യുഎപിഎ ചുമത്തി ജയിലിലടച്ച ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെ വിചാരണയില്ലാത്ത തടവിനെതിരെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ഉമര്‍ ഖാലിദ് ജയിലിലായിട്ട് ആറ് വര്‍ഷമായെന്നും എന്നാല്‍ മറ്റ് കേസുകളിലെ പ്രതികള്‍ക്ക് പെട്ടെന്ന് ജാമ്യം ലഭിക്കുന്നുണ്ടെന്നും അവര്‍ എക്സ് (X) പോസ്റ്റില്‍ ആരോപിച്ചു.
അമേരിക്കന്‍ കൂലിപ്പണിക്കാരനായ വാന്‍ഡൈക്ക് ഭീകരവാദത്തിനായി ഇന്ത്യന്‍ മണ്ണ് ഉപയോഗിച്ചിട്ടും മാസങ്ങള്‍ക്കുള്ളില്‍ സ്വതന്ത്രനായി. സമാനമായി സംഘ്പരിവാര്‍ പ്രവര്‍ത്തകനായ സ്വതന്ത്ര ഭരദ്വാജും ദിവസങ്ങള്‍ക്കുള്ളില്‍ സ്വതന്ത്രനായെന്ന് മഹുവ ചൂണ്ടിക്കാട്ടി. ‘ഇന്ത്യയില്‍ ജീവിക്കാന്‍ ഒന്നുകില്‍ ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദു ആയിരിക്കണം, അല്ലാത്തപക്ഷം വെളുത്ത തൊലിയുള്ള വിദേശിയായിരിക്കണം’ എന്നും മഹുവ വിമര്‍ശിച്ചു.
മ്യാന്മറിലെ വിമത ഗ്രൂപ്പുകള്‍ക്ക് ഇന്ത്യ-മ്യാന്മര് അതിര്‍ത്തി വഴി ഡ്രോണ്‍ യുദ്ധമുറകളിലും സാങ്കേതികവിദ്യയിലും പരിശീലനം നല്‍കിയതിനും അനധികൃതമായി കടന്നുകയറിയതിനുമാണ് എന്‍ഐഎ വാന്‍ഡൈക്ക് ഉള്‍പ്പെടെ ഏഴ് വിദേശികളെ അറസ്റ്റ് ചെയ്തത്. അന്വേഷണ ഏജന്‍സി കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കോടതി ഇവര്‍ക്ക് സ്ഥിരം ജാമ്യം അനുവദിക്കുകയായിരുന്നു. സെപ്റ്റംബര്‍ 24-നാണ് വാന്‍ഡൈക്കും ഒരു ഉക്രൈന് പൗരനും തിഹാര്‍ ജയിലില്‍ നിന്ന് മോചിതരായത്.
ഡല്‍ഹിയിലെ സിജെപി സമരത്തിനിടെ ദളിത് വിദ്യാര്‍ഥിനിയുടെ പിതാവിനെ മര്‍ദിച്ച കേസ്, പട്ടികജാതി-പട്ടികവര്‍ഗ നിയമപ്രകാരമുള്ള കേസുകള്‍, പോക്സോ വകുപ്പുകള്‍ എന്നിവ ചുമത്തപ്പെട്ട പ്രതിയാണ് സ്വതന്ത്ര ഭരദ്വാജ്. പട്യാല ഹൗസ് കോടതി ഭരദ്വാജിന് മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
യാതൊരുവിധ വിചാരണയോ വാദം കേള്‍ക്കലോ ഇല്ലാതെ ആറ് വര്‍ഷമായി ഉമര്‍ ഖാലിദ് ജയിലില്‍ തുടരുന്ന സാഹചര്യത്തിലാണ് മഹുവ മൊയ്ത്രയുടെ പ്രതികരണം. നേരത്തെ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെയും സമാനമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.


