വീടിനുള്ളിലെ ഈച്ചശല്യം പലപ്പോഴും വലിയ ആരോഗ്യപ്രശ്നങ്ങളും കടുത്ത മാനസിക അസ്വസ്ഥതയുമാണ് ഉണ്ടാക്കാറുള്ളത്. അടുക്കളയിലും ഡൈനിംഗ് ടേബിളിലും വന്നിരിക്കുന്ന ഈച്ചകൾ മാരകമായ രോഗാണുക്കളെയാണ് ഭക്ഷണ പദാർത്ഥങ്ങളിലേക്ക് പടർത്തുന്നത്.
വിപണിയിൽ നിന്നും വിലകൂടിയ കെമിക്കൽ റിപ്പല്ലന്റുകളും സ്പ്രേകളും വാങ്ങി ഇവയെ തുരത്താൻ പലരും ശ്രമിക്കാറുണ്ട്. എന്നാൽ ഇത്തരം രാസവസ്തുക്കൾ ശ്വസിക്കുന്നത് കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. പണം നഷ്ടപ്പെടുത്തുന്നതിനൊപ്പം ഇവ പലവിധ ആരോഗ്യപ്രശ്നങ്ങളും സമ്മാനിക്കുന്നു.
എന്നാൽ, അടുക്കളയിലുള്ള തികച്ചും സാധാരണമായ ചില ചേരുവകൾ ഉപയോഗിച്ച് ഈ പ്രശ്നത്തിന് വളരെ എളുപ്പത്തിൽ പരിഹാരം കാണാൻ സാധിക്കും.
ആവശ്യമായ ചേരുവകൾ
ആപ്പിൾ സിഡാർ വിനാഗിരി: 1/2 കപ്പ് (ഇതിന്റെ പുളിച്ച മണം ഈച്ചകളെ വേഗത്തിൽ ആകർഷിക്കും)
ലിക്വിഡ് ഡിഷ് സോപ്പ്: ഒരു ടേബിൾ സ്പൂൺ (പാത്രം കഴുകാൻ ഉപയോഗിക്കുന്ന ഏത് ലിക്വിഡും ഉപയോഗിക്കാം)
ചൂടുവെള്ളം: 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേയ്ക്ക് അര കപ്പ് ആപ്പിൾ സിഡാർ വിനാഗിരിയെടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ലിക്വിഡ് സോപ്പും കാൽ കപ്പ് ചൂടുവെള്ളവും ചേർക്കാം. ഈ മിശ്രിതം അധികമായി ഇളക്കരുത്; സോപ്പ് മുകളിൽ ഒരു പാട പോലെ കിടക്കുന്നതാണ് കൂടുതൽ ഫലപ്രദം.
ഉപയോഗിക്കേണ്ട രീതി
തയ്യാറാക്കിയ മിശ്രിതം ഈച്ചകൾ അധികമായി വരുന്ന സ്ഥലങ്ങളിൽ (ഉദാഹരണത്തിന് അടുക്കളയിലെ സിങ്ക്, ജനലുകൾക്ക് സമീപം) തുറന്നു വെക്കാം. ഇതിനു മുകളിൽ ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി ചെറിയ സുഷിരങ്ങൾ ഇട്ടു വെക്കുന്നത് കൂടുതൽ ഫലപ്രദമാണ്.
വിനാഗിരിയുടെ മണത്തിൽ ആകർഷിക്കപ്പെട്ട് ഈച്ചകൾ സുഷിരങ്ങളിലൂടെ അകത്തു കടന്നുകഴിഞ്ഞാൽ പിന്നീട് പുറത്തു പോകാൻ കഴിയില്ല. ദിവസവുമോ അല്ലെങ്കിൽ ജാറിൽ ഈച്ചകൾ നിറയുമ്പോഴോ ഈ മിശ്രിതം മാറ്റി പുതിയത് തയ്യാറാക്കി വെക്കാവുന്നതാണ്.


