ബ്യൂണസ് ഐറിസ്: ലയണൽ മെസ്സിയുടെ വികാരനിർഭരമായ വിടവാങ്ങൽ മത്സരത്തിന് പിന്നാലെ അർജന്റീന ഫുട്ബോൾ ടീമിനും സുരക്ഷാ വിഭാഗത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബെനിൻ പരിശീലകൻ ഗെർനോട്ട് റോർ. അർജന്റീനയ്ക്കെതിരായ ചരിത്രപരമായ മത്സരത്തിന് ശേഷം മെസ്സിയെയോ മറ്റ് അർജന്റീനിയൻ താരങ്ങളെയോ കാണാനോ, ജേഴ്സികൾ പരസ്പരം കൈമാറാനോ തങ്ങൾക്ക് അവസരം നൽകിയില്ലെന്ന് ബെനിൻ കോച്ച് അതൃപ്തിയോടെ വ്യക്തമാക്കി.
ബ്യൂണസ് ഐറിസിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന ബെനിനെ തകർത്തത്. എന്നാൽ മത്സര ശേഷം കളിക്കളത്തിന് പുറത്തുണ്ടായ സംഭവവികാസങ്ങളാണ് ബെനിൻ ക്യാമ്പിനെ നിരാശരാക്കിയത്.
“വളരെ പ്രയാസകരമായ അനുഭവമായിരുന്നു അത്. അർജന്റീനക്കാർ ഞങ്ങൾക്ക് ഒന്നും തന്നില്ല എന്നുള്ളത് മാത്രമാണ് ഏക സങ്കടം. മെസ്സിക്കൊപ്പം ഒരു ഫോട്ടോ എടുക്കാനോ, ഒരു ജേഴ്സി സ്വന്തമാക്കാനോ സാധിച്ചില്ല. സ്റ്റേഡിയത്തിലെ ടണലിലേക്കോ ഡ്രസ്സിംഗ് റൂമിലേക്കോ പോലും ഞങ്ങളെ കടത്തിവിട്ടില്ല.”എന്ന് ബെനിൻ പരിശീലകൻ ഗെർനോട്ട് റോർ വ്യക്തമാക്കി. ()
തങ്ങളുടെ കളിക്കാർ ജേഴ്സി മാറ്റാമെന്ന പ്രതീക്ഷയിൽ കാത്തുനിന്നെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ബെനിൻ താരങ്ങളെ തടയുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബെനിന്റെ പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള പൂച്ചെണ്ട് സമ്മാനമായി നൽകിയിട്ടും അനുകൂലമായ നിലപാടല്ല സംഘാടകരിൽ നിന്നുണ്ടായത്.
എങ്കിലും, തന്റെ കൈവശമുണ്ടായിരുന്ന 2018-ലെ മെസ്സിയുടെ പഴയൊരു ജേഴ്സി അർജന്റീന കോച്ച് ലിയോണൽ സ്കലോണിക്ക് നൽകിയെന്നും, അരമണിക്കൂറോളം കാത്തിരുന്ന ശേഷം സ്കലോണി അത് മെസ്സിയെക്കൊണ്ട് ഒപ്പിടുവിച്ച് തിരികെ നൽകിയതായും റോർ വെളിപ്പെടുത്തി.
നേരത്തെ, മെസ്സിയോടുള്ള ആദരസൂചകമായി മത്സരത്തിന്റെ പത്താം മിനിറ്റിൽ കളി അൽപ്പനേരം നിർത്തിവെച്ചിരുന്നു. ആ സമയത്ത് ബെനിൻ താരങ്ങൾ മെസ്സിയുടെ അടുത്തെത്തി ആശംസകൾ അറിയിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്തിരുന്നു.
കളത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി മെസ്സി നിറഞ്ഞുകളിച്ച മത്സരത്തിൽ നിക്കൊളാസ് ഒട്ടാമെൻഡി, നിക്കോ പാസ് എന്നിവരാണ് അർജന്റീനയ്ക്കായി മറ്റ് ഗോളുകൾ നേടിയത്. 3-0 ത്തിന്റെ തകർപ്പൻ ജയത്തോടെയാണ് ഇതിഹാസ താരം തന്റെ അന്താരാഷ്ട്ര കരിയറിന് തിരശ്ശീലയിട്ടത്.


