ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് തോന്നുന്നില്ല. കാരണം അദ്ദേഹം ഇനി അധിക വർഷം കളിക്കാൻ സാധ്യതയില്ല” വസീം ജാഫർ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
മുംബൈ ടീമിന്റെ ക്യാപ്റ്റനായി ഹർദിക് പാണ്ഡ്യ തുടരുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും മുൻ ഇന്ത്യൻ താരം വിലയിരുത്തി.
“ഹർദിക് പാണ്ഡ്യ ക്യാപ്റ്റനായി തുടരുമെന്ന് എനിക്ക് തോന്നുന്നില്ല. മൂന്ന് സീസണുകളിലായി അദ്ദേഹം ടീമിനെ നയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്താൻ ഇപ്പോൾ മതിയായ അവസരങ്ങളുണ്ട്. മുംബൈ കിരീടങ്ങൾ നേടിയിട്ടുണ്ടെങ്കിലും ഹർദിക്കിന്റെ കീഴിൽ ടീമിന് ആ വിജയങ്ങൾ കൈവരിക്കാനാവില്ല.
മുംബൈ ഇന്ത്യൻസ് എങ്ങനെയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് അറിയാവുന്നതിൽ അവർ ഇത്തവണ മറ്റൊരു വഴിയിലേക്ക് പോകുമെന്നാണ് എന്റെ തോന്നൽ. ടീമിൽ ക്യാപ്റ്റനാവാൻ കഴിയുന്ന നിരവധി ആളുകളുണ്ട്. അതിനാൽ അവർ ആരെ തെരഞ്ഞെടുക്കുമെന്ന് അറിയാൻ ആകാംക്ഷയുണ്ട്” വസീം ജാഫർ കൂട്ടിച്ചേർത്തു.


