ലഖ്നൗ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തിയതിന് പിന്നാലെ താരത്തിനെതിരെ വലിയ പ്രസ്താവനയുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ.
ബെഞ്ചിൽ കാത്തിരിക്കുന്ന യുവതാരം വൈഭവ് സൂര്യവംശിയുടെ സാന്നിധ്യം സൃഷ്ടിക്കുന്ന സമ്മർദ്ദം സഞ്ജുവിന് എപ്പോഴും നേരിടേണ്ടി വരുമെന്നാണ് ജാഫർ പറയുന്നത്.
ചൊവ്വാഴ്ച ലഖ്നൗവിൽ നടന്ന മത്സരത്തിൽ വെറും 9 പന്തിൽ 11 റൺസ് മാത്രമെടുത്താണ് സഞ്ജു പുറത്തായത്. ഇന്ത്യ 8 വിക്കറ്റിന് അനായാസം ജയിച്ചെങ്കിലും സഞ്ജുവിന്റെ ഫോം വീണ്ടും ചർച്ചയായി.
സഞ്ജു തിടുക്കം കാട്ടരുതെന്ന് ജാഫർ
കളിയിൽ വലിയ ഷോട്ടുകൾക്ക് മുതിരുന്നതിന് മുൻപ് സഞ്ജു കുറച്ചുസമയം ക്രീസിൽ നിലയുറപ്പിക്കാൻ ശ്രദ്ധിക്കണമെന്ന് ജാഫർ അഭിപ്രായപ്പെടുന്നു.
മറുവശത്ത് കൂറ്റനടിക്ക് പേരുകേട്ട അഭിഷേക് ശർമ്മ ഉള്ളതുകൊണ്ട് റൺറേറ്റ് താഴെപ്പോകില്ലെന്ന ആത്മവിശ്വാസം സഞ്ജുവിനുണ്ടാകണം.
മെൻ ഇൻ ബ്ലൂവിന്റെ വിജയത്തിന് ശേഷം തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ജാഫർ പറഞ്ഞത് ഇങ്ങനെ:
“അദ്ദേഹം കുറച്ചു സമയം ക്രീസിൽ ചെലവഴിക്കണം. മറുവശത്ത് അഭിഷേക് ശർമ്മ ഉള്ളപ്പോൾ റൺസ് നിലയ്ക്കില്ലെന്ന് അദ്ദേഹത്തിന് അറിയാം.ചിലപ്പോൾ അദ്ദേഹം തിടുക്കം കാട്ടിയേക്കാം; ഒന്നോ രണ്ടോ ഷോട്ടുകൾ കണക്ട് ആയില്ലെങ്കിൽ ഇത്തരം ഫോർമാറ്റുകളിൽ നമ്മൾ കുടുങ്ങിപ്പോകും.
ബെഞ്ചിൽ ആരൊക്കെ ഇരിക്കുന്നുണ്ടെന്ന് സഞ്ജു ശ്രദ്ധിക്കേണ്ടതുണ്ട്. ആ സമ്മർദ്ദം എപ്പോഴും അദ്ദേഹത്തിലുണ്ടാകും.
“സ്ഥിരതയില്ലെങ്കിൽ സ്ഥാനം പോകും
തനിക്ക് ലഭിക്കുന്ന അവസരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ സഞ്ജു ബാധ്യസ്ഥനാണെന്നും ജാഫർ കൂട്ടിച്ചേർത്തു:
“തനിക്ക് ലഭിക്കുന്ന അവസരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്.
സെലക്ടർമാർക്കോ ക്യാപ്റ്റനോ പരിശീലകനോ തന്നെ പുറത്താക്കാൻ ഒരവസരവും അദ്ദേഹം നൽകരുത്.അദ്ദേഹം ഒരു ക്ലാസ് കളിക്കാരനാണ്, അടുത്തിടെയായി അദ്ദേഹത്തിന്റെ സ്ഥിരതയും മികച്ചതാണ്.”
സഞ്ജുവിന്റെ സമീപകാല ഫോം ആശങ്കയാകുന്നു
കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ തുടർച്ചയായി അർദ്ധസെഞ്ച്വറികൾ (22 പന്തിൽ 57, 35 പന്തിൽ 50) നേടി തിളങ്ങിയ സഞ്ജുവിന്, അതിനുശേഷമുള്ള മത്സരങ്ങളിൽ 9, 7, 2, എന്നിങ്ങനെ നിരാശാജനകമായ സ്കോറുകളാണ് നേടിയത്.
ലഖ്നൗവിലും 11 റൺസിന് മടങ്ങിയതോടെ സഞ്ജുവിന് മേലുള്ള റൺസിലെ സ്ഥിരതയുടെ സമ്മർദ്ദം വീണ്ടും ചർച്ചയാവുകയാണ്.ബെഞ്ചിൽ ഫോമിലുള്ള വൈഭവ് സൂര്യവംശി പോലുള്ള യുവതാരങ്ങൾ ഉള്ളപ്പോൾ സഞ്ജുവിന് ഇനിയുള്ള ഓരോ മത്സരവും നിർണായകമാണ്.


