യുവേഫ നേഷൻസ് ലീഗിൽ വിജയ കുതിപ്പ് തുടർന്ന് ഇംഗ്ലണ്ട്. ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത ഇംഗ്ലണ്ടിന്റെ കുതിപ്പ്.
ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ചെക്കിനെ ഇംഗ്ലണ്ട് വീഴ്ത്തിയത്. കഴിഞ്ഞ മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത 7 ഗോളിന് ഇംഗ്ലണ്ട് വിജയിച്ചപ്പോഴും കെയ്ൻ ഇരട്ട ഗോൾ നേടിയിരുന്നു.
ഇംഗ്ലണ്ടിനായി തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഇരട്ട ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ചരിത്ര നേട്ടവും കെയ്ൻ സ്വന്തമാക്കി. മുപ്പത്തി മൂന്നാം വയസിലാണ് കെയ്നിന്റെ നേട്ടം. വ്ലാഡിമർ കുഫാലിൻറെ ഓൺ ഗോളും ഇംഗ്ലണ്ടിന്റെ വിജയം ഗംഭീരമാക്കി.
നിലവിൽ നേഷൻസ് ലീഗ് ഗ്രൂപ്പ് നാലു മത്സരങ്ങളിൽ നിന്നും മൂന്നു വിജയവും ഒരു തോൽവിയും അടക്കം 9 പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്താണ്. നാലു മത്സരങ്ങളും വിജയിച്ച നിലവിലെ ലോക ചാമ്പ്യന്മാരായ സ്പെയിൻ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.
നവംബർ 13ന് ക്രൊയേഷ്യക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.ക്രൊയേഷ്യയ്ക്കെതിരെ ആദ്യ മത്സരത്തിൽ ഏഴ് ഗോളുകളുടെ വമ്പൻ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.
സ്വന്തം തട്ടകത്തിൽ ഇംഗ്ലണ്ടിന് മുന്നിൽ ലൂക്ക മോഡ്രിച്ചും സംഘവും തകർന്നുവീഴുകയായിരുന്നു. ടൂർണമെന്റിലെ ഏറ്റവും വലിയ വിജയം നേടി ഇംഗ്ലണ്ട് ആഘോഷിച്ചപ്പോൾ സ്വന്തം മണ്ണിലെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്കാണ് ക്രൊയേഷ്യ വീണത്.
ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ഹാരി കെയ്ൻ, ബുക്കായോ സാക്ക എന്നിവർ ഇരട്ട ഗോളുകൾ നേടി തിളങ്ങിയപ്പോൾ ജൂഡ് ബെല്ലിങ്ങ്ഹാം, ആന്തണി ഗോർഡൻ, മോർഗൻ റോജേഴ്സ് എന്നിവരുടെ ഗോളുകളും ഇംഗ്ലണ്ടിന് വമ്പൻ വിജയം സമ്മാനിച്ചു.


