ഇന്ത്യൻ താരം ഗുർണൂർ ബ്രാർ ടെസ്റ്റിലും ഏകദിനത്തിലും മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ടി-20 ഫോർമാറ്റിൽ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. ജവഗൽ ശ്രീനാഥിന്റെ കാലം മുതൽ തന്നെ ഇന്ത്യൻ പേസർമാർക്ക് അനുകൂല സാഹചര്യങ്ങളിൽ മികച്ചതായി പന്തെറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
”ഗുർണൂർ ബ്രാർ ഏകദിനത്തിലും ടെസ്റ്റിലും മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ ടി-20യിൽ അദ്ദേഹത്തിന് ചില പ്രശ്നങ്ങളുണ്ട്. ഇന്ത്യയുടെ യുവ പേസ് ബൗളർമാരുടെ പ്രകടനം ശരിക്കും മികച്ചതാണ്. ജവഗൽ ശ്രീനാഥിന്റെ കാലം മുതൽ തന്നെ ഇന്ത്യൻ പേസർമാർക്ക് അനുകൂല സാഹചര്യങ്ങളിൽ മികച്ച രീതിയിൽ പന്തെറിയാൻ സാധിച്ചിട്ടുണ്ട്. എന്നാൽ സാധാരണ പിച്ചുകളിൽ കളിക്കുമ്പോൾ ഇന്ത്യൻ പേസർമാർ പലപ്പോഴും മികച്ച പ്രകടനം നടത്താറില്ല” ക്രിസ് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു
ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം എകദിനത്തിൽ ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റുകൾ നേടിയാണ് ഗുർനൂർ ബ്രാർ തിളങ്ങിയത്. 10 ഓവറിൽ രണ്ട് മെയ്ഡൻ അടക്കം 30 റൺസ് വിട്ടുനൽകിയാണ് താരം നാല് വിക്കറ്റുകൾ സ്വന്തമാക്കിയത്.
ഏകദിനത്തിൽ ന്യൂസിലാൻഡിൽ കിവികൾക്കെതിരെയുള്ള ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിംഗ് പ്രകടനമാണ് ഇത്. 2019ൽ 39 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ നേടിയ കുൽദീപ് യാദവിനെയാണ് ബ്രാർ മറികടന്നത്.

ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 4 റൺസിനാണ് വിജയിച്ചത്. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 134 റൺസിന് പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സിനിടെ വീണ്ടും മഴ പെയ്തതോടെ മത്സരം 26 ഓവറിൽ 110 റൺസ് വിജയലക്ഷ്യമാക്കുകയും ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.


