സംസ്ഥാന സ്കൂൾ കായിക മേളയിലെ വേഗരാജാവായ അതുൽ ടി.എമ്മിനെ സ്പോൺസർ ചെയ്യുന്നത് മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ഫൗണ്ടേഷൻ. കായിക മേഖയിൽ കഴിവ് തെളിയിക്കുന്ന കുട്ടികൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് അതുലിന്റെ മത്സരങ്ങൾക്കായുള്ള യാത്രാവുകളും പരിശീലനത്തിനുള്ള ചെലവുകളും സഞ്ജു സാംസൺ ഏറ്റെടുത്തത്.
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന കായികമേളയിൽ അതുൽ റെക്കോർഡ് സ്വന്തമാക്കിയതോടെയാണ് താരത്തിന്റെ സ്പോൺസർഷിപ്പ് സഞ്ജു ഏറ്റെടുത്തത്. സ്പൈക്സ്, ഭക്ഷണം, ജേഴ്സി തുടങ്ങിയ മത്സരത്തിന് ആവശ്യമായ എല്ലാ ചെലവുകളും സഞ്ജുവാണ് വഹിക്കുന്നത്.
കോഴിക്കോട് നടക്കുന്ന സംസ്ഥാന കായികമേളയിൽ 100 മീറ്ററിൽ മീറ്റ് റെക്കോർഡോടെ സ്വർണം സ്വന്തമാക്കിയതിന് പിന്നാലെ താരത്തെ സഞ്ജു സാംസൺ നേരിട്ട് വിളിച്ചു അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. 10.63 സെക്കൻഡിലാണ് അതുൽ ഫിനിഷ് ചെയ്തത്. അതുലിന് വേണ്ടി സഞ്ജു സാംസൺ ഫൗണ്ടേഷൻ വലിയ സ്വീകരണ പരിപാടി സംഘടിപ്പിക്കും എന്നാണ് വിവരം.
ചേർത്തല ഡിവി എച്ച്.എസ്.എസ്.എസ് ചാരമംഗലത്തിന്റെ അത്ലെറ്റാണ് അതുൽ. കഴിഞ്ഞ വർഷം ജൂനിയർ ലെവലിൽ മത്സരിച്ച അതുൽ 100 മീറ്ററിൽ 10.81 സെക്കൻഡ് ഫിനിഷ് ചെയ്ത് മീറ്റ് റെക്കോർഡ് നേടിയിരുന്നു. 200 മീറ്ററിൽ 21.87 സെക്കൻഡിൽ താരം ഫിനിഷ് ചെയ്യുകയും ചെയ്തിരുന്നു.


