2027 ഏകദിന ലോകകപ്പ് ടീമിൽ ഇടം നേടാൻ ഇന്ത്യൻ പേസർമാർക്കിടയിൽ കടുത്ത മത്സരം ഉണ്ടാവുമെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. അൻഷുൽ കാംബോജിനെ അവഗണിക്കരുതെന്നും അശ്വിൻ നിർദേശിച്ചു.
“മത്സരം വളരെ കടുപ്പമുള്ളതായിരിക്കും. ബുംറയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, സിറാജിനെ ഉൾപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന് നല്ല അനുഭവ പരിചയമുണ്ട്. പ്രസിദ്, ഗുർണൂർ എന്നിവർ തമ്മിൽ നോക്കുമ്പോൾ പ്രസിദിനാണ് നേരിയ മുൻതൂക്കം. അർഷ്ദീപും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അൻഷുലിനെ അവഗണിക്കരുത്. ലോകകപ്പ് ടീമിൽ ഇടം നേടാൻ ഇവരെല്ലാം കടുത്ത മത്സരത്തിലാണ്. ഒടുവിൽ ഇവരിൽ നിന്ന് ആരെ തെരഞ്ഞെടുക്കുമെന്ന് ടീം തീരുമാനിക്കേണ്ടി വരും” അശ്വിൻ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
ന്യൂസിലാൻഡിനെതിരെയുള്ള ഒന്നാം ഏകദിനത്തിലെ താരമായിരുന്നത് അൻഷുൽ ആയിരുന്നു. അൻഷുൽ കാംബോജ് രണ്ട് വിക്കറ്റുകളാണ് നേടിയത്. 10 ഓവറിൽ രണ്ട് മെയ്ഡൻ അടക്കം വെറും 22 റൺസ് മാത്രം വിട്ടുനൽകിയ കാംബോജ് ബൗളിങ്ങിൽ തിളങ്ങി.

2010 മുതലുള്ള കണക്കുകൾ പ്രകാരം ഏകദിനത്തിൽ ഒരു മത്സരത്തിൽ 10 ഓവർ പൂർത്തിയാക്കിയ താരങ്ങളിലെ ഏറ്റവും മികച്ച എക്കണോമിയാണ് കാംബോജിന്റേത്. 2016ൽ സിംബാബ്വെക്കെതിരെ ജസ്പ്രീത് ബുംറ നേടിയ ഇതേ എക്കണോമിക്കൊപ്പമാണ് കാംബോജ് എത്തിയിരിക്കുന്നത്. 2015ൽ വെസ്റ്റ് ഇൻഡീസിനെതിരെ 2.5 എക്കണോമിയിൽ പന്തെറിഞ്ഞ ഭുവനേശ്വർ കുമാറിനെയാണ് താരം മറികടന്നത്.


