റായ്പൂർ: ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമാവുകയാണ്. ഹർമൻപ്രീത് കൗറിൽ നിന്ന് ഇന്ത്യൻ ടീമിന്റെ മുഴുവൻ സമയ നായകസ്ഥാനം ഏറ്റെടുത്തതിന് ശേഷം സ്മൃതി മന്ദാന ആദ്യ പോരാട്ടത്തിനിറങ്ങുന്നു.
സിംബാബ്വെയ്ക്കെതിരായ ടി20 ഐ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് (വെള്ളിയാഴ്ച) റായ്പൂരിൽ നടക്കും. വൈസ് ക്യാപ്റ്റനിൽ നിന്ന് മാറി, ഒരു ടീമിനെ ദീർഘകാലത്തേക്ക് നയിക്കാനുള്ള ഉത്തരവാദിത്തത്തോടെയാണ് മന്ദാന കളത്തിലിറങ്ങുന്നത്.
നായകസ്ഥാനത്തെക്കുറിച്ചും ടീമിനെ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും മന്ദാനയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. “ഞാൻ ഓരോ കളിക്കാരന്റെ ക്യാപ്റ്റനാണ്” എന്ന ലളിതമായ മന്ത്രവുമായാണ് മന്ദാന തന്റെ പുതിയ യാത്ര ആരംഭിക്കുന്നത്.
“ഒരു ക്യാപ്റ്റൻ എപ്പോഴും അവസാനമാണ്”: ബിസിസിഐ വീഡിയോയിൽ മന്ദാന
ക്യാപ്റ്റൻസിയുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബിസിസിഐ പുറത്തുവിട്ട പ്രത്യേക വീഡിയോയിൽ മന്ദാന മനസ്സുതുറന്നു.
“ഒരു ക്യാപ്റ്റൻ എന്ന നിലയിൽ നിങ്ങൾ സ്ഥാനങ്ങളിൽ ഒന്നാമതാണെങ്കിലും, ഒരു തരത്തിൽ നിങ്ങൾ എപ്പോഴും അവസാനമാണ്.
കളിക്കാർക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അവരെ സഹായിക്കാനും, കളിക്കളത്തിൽ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കാനും, എല്ലാവർക്കും ഒപ്പം നിൽക്കാനും എപ്പോഴും നായകൻ ഉണ്ടാകണം.” എന്ന് സ്മൃതി മന്ദാന പറഞ്ഞു.
ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചിട്ട് 13 വർഷം പിന്നിടുമ്പോൾ ഒരു വ്യക്തിയെന്ന നിലയിലും ക്രിക്കറ്ററെന്ന നിലയിലും താൻ ഏറെ വളർന്നതായി മന്ദാന പറഞ്ഞു.
കളിക്കാർക്ക് തെറ്റുകൾ തിരുത്താനും അവരുടെ റോളുകളിൽ സ്വതന്ത്രമായി വളരാനുമുള്ള സ്വാതന്ത്ര്യം നൽകിയാൽ മാത്രമേ ടീമിന് മൊത്തത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകൂ എന്ന് അവർ വിശ്വസിക്കുന്നു.
ഡബ്ല്യുപിഎൽ നൽകിയ വലിയ പാഠങ്ങൾ
വനിതാ പ്രീമിയർ ലീഗിലെ (WPL) അനുഭവങ്ങളാണ് തന്നിലെ ക്യാപ്റ്റനെ രൂപപ്പെടുത്തിയതെന്ന് മന്ദാന വ്യക്തമാക്കുന്നു.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (RCB) ക്യാപ്റ്റനായി ആദ്യ സീസണിൽ പരാജയങ്ങൾ നേരിട്ടെങ്കിലും, പിന്നീട് രണ്ട് WPL കിരീടങ്ങളിലേക്ക് ആർസിബിയെ നയിക്കാൻ മന്ദാനയ്ക്ക് സാധിച്ചു.
2023-ലെ ആദ്യ സീസണിലെ പരാജയങ്ങളും വ്യക്തിഗത ബാറ്റിംഗ് തകർച്ചയിൽ നിന്നും ശക്തമായി തിരിച്ചു വന്ന് പിന്നീട് മൂന്ന് വർഷത്തിനുള്ളിൽ 2 WPL കിരീടങ്ങൾ സ്വന്തമാക്കി.
ഡൽഹി ക്യാപിറ്റൽസിനെതിരെ വെറും 41 പന്തിൽ 87 റൺസ് നേടി WPL ഫൈനലിലെ ഉയർന്ന വ്യക്തിഗത സ്കോർ സ്വന്തമാക്കി.
ഒരു ലേലം എങ്ങനെ ആസൂത്രണം ചെയ്യണം, ഏത് തരം ക്രിക്കറ്റാണ് കളിക്കേണ്ടത്, പ്രതിസന്ധികളിൽ പോലും വ്യക്തമായ കാഴ്ചപ്പാട് എങ്ങനെ നിലനിർത്തണം എന്നിവയെല്ലാം WPL തനിക്ക് പഠിപ്പിച്ചു തന്നുവെന്ന് മന്ദാന ഓർത്തെടുത്തു.
മൂന്ന് ഫോർമാറ്റുകളിലും ഒന്നാം നമ്പർ ലക്ഷ്യം
ഓസ്ട്രേലിയ ലോക ക്രിക്കറ്റിൽ പുലർത്തുന്ന ആധിപത്യത്തിന് സമാനമായി, മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയെ ലോക ഒന്നാം നമ്പർ ടീമാക്കുക എന്നതാണ് മന്ദാനയുടെ ദീർഘകാല ലക്ഷ്യം.
ദീർഘകാല ലക്ഷ്യമായി താരം കാണുന്നത് ലോകകപ്പുകൾ നേടുക, മൂന്ന് ഫോർമാറ്റുകളിലും ഒന്നാം നമ്പർ ടീമാവുക.ഡ്രെസ്സിംഗ് റൂമിലും പരിശീലനത്തിലും ഉയർന്ന പ്രൊഫഷണലിസം ഉറപ്പാക്കുക,
വലിയ ഫലങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കാതെ ചെറിയ പോരായ്മകൾ പരിഹരിക്കുക എന്നിവയാണ്.
ലളിതമായ ശൈലിയിലൂടെയും കളിക്കാർക്ക് നൽകുന്ന സ്വാതന്ത്ര്യത്തിലൂടെയും ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ മന്ദാനയ്ക്ക് സാധിക്കുമെന്നാണ് ആരാധകരുടെയും ക്രിക്കറ്റ് നിരീക്ഷകരുടെയും പ്രതീക്ഷ.


