ഹൈദരാബാദ്: നെപ്പോട്ടിസം കൊടികുത്തി വാഴുന്ന തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ സ്വന്തം അദ്ധ്വാനം കൊണ്ട് മുൻനിരയിലേക്ക് ഉയർന്നുവന്ന താരമാണ് നാനി.
രാജമൗലിയുടെ സഹസംവിധായകനായി കരിയർ ആരംഭിച്ച്, ഫീൽഗുഡ് റൊമാന്റിക് കോമഡി ചിത്രങ്ങളിലൂടെ തെലുങ്കിന് പുറമെ ദക്ഷിണേന്ത്യയിലൊട്ടാകെ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുക്കാൻ നാനിക്ക് സാധിച്ചിരുന്നു.
എന്നാൽ, സേഫ് സോൺ വിട്ട് മാസ് ഹീറോ പരിവേഷത്തിലേക്ക് കടക്കാൻ ശ്രമിച്ചതോടെ വലിയ തിരിച്ചടിയാണ് താരത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്.
100 കോടിയിലധികം ബജറ്റിൽ ഒരുങ്ങിയ നാനിയുടെ ഏറ്റവും പുതിയ ചിത്രമായ ‘പാരഡൈസ്’ (Paradise) കരിയറിലെ തന്നെ ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുകയാണ്.
‘ദസറ’യ്ക്ക് ശേഷം സംവിധായകൻ ശ്രീകാന്ത് ഒഡേലയുമായി നാനി വീണ്ടും ഒന്നിച്ച ഈ ചിത്രം റിലീസ് ചെയ്തതോടെ സോഷ്യൽ മീഡിയയിലും ഫിലിം ഫോറങ്ങളിലും വലിയ വിമർശനങ്ങളും ട്രോളുകളുമാണ് നേരിടുന്നത്.
കെ.ജി.എഫ്, ബാഹുബലി, കാന്താര തുടങ്ങിയ ബിഗ് ബജറ്റ് മാസ് ചിത്രങ്ങളുടെ കഥാസന്ദർഭങ്ങൾ കൂട്ടിക്കുഴച്ച ഒരുക്കിയ പാരഡൈസിൽ നാനിക്ക് മാസ് ഹീറോയാകാനുള്ള ‘സ്വാഗും ഓറയും’ ഇല്ലെന്നാണ് പ്രേക്ഷക വിലയിരുത്തൽ.
നിവിൻ പോളിയെ മാതൃകയാക്കാൻ ഉപദേശം
നാനിയുടെ പരാജയത്തിന് പിന്നാലെ മലയാള താരം നിവിൻ പോളിയുമായി താരതമ്യം ചെയ്തുകൊണ്ട് നിരവധി സിനിമാ ഗ്രൂപ്പുകളും സോഷ്യൽ മീഡിയ പേജുകളും രംഗത്തെത്തിയിട്ടുണ്ട്.
കരിയറിന്റെ തുടക്കത്തിൽ നിരന്തരം ഹിറ്റുകൾ സമ്മാനിച്ച് മലയാള സിനിമയിലെ ‘മിനിമം ഗ്യാരണ്ടി’ നടനായ നിവിൻ പോളി, പിന്നീട് നടത്തിയ പല പരീക്ഷണ ചിത്രങ്ങളും പരാജയപ്പെട്ടിരുന്നു.
എന്നാൽ, തനിക്ക് ഏറ്റവും വഴങ്ങുന്ന കോമഡി-ഫീൽഗുഡ് ‘സ്ട്രോങ് സോണിലേക്ക്’ തിരിച്ചെത്തിയാണ് നിവിൻ ആരാധകരെ വീണ്ടും കയ്യിലെടുത്തത്.
നിവിൻ പോളിയെപ്പോലെ നാനിയും സ്വന്തം ശക്തി തിരിച്ചറിഞ്ഞ് ഫീൽഗുഡ്-ഡ്രാമ സിനിമകളിലേക്ക് മടങ്ങിയെത്തുന്നതാണ് നല്ലതെന്നാണ് സിനിമാ ലോകത്തുനിന്നുള്ള ഉപദേശം.
അനാവശ്യമായി മാസ് മസാല ചിത്രങ്ങൾക്ക് പുറകെ പോയി കരിയർ കളയരുതെന്നും പ്രേക്ഷകർ ആഗ്രഹിക്കുന്നത് നാനിയുടെ പഴയ തരം സിനിമകളാണെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.
ആദ്യദിനം കളക്ഷൻ നേടിയെങ്കിലും തിയേറ്ററുകളിൽ വൻ തകർച്ച
മോശം റിവ്യൂകൾക്കിടയിലും ആദ്യദിനം 77 കോടിയിലധികം കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. എന്നാൽ പ്രതികൂലമായ തിയേറ്റർ പ്രതികരണങ്ങളെ തുടർന്ന് രണ്ടാം ദിവസം മുതൽ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആദ്യ ആഴ്ച പൂർത്തിയാകുമ്പോഴേക്കും ചിത്രം തിയേറ്ററുകളിൽ നിന്ന് ഔട്ടാകുമെന്നാണ് ബോക്സ് ഓഫീസ് ട്രാക്കർമാർ പ്രവചിക്കുന്നത്.
എങ്കിലും, തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് നിവിൻ പോളിയെപ്പോലെ തട്ടകത്തിലേക്ക് മടങ്ങിയെത്തി നാനി ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


