നയൻതാര നായികയായി എത്തുന്ന മുക്കൂത്തി അമ്മൻ 2 റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിൽ ഉർവശിയും ഖുശ്ബുവും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ ഉർവശിയുമായി ബന്ധത്തെക്കുറിച്ച് ഖുശ്ബു തുറന്നുപറഞ്ഞു.
ഉർവശിക്കൊപ്പം ഒരേ ഫ്രയിമിൽ അഭിനയിക്കുമ്പോൾ തനിക്ക് പേടിയാണെന്നാണ് ഖുശ്ബു പറഞ്ഞത്. ലോകത്തിന്റെ എൻസൈക്ലോപീഡിയയാണ് ഉർവശിയെന്നും ഖുശ്ബു പങ്കുവെച്ചു.
”ഒരുപാട് കാലമായി ഞാൻ സിനിമയിൽ അഭിനയിക്കുന്നു. അഭിനയിക്കുമ്പോൾ ആരുടെ മുന്നിൽ നിന്നാലും എനിക്ക് പേടിയില്ല. എന്നാൽ ഒരേ സ്റ്റേജും ഫ്രയിമും പങ്കിടുമ്പോൾ ഞാൻ പേടിച്ചിട്ടുള്ളത് ഉർവശിയെ മാത്രമാണ്. ചിലർ അഭിനയിക്കുമ്പോൾ ഒരേ ഫ്രയിമിലുള്ള മറ്റുള്ളവരെ മറികടന്ന് ശ്രദ്ധ നേടും.
എന്നാൽ ഉർവശി അങ്ങനെയല്ല. കൂടെയുള്ളവരെ മുഴുവനായി വിഴുങ്ങന്നത് പോലെയാണ് അവരുടെ അഭിനയം. പിന്നെ നമ്മളും ആ സിനിമയി അഭിനയിച്ചിട്ടുണ്ടോയെന്ന് പ്രേക്ഷകർക്ക് ഓർത്തെടുക്കേണ്ടിവരും.
ഉർവശിക്കൊപ്പം അഭിനയിക്കുമ്പോൾ സ്ക്രീനിൽ അവരുടെ സാന്നിധ്യം മാത്രമേ ശ്രദ്ധിക്കപ്പെടുകയുള്ളൂ. ഒരു ഫ്രയിമിൽ ഉർവശി ഉണ്ടെങ്കിൽ പ്രേക്ഷകരുടെ മുഴുവൻ ശ്രദ്ധയും അവരിലേക്കായിരിക്കും. അത്രയും അത്ഭുതകരമായി അഭിനയിക്കുന്ന നടിയാണ് അവർ.
പണ്ട് എങ്ങനെയായിരുന്നോ ഇപ്പോഴും ഉർവശിക്ക് ഒരു മാറ്റവുമില്ല. സിനിമയിലെയും രാഷ്ട്രീയത്തിലെയും മറ്റ് വിഷയങ്ങളിലെയും കാര്യങ്ങളെക്കുറിച്ചെല്ലാം അവർക്ക് നല്ല അറിവുണ്ട്.
കമൽ സാർ ഉർവശിയെ എൻസൈക്ലോപീഡിയ ഓഫ് സിനിമ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ലോകത്തിന്റെ എൻസൈക്ലോപീഡിയ എന്ന് പറയേണ്ടത് ഉർവശിയെയാണ്. സിനിമയായാലും രാഷ്ട്രീയമായാലും അഭിനയമായാലും എല്ലാത്തിനെക്കുറിച്ചും അവൾക്ക് നല്ല അറിവുണ്ട്” ഖുശ്ബു പറഞ്ഞു.


