ഏഷ്യൻ ഗെയിംസ് പോരാട്ടങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ടൂർണമെന്റിൽ ഇന്ത്യ നേരിട്ട് തന്നെ ക്വാർട്ടർ യോഗ്യത ഉറപ്പാക്കി കഴിഞ്ഞു. മലയാളി താരം സഞ്ജു സാംസൺ പഴയ ഫോമിലേക്ക് തിരിച്ചെത്തിയതാണ് ഇന്ത്യക്ക് കരുത്തുപകരുന്നത്.
അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-20 പരമ്പരയിൽ രണ്ട് അർധ സെഞ്ച്വറികൾ നേടിയാണ് സഞ്ജു തിളങ്ങി നിൽക്കുന്നത്. ഏഷ്യൻ ഗെയിംസിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കൊപ്പം സഞ്ജുവിറങ്ങുന്നത് ഒരു വമ്പൻ റെക്കോഡിന്റെ തലയെടുപ്പുമായാണ്.
സഞ്ജു അന്താരാഷ്ട്ര ടി-20യിൽ 50+ റൺസ് സ്കോർ ചെയ്ത മത്സരങ്ങളിലൊന്നും ഇന്ത്യ ഇതുവരെ പരാജയപ്പെട്ടിട്ടില്ല. അന്താരാഷ്ട്ര ടി-20യിൽ ഇതുവരെ മൂന്ന് സെഞ്ച്വറിയും എട്ട് അർധ സെഞ്ച്വറികളുമാണ് സഞ്ജു നേടിയിട്ടുള്ളത്. 11 തവണ സഞ്ജു 50 കടന്നപ്പോഴെല്ലാം ഇന്ത്യൻ സംഘം വിജയിച്ചുകയറി. 100 ശതമാനം വിജയശതമാനമുള്ള ചരിത്രത്തിലെ ഏക താരവും സഞ്ജുവാണ്.
സഞ്ജു സാംസൺ 50+ റൺസ് സ്കോർ ചെയ്തപ്പോൾ ഇന്ത്യ വിജയിച്ച മത്സരങ്ങൾ
111 (47 പന്തിൽ) – ബംഗ്ലാദേശ് (ഹൈദരാബാദ്, 2024) – ഇന്ത്യയ്ക്ക് 133 റൺസ് വിജയം
109 (56 പന്തിൽ)* – സൗത്ത് ആഫ്രിക്ക (ജോഹനാസ്ബെർഗ്, 2024) – ഇന്ത്യയ്ക്ക് 135 റൺസ് വിജയം
107 (50 പന്തിൽ) – സൗത്ത് ആഫ്രിക്ക (ഡർബൻ, 2024) – ഇന്ത്യയ്ക്ക് 61 റൺസ് വിജയം
97 (50 പന്തിൽ)* – വെസ്റ്റ് ഇൻഡീസ് (ഈഡൻ ഗാർഡൻസ്, 2026) – ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് വിജയം
89 (42 പന്തിൽ) – ഇംഗ്ലണ്ട് (വാംഖഡെ, 2026) – ഇന്ത്യയ്ക്ക് ഏഴ് റൺസ് വിജയം
89 (46 പന്തിൽ) – ന്യൂസിലാൻഡ് (അഹമ്മദാബാദ്, 2026) – ഇന്ത്യയ്ക്ക് 96 റൺസ് വിജയം
77 (42 പന്തിൽ) – അയർലാൻഡ് (ഡബ്ലിൻ, 2022) – ഇന്ത്യയ്ക്ക് നാല് റൺസ് വിജയം
58 (45 പന്തിൽ) – സിംബാബ്വേ (ഹരാരെ, 2024) – ഇന്ത്യയ്ക്ക് 42 റൺസ് വിജയം
57 (22 പന്തിൽ) – അഫ്ഗാനിസ്ഥാൻ (ഡൽഹി, 2026) – ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം
56 (45 പന്തിൽ) – ഒമാൻ (അബുദാബി, 2025) – ഇന്ത്യയ്ക്ക് 21 റൺസ് വിജയം
50 (35 പന്തിൽ) – അഫ്ഗാനിസ്ഥാൻ (ഡൽഹി, 2026) – ഇന്ത്യയ്ക്ക് 127 റൺസ് വിജയം
സിംബാബ്വെക്കെതിരെയുള്ള പരമ്പരയിൽ സഞ്ജുവിന് ഇടം നേടാൻ സാധിച്ചിരുന്നില്ല. ഇംഗ്ലണ്ട് പരമ്പരയിൽ സഞ്ജുവിന് പ്ലെയിങ് ഇലവനിൽ സ്ഥാനം നഷ്ടമായിരുന്നു.
അയർലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിൽ മോശം പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു ഇംഗ്ലണ്ട് പരമ്പരയിൽ സഞ്ജുവിന് പ്ലെയിങ് ഇലവനിൽ സ്ഥാനം നഷ്ടമായത്.
2026 ടി-20 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ സഞ്ജുവിന് വെറും മൂന്ന് മത്സരങ്ങളിൽ മോശം പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു താരത്തിന് ടീമിലെ സ്ഥാനം നഷ്ടമായത്. എന്നാൽ നീണ്ട ഇടവേളക്ക് ശേഷം അഫ്ഗാൻ പരമ്പരയിൽ ഇടം നേടിയ മലയാളി താരം ശക്തമായി തിരിച്ചുവരികയായിരുന്നു.
വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിലും സഞ്ജു സാംസൺ ഇടംനേടിയിട്ടുണ്ട്.


