സ്നേഹത്തോടൊപ്പം ഉത്തരവാദിത്തവും പഠിപ്പിക്കണം
കുട്ടികൾക്ക് സന്തോഷം നൽകാൻ മാതാപിതാക്കൾ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. അവരുടെ ഇഷ്ടങ്ങൾക്കൊപ്പം നിൽക്കാനും കഴിവുകൾ വളർത്താനും മികച്ച അവസരങ്ങൾ ഒരുക്കാനും മാതാപിതാക്കൾ ശ്രമിക്കണം. എന്നാൽ കുട്ടികൾ ആവശ്യപ്പെടുന്നതെല്ലാം വാങ്ങിനൽകുന്നതാണോ നല്ല രക്ഷാകർതൃത്വം? സ്നേഹത്തോടൊപ്പം അച്ചടക്കവും ഉത്തരവാദിത്തബോധവും വളർത്തേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് വിരൽചൂണ്ടുകയാണ് കൊച്ചിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടം.
19 വയസ്സുകാരനായ സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. അപകടസമയത്ത് സുഹൈൽ മദ്യപിച്ചിരുന്നതായും അമിതവേഗത്തിലായിരുന്നുവെന്നും അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജന്മദിനസമ്മാനമായി അമ്മ നൽകിയ കാറാണ് അപകടത്തിൽ ഉൾപ്പെട്ടതെന്ന വിവരവും പുറത്തുവന്നിരുന്നു. സംഭവത്തിൽ നിയമനടപടികൾ തുടരുകയാണ്.
ഈ സംഭവം ഒരു അപകടത്തിന്റെ വാർത്ത മാത്രമല്ല, കുട്ടികളെ വളർത്തുന്നതിനെക്കുറിച്ചുള്ള ചില ചോദ്യങ്ങൾ കൂടി ഉയർത്തുന്നു. കുട്ടികൾക്ക് സാമ്പത്തിക സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ കഴിയുന്നത് നല്ല കാര്യമാണ്. എന്നാൽ സാമ്പത്തികശേഷിയുണ്ടെന്ന കാരണത്താൽ എല്ലാ ആഗ്രഹങ്ങളും ഉടൻ സാധിച്ചുകൊടുക്കുന്നതും എല്ലാ കാര്യങ്ങൾക്കും പരിധിയില്ലാത്ത സ്വാതന്ത്ര്യം നൽകുന്നതും ഒരുപോലെയല്ല.
സ്നേഹത്തോടൊപ്പം അതിരുകളും വേണം
കുട്ടികൾ കരയുമ്പോഴോ വാശിപിടിക്കുമ്പോഴോ ആവശ്യപ്പെടുന്നതെല്ലാം വാങ്ങിനൽകുന്ന ശീലം ഒഴിവാക്കണം. ഒരു വസ്തു വാങ്ങുന്നതിന് മുമ്പ് അത് ശരിക്കും ആവശ്യമുണ്ടോ, അതിന്റെ പ്രാധാന്യം എന്താണെന്നും, ഇപ്പോൾ വാങ്ങേണ്ടത് അത്യാവശ്യമാണോ തുടങ്ങിയ കാര്യങ്ങൾ കുട്ടികളോട് സംസാരിക്കാം. പണത്തിന്റെ മൂല്യവും ആവശ്യവും ആഗ്രഹവും തമ്മിലുള്ള വ്യത്യാസവും ചെറുപ്പം മുതലേ അവർക്ക് മനസ്സിലാക്കിക്കൊടുക്കാം.
അതേസമയം, കുട്ടികളുടെ എല്ലാ ആഗ്രഹങ്ങളെയും നിരാകരിക്കുന്നതല്ല ഇതിന്റെ അർഥം. അവരുടെ താൽപര്യങ്ങൾ കേൾക്കുകയും കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും വിനോദത്തിനും കുടുംബത്തോടൊപ്പമുള്ള സമയത്തിനും പ്രാധാന്യം നൽകുകയും വേണം. സ്നേഹപൂർവമായ ഇടപെടലിനൊപ്പം വ്യക്തമായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും ഉണ്ടായിരിക്കണം.
സ്വാതന്ത്ര്യം നൽകാം, ഉത്തരവാദിത്തവും പഠിപ്പിക്കാം
പ്രായത്തിന് അനുയോജ്യമായ സ്വാതന്ത്ര്യം നൽകുമ്പോൾ അതിനൊപ്പം സുരക്ഷയും നിയമങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യവും കുട്ടികൾ തിരിച്ചറിയണം. വാഹനമോടിക്കൽ, മദ്യപാനം, സുഹൃത്തുക്കളുമായുള്ള ഇടപെടൽ തുടങ്ങിയ വിഷയങ്ങളിൽ മാതാപിതാക്കൾ വ്യക്തമായ നിലപാട് സ്വീകരിക്കണം. തെറ്റായ പ്രവൃത്തികളുടെ പ്രത്യാഘാതങ്ങൾ തുറന്നുപറയുകയും നിയമങ്ങൾ ലംഘിക്കുന്നതിനെ നിസ്സാരമായി കാണാതിരിക്കുകയും വേണം.
കുട്ടികൾ മാതാപിതാക്കളുടെ വാക്കുകളിൽ നിന്ന് മാത്രമല്ല, അവരുടെ പ്രവൃത്തികളിൽനിന്നും പഠിക്കുന്നു. പണം ഉത്തരവാദിത്തത്തോടെ ചെലവഴിക്കുന്നതും മറ്റുള്ളവരെ പരിഗണിക്കുന്നതും ജീവിതത്തിലെ സന്തോഷങ്ങൾ പങ്കിടുന്നതും മാതാപിതാക്കൾ സ്വന്തം പെരുമാറ്റത്തിലൂടെ കാണിച്ചുകൊടുക്കണം.
വിലകൂടിയ സമ്മാനങ്ങൾ കുട്ടികൾക്ക് താൽക്കാലിക സന്തോഷം നൽകാം. എന്നാൽ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും സ്വന്തം തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും മറ്റുള്ളവരുടെ ജീവനും സുരക്ഷയും മാനിക്കാനും അവരെ പ്രാപ്തരാക്കുന്നതാണ് വളർത്തലിന്റെ പ്രധാന ലക്ഷ്യം. കുട്ടികൾക്ക് മികച്ച ജീവിതസൗകര്യങ്ങൾ നൽകുന്നതിനൊപ്പം അവ നല്ല രീതിയിൽ ഉപയോഗിക്കാനുള്ള വിവേകവും വളർത്തുക എന്നതാണ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്.


