ന്യൂഡൽഹി: ഇന്നലെ നടന്ന മഹാറാലിയിൽ നിന്നുണ്ടായ ഊർജം സംരക്ഷിച്ചുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കടുപ്പിക്കാൻ ഇൻഡ്യ സഖ്യം. ദീപാവലിക്ക് ശേഷം രാജ്യതലസ്ഥാനത്ത് കൂടുതൽ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് നീക്കം. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും രാഷ്ട്രപതിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്.
ഡൽഹിയിലെ കച്ചവടക്കാരുടെ പരാതികൾ പരിഗണിച്ചാണ് സമരപോരാട്ടങ്ങൾ ദീപാവലിക്ക് ശേഷം മതിയെന്ന് തീരുമാനിച്ചത്. അതുവരെ വിവിധ സംസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും നടത്തിവരുന്ന പ്രതിഷേധങ്ങൾ തുടരും. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പാർട്ടികൾ സ്വന്തം നിലയിലും ബഹുജന സംഘടനകളും പ്രതിഷേധ മാർച്ചുകൾ നടത്തും. പാർലമെന്റ് സമ്മേളനം കൂടി അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികളിലേക്ക് കൂടി ആലോചനകൾ കടക്കും.
ഇന്നലെ ഡൽഹിയിലെ രാംലീല മൈതാനി പ്രതിപക്ഷ ഐക്യത്തിന്റെ വേദിയായി മാറിയിരുന്നു. വരും ദിവസങ്ങളിൽ മോക്ക് പാർലമെന്റ് പോലെ വ്യത്യസ്തമായ പ്രതിഷേധങ്ങൾ ഏറ്റെടുക്കാനാണ് സഖ്യം തീരുമാനിച്ചിരിക്കുന്നത്. പാർലമെന്റ് സമ്മേളനം കൂടി അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികളിലേക്ക് കൂടി ആലോചനകൾ കടക്കും.
അതിനായി പ്രതിപക്ഷ ഐക്യം ഉണ്ടാക്കാനുള്ള ഇടപെടലായിരിക്കും നേതാക്കൾ നടത്തുക. ഇന്നലെ നടന്ന മഹാറാലിയോടുകൂടി ഭിന്നിച്ചുനിന്ന പ്രതിപക്ഷ പാർട്ടികളെ ഒരു കുടക്കീഴിൽ എത്തിക്കാൻ സാധിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ മുന്നണി നേതാക്കൾ.


