കുട്ടികളും കൗമാരക്കാരും ഉൾപ്പെടുന്ന അക്രമസംഭവങ്ങളും കൊലപാതകങ്ങളും വാഹനാപകടങ്ങളും ആത്മഹത്യാശ്രമങ്ങളും തുടർച്ചയായി വാർത്തകളിൽ ഇടംപിടിക്കുമ്പോൾ സമൂഹം ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്. ചെറിയ തർക്കങ്ങൾ പോലും അക്രമത്തിലേക്ക് വഴിമാറുന്നതും ദേഷ്യം നിയന്ത്രിക്കാനാകാതെ അപകടകരമായ തീരുമാനങ്ങളെടുക്കുന്നതും എന്തുകൊണ്ടാണ്? അറിവും ജീവിതമൂല്യങ്ങളും നേടേണ്ട പ്രായത്തിൽ കുട്ടികൾ ഇത്തരം പ്രവണതകളിലേക്ക് എത്തുന്നതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ്?
കുടുംബാന്തരീക്ഷം, സുഹൃദ്‌വലയം, സ്കൂൾ ജീവിതം, മാനസിക സമ്മർദം, ഒറ്റപ്പെടൽ, ലഹരി ഉപയോഗം തുടങ്ങി നിരവധി ഘടകങ്ങൾ കുട്ടികളുടെ പെരുമാറ്റത്തെ സ്വാധീനിക്കാം. സിനിമകളും സോഷ്യൽ മീഡിയയും ഡിജിറ്റൽ ഉള്ളടക്കങ്ങളും ഇതിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്നതും പരിശോധിക്കേണ്ടതുണ്ട്. എന്നാൽ സിനിമയെയോ ഡിജിറ്റൽ ലോകത്തെയോ കുറ്റപ്പെടുത്തുന്നതല്ല പരിഹാരം. അവയെല്ലാം കുട്ടികളുടെ സർഗാത്മകതയും കഴിവുകളും പ്രകടിപ്പിക്കാനുള്ള വലിയ സാധ്യതകളാണ്. ഇവയിലെ ഉള്ളടക്കം, സാങ്കേതിക മികവ് എന്നിവ തിരിച്ചറിയാനും ഡിജിറ്റൽ ലോകത്തെ അറിവിനും ക്രിയാത്മകതയ്ക്കുമായി ഉപയോഗിക്കാനും കുട്ടികൾ പഠിക്കണം.
ഇവിടെയാണ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വം. കുട്ടികൾക്ക് സ്വാതന്ത്ര്യം നൽകുന്നതിനൊപ്പം പ്രായത്തിനും തിരിച്ചറിവിനും അനുസരിച്ചുള്ള മാർഗനിർദേശവും ആവശ്യമാണ്. അവരുടെ താൽപര്യങ്ങളും സൗഹൃദങ്ങളും പെരുമാറ്റത്തിലെ മാറ്റങ്ങളും ശ്രദ്ധിക്കണം. ദേഷ്യം നിയന്ത്രിക്കാനും പരാജയങ്ങളെ നേരിടാനും മറ്റുള്ളവരുടെ വികാരങ്ങളെയും ജീവനെയും വിലമതിക്കാനും ചെറുപ്പം മുതൽ പഠിപ്പിക്കണം. ശകാരത്തിലൂടെയും അമിത നിയന്ത്രണത്തിലൂടെയുമല്ല, തുറന്ന സംഭാഷണത്തിലൂടെയും വിശ്വാസത്തിലൂടെയുമാകണം ഇത് സാധ്യമാക്കേണ്ടത്.
സ്കൂളുകളിൽ പാഠപുസ്തക അറിവിനൊപ്പം വൈകാരിക വിദ്യാഭ്യാസത്തിനും ജീവിതനൈപുണികൾക്കും പ്രാധാന്യം നൽകണം. ലഹരിവിരുദ്ധ ബോധവത്കരണത്തിനൊപ്പം അക്രമപ്രവണതകൾ, ഡിജിറ്റൽ ലോകത്തെ ഉത്തരവാദിത്വപരമായ ഉപയോഗം, മാനസികാരോഗ്യം, അഭിപ്രായവ്യത്യാസങ്ങൾ സമാധാനപരമായി പരിഹരിക്കൽ തുടങ്ങിയ വിഷയങ്ങളിലും കുട്ടികൾക്ക് താൽപര്യത്തോടെ പങ്കെടുക്കാവുന്ന ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം. കല, കായികം, വായന, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ അവരുടെ കഴിവുകൾ കണ്ടെത്തി വളർത്താനുള്ള അവസരങ്ങളും ഒരുക്കണം.
കുട്ടികളെ നല്ല മാർക്ക് നേടുന്നവരായി മാത്രം വളർത്തിയാൽ പോരാ. സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനും തെറ്റും ശരിയും തിരിച്ചറിയാനും മറ്റുള്ളവരുടെ ജീവനെ വിലമതിക്കാനും കഴിവുള്ള മനുഷ്യരായി അവർ വളരണം. കുട്ടികളെ മാറ്റിയെടുക്കേണ്ടത് അവരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിയല്ല, ആ സ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാൻ പഠിപ്പിച്ചുകൊണ്ടാണ്. അടുത്ത തലമുറയുടെ സുരക്ഷിതമായ വളർച്ച കുടുംബത്തിന്റെയും വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്വമാണ്.


