കൊച്ചി: വൈകുന്നേരമായാൽ കൂട്ടുകാർക്കൊപ്പം ഒരു ഷവർമ കഴിക്കാത്ത മലയാളികൾ കുറവാണ്. ചൂടുള്ള കുബ്ബൂസിനുള്ളിൽ ചിക്കനും മയോണൈസും നിറച്ച ആ രുചിക്ക് അടിമപ്പെടാത്തവർ ചുരുക്കം.
എന്നാൽ ദിവസവും ഷവർമ കഴിക്കുന്ന ശീലമുണ്ടോ? എങ്കിൽ നിങ്ങൾ അറിയാതെ ശരീരത്തിലേക്ക് കയറുന്നത് എന്തൊക്കെയാണെന്ന് ഡോക്ടർമാർ പറയുന്നത് കേട്ടാൽ ഞെട്ടും.
ആരോഗ്യത്തിന് നല്ലതാണോ ഷവർമ? എന്ന ചോദ്യത്തിന് ഡോക്ടർമാരുടെ ഉത്തരം ഒറ്റവാക്കിൽ “അല്ല” എന്നാണ്.
- വില്ലനാകുന്ന മയോണൈസ് –
ഷവർമയിലെ ഏറ്റവും അപകടകാരി മയോണൈസ് ആണെന്ന് ഫുഡ് സേഫ്റ്റി വിദഗ്ധർ പറയുന്നു. മിക്ക കടകളിലും മയോണൈസ് ഉണ്ടാക്കുന്നത് പച്ചമുട്ട ഉപയോഗിച്ചാണ്. ഇത് ഫ്രിഡ്ജിൽ വെക്കാതെ മണിക്കൂറുകളോളം പുറത്ത് വെച്ചാൽ സാൽമൊണല്ല, ഇ-കോളി പോലുള്ള ബാക്ടീരിയകൾ അതിവേഗം പെരുകും.
ഇതാണ് ഛർദ്ദി, വയറിളക്കം, ടൈഫോയ്ഡ് എന്നിവയ്ക്ക് കാരണമാകുന്നത്. കേരളത്തിൽ ഷവർമ കഴിച്ച് മരണങ്ങൾ വരെ റിപ്പോർട്ട് ചെയ്തതിന്റെ പ്രധാന കാരണവും ഈ മയോണൈസ് തന്നെയാണ്. 2023-ൽ പച്ചമുട്ടയിൽ ഉണ്ടാക്കുന്ന മയോണൈസിന് കേരളം നിരോധനം ഏർപ്പെടുത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
- കറുത്ത് തിളച്ച എണ്ണ – ക്യാൻസറിലേക്കുള്ള വഴി
ഷവർമയ്ക്കൊപ്പം ലഭിക്കുന്ന ഫ്രൈ ചെയ്ത ഇറച്ചിയും വീണ്ടും വീണ്ടും ചൂടാക്കി കറുത്ത നിറമായ എണ്ണയുമാണ് രണ്ടാമത്തെ വില്ലൻ. ഇത്തരം എണ്ണയിൽ ഒമേഗ-6 ഫാറ്റ് അധികവും ശരീരത്തിൽ നീണ്ടകാലം നീണ്ടുനിൽക്കുന്ന ഇൻഫ്ലമേഷൻ ഉണ്ടാക്കും.
വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് ഇങ്ങനെ:
“ഒരു ഷവർമ കൊണ്ട് ഒന്നും സംഭവിക്കില്ല. എന്നാൽ ദിവസവും ഷവർമ കഴിക്കുന്ന ജീവിതശൈലി ഹൃദ്രോഗം, പ്രമേഹം, പലതരം ക്യാൻസറുകൾ എന്നിവ വളരുന്നതിനുള്ള വളക്കൂറുള്ള മണ്ണാണ് ഒരുക്കുന്നത്.”പ്രോസസ്ഡ് മീറ്റായ സോസേജ് ചേർക്കുന്നത് അന്താരാഷ്ട്ര ക്യാൻസർ ഗവേഷണ ഏജൻസി (IARC) ഗ്രൂപ്പ് 1 കാർസിനോജൻ ആയാണ് കണക്കാക്കുന്നത്, ഇത് കുടലിലെ ക്യാൻസറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
- അമിത ഉപ്പും കൊഴുപ്പും – കിഡ്നിക്ക് പണി
ഒരു സാധാരണ സ്ട്രീറ്റ് ഷവർമയിൽ ഉപ്പും കലോറിയും കൊഴുപ്പും വളരെ കൂടുതലും നാര് വളരെ കുറവുമാണ്. അമിത ഉപ്പ് രക്തസമ്മർദ്ദം കൂട്ടുകയും അത് വഴി കിഡ്നി രോഗങ്ങൾക്കും കാരണമാകും. അമിത കലോറി അമിതവണ്ണം, ഫാറ്റി ലിവർ, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കും വഴിവെക്കും.
എങ്ങനെ സുരക്ഷിതമായി കഴിക്കാം? ഡോക്ടർമാർ പറയുന്നത്
ഷവർമ പൂർണമായും ഒഴിവാക്കാൻ പറ്റില്ലെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക:
മയോണൈസ് ഒഴിവാക്കുക: മയോണൈസ് ഇല്ലാതെ, പച്ചക്കറികൾ കൂടുതൽ ചേർത്ത് കഴിക്കുക.
എണ്ണ ശ്രദ്ധിക്കുക: കറുത്ത് കരിഞ്ഞ എണ്ണയിൽ വറുത്തതാണോ എന്ന് നോക്കുക.
വൃത്തി: കടയുടെ വൃത്തി, ജീവനക്കാർ കയ്യുറ ഉപയോഗിക്കുന്നുണ്ടോ എന്ന് നോക്കുക.
അപൂർവ്വമായി മാത്രം: ദിവസവും കഴിക്കുന്ന ഭക്ഷണമാക്കരുത്, ഇടയ്ക്ക് ഒരിക്കൽ മാത്രം കഴിക്കുക.
ഒരു ഷവർമ 350 മുതൽ 600 കലോറി വരെയാണ്. അതായത് ഒരു നേരത്തെ ഭക്ഷണത്തേക്കാൾ കൂടുതൽ!


