ന്യൂസിലാൻഡിനെതിരെയുള്ള നാലാം ടി-20യിൽ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ നിന്നും യുവതാരം വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയതിൽ നിരാശയില്ലെന്ന് മുൻ ഇന്ത്യൻ താരം രാഹുൽ ശർമ്മ.
വൈഭവ് വളർന്നു വരുന്ന താരം ആണെന്നും ടീമിന്റെ ഭാഗമായിരിക്കുന്നത് തന്നെ ഇന്ത്യയുടെ ഭാഗ്യമാണെന്നും രാഹുൽ ശർമ്മ അഭിപ്രായപ്പെട്ടു. ഇഷാൻ കിൻ ടീമിലേക്ക് തിരിച്ചു വരാൻ അർഹനാണെന്നും മുൻ ഇന്ത്യൻ താരം വ്യക്തമാക്കി.
“ഇഷാൻ മികച്ച ഫോമിലാണ്. അദ്ദേഹം നന്നായി കളിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് പരിക്കിൽ നിന്ന് മുക്തനായി തിരിച്ചുവരുമ്പോൾ അദ്ദേഹത്തിന് പിന്തുണ നൽകണം. ടീമിലെ പ്രധാനപ്പെട്ട താരമാണ് ഇഷാൻ. വൈഭവിന്റെ കാര്യത്തിൽ എനിക്ക് നിരാശയില്ല. അദ്ദേഹം ഇപ്പോഴും വളർന്നുവരുന്ന താരമാണ്. ടീമിനൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയും കൂടുതൽ മത്സരങ്ങളും കളിക്കും ചെയ്യുമ്പോൾ അദ്ദേഹം കൂടുതൽ മെച്ചപ്പെടും.
വൈഭവ് ടീമിന്റെ ഭാഗമായിരിക്കുന്നത് നമ്മുടെ ഭാഗ്യമാണ്. എന്നാൽ എല്ലാവരും പരസ്പരം മനസ്സിലാക്കണം. ഇഷാൻ ടീമിലേക്ക് തിരിച്ചുവരാൻ അർഹനാണ്. പരമ്പര ജയിക്കുകയും രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കുകയും ചെയ്ത സാഹചര്യത്തിൽ ഇഷാന് വിശ്രമം നൽകി വൈഭവിന് അവസരം നൽകാമായിരുന്നു. എന്നാൽ ഇഷാനും കളിക്കാൻ ആഗ്രഹിച്ചിരിക്കാം.
കാരണം ഒരു താരം പരിക്കിൽ നിന്നും മുക്തനായി പൂർണ്ണ കായികക്ഷമത വീണ്ടെടുത്താൽ കളിക്കളത്തിലേക്ക് തിരിച്ചെത്താനാണ് ആഗ്രഹിക്കുക. ഒരുപക്ഷേ അതായിരിക്കും ഇവിടെയും സംഭവിച്ചത്” ആഷ്കി ബാത്ത് എന്ന പരുപാടിയിൽ രാഹുൽ ശർമ്മ പറഞ്ഞു.

അതേസമയം, പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാൽ നാലാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു. നാലാം ടി-20യിൽ ഇന്ത്യ 87 റൺസിനാണ് പരാജയപ്പെട്ടത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 259 റൺസാണ് ഇന്ത്യക്കെതിരെ നേടിയത്. വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു.


