തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ്-പാലം അടിസ്ഥാന സൗകര്യങ്ങള്‍ ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സമഗ്ര വികസന പദ്ധതികളുമായി പൊതുമരാമത്ത് വകുപ്പ്. ഈ ഭരണകാലത്ത് 350 പാലങ്ങള്‍ നിര്‍മിക്കുകയും 15,000 കിലോമീറ്റര്‍ റോഡുകള്‍ ബി.എം.ബി.സി. നിലവാരത്തിലേക്ക് ഉയര്‍ത്തുകയുമാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലെത്തി ആറു മാസത്തിനുള്ളില്‍ 2,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിക്കഴിഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതില്‍ തടസ്സമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ പ്രധാന ജംഗ്ഷനുകള്‍, ബൈപ്പാസുകള്‍, ഫ്ലൈ ഓവറുകള്‍ എന്നിവയുടെ വികസനത്തിനായി സമഗ്ര പാക്കേജ് തയ്യാറാക്കും. ഷാജഹാന് ഐ.എ.എസ്. അധ്യക്ഷനായ സമിതിയുടെ പഠനറിപ്പോര്‍ട്ട് ലഭിച്ചശേഷം മുന്‍ഗണന നിശ്ചയിച്ച് പദ്ധതികള്‍ നടപ്പാക്കും. ഗതാഗതക്കുരുക്ക് രൂക്ഷമായ ജംഗ്ഷനുകളുടെ വികസനത്തിനും പുതിയ ബൈപ്പാസുകള്‍, ഫ്ലൈ ഓവറുകള്‍ എന്നിവയുടെ നിര്‍മാണത്തിനും പ്രത്യേക പരിഗണന നല്‍കും. തെരഞ്ഞെടുത്ത നഗരങ്ങളെ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി എം.എല്‍.എമാരുടെ യോഗം ചേര്‍ന്ന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടിയിട്ടുണ്ട്.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് 90 റോഡ് പ്രവൃത്തികള്‍ക്ക് 551.50 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ 126 റോഡ് പ്രവൃത്തികള്‍ക്ക് 260.28 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. ഇവയുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ശബരിമല പദ്ധതിയില്‍ ഉള്‍പ്പെട്ട 11 റോഡ് പ്രവൃത്തികള്‍ക്കായി 29.95 കോടി രൂപയുടെയും ബജറ്റില്‍ ഉള്‍പ്പെടുത്തിയ 136 റോഡ് പ്രവൃത്തികള്‍ക്കായി 338.46 കോടി രൂപയുടെയും എസ്റ്റിമേറ്റുകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് മികച്ച പ്രവൃത്തിപരിചയവും സാങ്കേതികശേഷിയുമുള്ള കരാറുകാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കും. ഇതിലൂടെ നിര്‍മാണമേഖലയില്‍ കൂടുതല്‍ സജീവതയുണ്ടാക്കാനും പദ്ധതികളുടെ നിര്വഹണവേഗം വര്‍ധിപ്പിക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ടെന്‍ഡറുകളില്‍ പങ്കെടുക്കുന്ന കരാറുകാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്.
”കേരളത്തിന്റെ റോഡ്-പാലം മേഖലയെ ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വികസനത്തിന് പണം ഒരു തടസ്സമാകില്ല. ജനങ്ങളുടെ യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കുന്ന ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് മുന്‍ഗണന. പദ്ധതികള്‍ക്ക് ആവശ്യമായ അനുമതിയും സാമ്പത്തിക പിന്തുണയും ഉറപ്പാക്കി നിര്‍മാണം വേഗത്തിലാക്കും” – മന്ത്രി പി.കെ. ബഷീര്‍ പറഞ്ഞു.


