ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ശ്രീലങ്കൻ ഇതിഹാസം സനത് ജയസൂര്യ. വൈഭവ് സൂര്യവംശിക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോവാനാവുമെന്നും ഇന്ത്യൻ ടീമിന് ഭാവിയിൽ ഒരു മുതൽക്കൂട്ടാകും വൈഭവെന്നും ജയസൂര്യ പ്രശംസിച്ചു.
ഇന്ത്യൻ സോഫ്റ്റ് ബോൾ ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിൽ മുംബൈ റോയൽസ്, മഹാരാഷ്ട്ര സൂപ്പർ സ്ട്രൈക്കേഴ്സ് എന്നീ ടീമുകളുടെ ജേഴ്സി ലോഞ്ച് ചടങ്ങിലാണ് ജയസൂര്യ വൈഭവിനെക്കുറിച്ച് സംസാരിച്ചത്.
”ഇത് കാണുമ്പോൾ സന്തോഷം തോന്നുന്നു. താരങ്ങൾ കൂടുതൽ റൺസ് നേടുന്നതും ലക്ഷ്യം പിന്തുടർന്ന് വിജയിക്കുന്നതും കാണുമ്പോൾ സന്തോഷം തോന്നുന്നു. ഇതിലൂടെ അവർക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കും. അതാണ് ഏറ്റവും പ്രധാനം.
ബൗളർമാർ സമ്മർദത്തിൽ ആവുന്നതും കാണാനാവും. അദ്ദേഹത്തിന് ഇനിയും ഒരുപാട് മുന്നോട്ട് പോവാനുണ്ട്. ഇന്ത്യയുടെ ഭാവി ശോഭനമാണ്. അദ്ദേഹം സ്വന്തം ശൈലിയിൽ സ്വാഭാവികമായി കളിക്കട്ടെ. ഭാവിയിൽ ഇന്ത്യൻ ടീമിന് അദ്ദേഹം വലിയ മുതൽക്കൂട്ടാവുമെന്ന് പ്രതീക്ഷിക്കുന്നു” സനത് ജയസൂര്യ പറഞ്ഞു.


