ഗസ്സയിലെ കുട്ടികളുടെ ചികിത്സയ്ക്കായി ഇറ്റലിയിലെ 17-ാം നൂറ്റാണ്ടിലെ തങ്ങളുടെ കുടുംബ കൊട്ടാരം വിറ്റ് ലഭിക്കുന്ന തുക മുഴുവന്‍ ‘ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്’ (എം.എസ്.എഫ്) നല്കാന് തീരുമാനിച്ച് 75 കാരിയായ യുജീനിയ ഗ്രാനിറ്റോ.
റോക്കിങ് ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ ‘അന്‍സ’യോടും ‘കോറിയറെ ഡെല്ല സെറ’ എന്ന പത്രത്തോടും സംസാരിക്കവെയാണ് താന്‍ ഈ തീരുമാനത്തിലേക്ക് എത്തിയതിനെ കുറിച്ച് യുജീനിയ സംസാരിച്ചത്. ഗസ്സയില്‍ പരിക്കേറ്റ ഫലസ്തീനി കുട്ടികളുടെ ദൃശ്യങ്ങളാണ് ഈ തീരുമാനത്തിന് പ്രധാന പ്രചോദനമായത്. ‘ഈ വീട് വിറ്റ് കിട്ടുന്ന തുക മുഴുവന്‍ ഗസ്സയിലെ കുട്ടികള്‍ക്കായി ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന് ഞാന്‍ നല്‍കും,’ യുജീനിയ പ്രഖ്യാപിച്ചു. വില്‍പ്പനയുടെ അന്തിമ നടപടിക്രമങ്ങള്‍ നടക്കുമ്പോള്‍ സംഘടനയുടെ പ്രതിനിധി സാന്നിധ്യമുണ്ടാകണമെന്നും ലഭിക്കുന്ന പണം കുട്ടികളുടെ ആരോഗ്യ പരിപാലന പദ്ധതികള്‍ക്കായി മാത്രമായി ഉപയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ ഇനിയും മരിച്ചുവീഴാതിരിക്കാന്‍ ഒരു ആശുപത്രിയോ മറ്റ് സൗകര്യങ്ങളോ നിര്‍മ്മിക്കാന്‍ ഈ തുക ഉപയോഗിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
തെക്കന്‍ ഇറ്റലിയിലെ സലെര്‍ണോ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന റോക്ക സിലന്റോയിലാണ് തലമുറകളായി ഗ്രാനിറ്റോ കുടുംബത്തിന്റേതായ ഈ കൊട്ടാരമുള്ളത്. 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പ്രധാന കൊട്ടാരവും വിശുദ്ധ ജോസഫിനായി സമര്‍പ്പിച്ചിട്ടുള്ള ഒരു ചാപ്പലും അടങ്ങുന്നതാണ് ഈ മന്ദിരം. ഗ്രാനിറ്റോ കുടുംബത്തിലെ മുന്‍ഗാമി പണിത ഈ ചാപ്പലിനെക്കുറിച്ച് 1751-ലെ ബിഷപ്പിന്റെ സന്ദര്‍ശന രേഖകളിലാണ് ആദ്യമായി രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ, 1949-ല്‍ യുജീനിയയുടെ പിതാവ് തന്റെ വിവാഹത്തോടനുബന്ധിച്ച് നട്ടുവളര്‍ത്തിയ വാള്‍നട്ട്, ചെറി, പേര്സിമണ് മരങ്ങള്‍ അടങ്ങിയ ഭംഗിയുള്ള ഒരു തോട്ടവും ഈ കൊട്ടാര വളപ്പിലുണ്ട്.
കൊട്ടാരം വില്ക്കാന് ചുമതലപ്പെടുത്തിയ റിയല്‍ എസ്റ്റേറ്റ് ഏജന്റായ ഫ്രാന്‍സെസ്കോ പിയോ വിഗ്ലിയോള സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ യുജീനിയ തന്റെ തീരുമാനത്തിന്റെ കാരണം വിശദീകരിച്ചു. ഇസ്രായേല്‍ ആക്രമണത്തില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള ഫലസ്തീന് കുട്ടികളുടെ ദയനീയ ദൃശ്യങ്ങളാണ് ഇത്തരമൊരു പടപടിയിലേക്ക് നയിച്ചതെന്ന് അവര്‍ പറഞ്ഞു.
തുക ഇറ്റലിയിലെ നിര്‍ദ്ധനര്‍ക്ക് നല്‍കാതെ എന്തുകൊണ്ട് ഗസ്സയിലേക്ക് നല്കുന്നു എന്ന ചോദ്യത്തിന്, ഗസ്സയിലെ കുഞ്ഞുങ്ങള്‍ നേരിടുന്ന ദുരിതത്തിന്റെ വ്യാപ്തിയും അവര്‍ക്ക് ഉടനടി ആവശ്യമായ വൈദ്യസഹായത്തിന്റെ പ്രാധാന്യവുമാണ് യുജീനിയ ചൂണ്ടിക്കാണിച്ചത്. തന്റെ നീണ്ട റിയല്‍ എസ്റ്റേറ്റ് ജീവിതത്തില്‍ ഇത്തരമൊരു ജീവകാരുണ്യ പ്രവര്‍ത്തനം ആദ്യമായി കാണുകയാണെന്ന് ഏജന്റ് വിഗ്ലിയോള മാധ്യമങ്ങളോട് പറഞ്ഞു. കുടുംബ ചരിത്രത്തോടും ഓര്‍മ്മകളോടും ചേര്‍ന്നുനില്‍ക്കുന്ന സ്വത്ത് വിറ്റ് അതൊരു വലിയ ദുരന്തത്തിലൂടെ കടന്നുപോകുന്ന കുട്ടികള്‍ക്കായി മാറ്റിവെച്ച അവരുടെ മനസ്സ് തന്നെ വികാരാധീനനാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


